രാജ്യാന്തര ചലച്ചിത്ര മേളയില്‍ അഞ്ചുനിശബ്ദ ക്ലാസികുകള്‍, അകമ്പടിയായി തത്സമയസംഗീതം

Cinema Kerala

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദ്യമായി തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ചു നിശ്ശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്, സൗത്ത് ബാങ്ക് തിയേറ്ററിലെ പിയാനിസ്റ്റ് ജോണി ബെസ്റ്റാണ് നിശ്ശബ്ദചിത്രങ്ങളുടെ പ്രദര്‍ശനത്തിനിടെ തത്സമയം പശ്ചാത്തല സംഗീതമൊരുക്കുന്നത്.

ഹോളിവുഡില്‍ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ആദ്യ മില്യണ്‍ ഡോളര്‍ ചിത്രമായ ഫൂളിഷ് വൈവ്‌സ്, എഫ് ഡബ്ല്യു മുര്‍ണോവിന്റെ നിശ്ശബ്ദ ഹൊറര്‍ ചിത്രം നോസ്‌ഫെറാറ്റു, ജര്‍മന്‍ റൊമാന്റിക് ചിത്രം ദ വുമണ്‍ മെന്‍ യേണ്‍ ഫോര്‍, എക്കാലത്തെയും മികച്ച സ്വീഡിഷ് ചിത്രമായി നിരൂപകര്‍ വിലയിരുത്തുന്ന ദ ഫാന്റം കാര്യേജ്, തിയോഡര്‍ ഡ്രയറുടെ ഹൊറര്‍ കോമഡി ദ പാര്‍സണ്‍സ് വിഡോ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ധനമോഹിയായ ആള്‍മാറാട്ടക്കാരന്റെ കഥയാണ് എറിക് വോണ്‍ സ്‌ട്രോഹെയിമിന്റെ ഫൂളിഷ് വൈവ്‌സ് എന്ന ചിത്രം പ്രമേയമാക്കുന്നത്. ബ്രാം സ്‌റ്റോക്കറിന്റെ ഡ്രാക്കുളയുടെ ആദ്യ ചലച്ചിത്ര രൂപമാണ് നൂറ്റാണ്ടു പിന്നിടുന്ന നോസ്‌ഫെറാറ്റു. ഹെന്റി, സ്റ്റാഷ എന്നിവരുടെ ജീവിതമാണ് കര്‍ട്ടിസ് ബേണ്‍ഹാര്‍ഡ്റ്റിന്റെ ദ വുമണ്‍ മെന്‍ യേണ്‍ ഫോറിന്റെ ഇതിവൃത്തം.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതവുമായി കുസ്റ്റുറിക്കന്‍ ചിത്രങ്ങള്‍

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം സെര്‍ബിയന്‍ സിനിമകളിലൂടെ ചിത്രീകരിച്ച എമിര്‍ കുസ്റ്റുറിക്കയുടെ നാലു വിഖ്യാത ചിത്രങ്ങള്‍ രാജ്യാന്തര മേളയില്‍ പ്രദര്‍ശിപ്പിക്കും. ഫ്രഞ്ച് ദേശീയ പുരസ്‌കാരമായ സിസാര്‍ നേടിയ ലൈഫ് ഈസ് മിറക്കിള്‍, കാന്‍, വെനീസ് മേളകളില്‍ മികച്ച ചിത്രമായ അണ്ടര്‍ഗ്രൗണ്ട്, ബ്ലാക്ക് ക്യാറ്റ് വൈറ്റ് ക്യാറ്റ്, പ്രോമിസ് മീ ദിസ് എന്നീ ചിത്രങ്ങളാണ് മേളയിലെ കയോസ് ആന്‍ഡ് കണ്‍ട്രോള്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

രണ്ടാം ലോക യുദ്ധം മുതല്‍ യുഗോസ്ലോവിയന്‍ യുദ്ധത്തിന്റെ തുടക്കം വരെയുള്ള കാലഘട്ടത്തിന്റെ ചരിത്രം രണ്ടു സുഹൃത്തുക്കളുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി അവതരിപ്പിക്കുകയാണ് ഈ വിഭാഗത്തിലെ അണ്ടര്‍ഗ്രൗണ്ട്. ജിപ്‌സി ജീവിതത്തിന്റെ വൈവിധ്യങ്ങളെ അവതരിപ്പിച്ച ബ്ലാക്ക് ക്യാറ്റ് വൈറ്റ് ക്യാറ്റ്, ബോസ്‌നിയന്‍ യുദ്ധം പ്രമേയമാക്കിയ ചിത്രം ലൈഫ് ഈസ് മിറക്കിള്‍, പ്രോമിസ് മീ ദിസ് എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ചിത്രങ്ങള്‍.

1 thought on “രാജ്യാന്തര ചലച്ചിത്ര മേളയില്‍ അഞ്ചുനിശബ്ദ ക്ലാസികുകള്‍, അകമ്പടിയായി തത്സമയസംഗീതം

Leave a Reply

Your email address will not be published. Required fields are marked *