പ്രമുഖ കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ പ്രൊഫസര്‍ യു ആര്‍ അനന്തമൂര്‍ത്തിയുടെ ഒമ്പതാം ചരമവാര്‍ഷികമാണ് കടന്നുപോയത്. 2014 ഓഗസ്റ്റ് 22 നായിരുന്നു അദേഹത്തിന്റെ വിയോഗം. കന്നഡ സാഹിത്യത്തിലെ നവ്യ പ്രസ്ഥാനത്തിന്റെ വക്താവായി അറിയപ്പെട്ടിരുന്ന അനന്തമൂര്‍ത്തി മഹാത്മാ ഗാന്ധി സര്‍വ്വകലാശാല വൈസ് ചന്‍സലറായും സേവനമനുഷ്ടിച്ചിരുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഗൗരവമുള്ള സ്വാധീനം ചെലുത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ചെറുകഥകള്‍, നോവലുകള്‍, നാടകങ്ങള്‍, കവിതകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെതായുണ്ട്. എതാണ്ടെല്ലാ ഗ്രന്ഥങ്ങളും മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ‘സംസ്‌കാര ‘ യെന്ന നോവല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സാറിനൊപ്പം പ്രവര്‍ത്തിക്കാനവസരം ലഭിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ കെ സുരേന്ദ്രന്‍ അനന്തമൂര്‍ത്തി സാറിനെ ഓര്‍ക്കുന്നു.
“അനന്തമൂര്‍ത്തി സാറിനോടൊപ്പം ചിലവഴിച്ച ദിനങ്ങള്‍ അവിസ്മരണീയമാണ്. വിഖ്യാതമായ അനന്തമൂര്‍ത്തി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണത്തിനും ചില പ്രഭാഷണങ്ങള്‍ക്കുമായി തിരുവനന്തപുരത്തെത്തിയതായിരുന്നു അദ്ദേഹം. രണ്ടു ദിവസവും ഞങ്ങളൊന്നിച്ചായിരുന്നു. അദ്ദേഹത്തിന് അന്ന് രോഗം തുടങ്ങിയിരുന്നു. മരുന്നുകള്‍ കഴിക്കുന്നതല്ലാതെ പ്രത്യേകിച്ച് നിബന്ധനകളൊന്നും സാറ് പാലിച്ചിരുന്നില്ല. ഞങ്ങള്‍ ധാരാളം സംസാരിച്ചു. രാഷ്ട്രീയം, ദളിത് ജീവിതാവസ്ഥ ഒക്കെ വിഷയമായി. മുത്തങ്ങ സമരവും ആദിവാസി ജീവിതവും വിശദമായി ചര്‍ച്ച ചെയ്തു. അതിനിടെ എനിക്കേറ്റ പൊലീസ് പീഡനത്തെക്കുറിച്ചദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. സാന്ത്വന വചസുകളാല്‍ എന്നെ തലോടി. അടിയന്തിരാവസ്ഥയിലെ അനുഭവങ്ങള്‍ സവിസ്തരം പ്രതിപാദിച്ചു. ആവര്‍ത്തനോത്സുകമായ അനുഭവം നല്‍കിയ അനന്തമൂര്‍ത്തി സാറിന്റെ മധുരതരവും ദീപ്തവുമായ സ്മരണ ഉള്ളില്‍ ജ്വലിക്കുന്നു. സ്‌നേഹ സാഹോദര്യം നിറഞ്ഞ മധുരോദാരമായ ആ പുഞ്ചിരി മനസ്സില്‍ നിറയുന്നു.
മറ്റൊരിക്കല്‍ തിരുവനന്തപുരത്ത് പാഠപുസ്തക രചനാശില്പശാലയില്‍ പങ്കെടുത്തപ്പോഴും രസകരമായ അനുഭവമുണ്ടായി. ഞാനന്ന് അപ്പര്‍ പ്രൈമറി ക്ലാസുകളിലേക്കുള്ള മലയാളം പാഠപുസ്തക രചനയിലായിരുന്നു ഏര്‍പ്പെട്ടിരുന്നത്. സമാന്തരമായി കന്നട പുസ്തക രചനയും നടന്നിരുന്നു. എനിക്ക് പരിചയമുള്ള കാസര്‍ഗോഡുകാരായ അധ്യാപകരായിരുന്നു അതില്‍ പങ്കെടുത്തിരുന്നത്. മലയാളം പാഠപുസ്തകത്തിലെ സാഹിത്യമുള്‍പ്പെടെ കന്നഡയിലേക്ക് തര്‍ജ്ജമ ചെയ്യുന്നതു കണ്ടപ്പോള്‍ അവരോട് ഞാന്‍ ഒരു സംശയം ചോദിച്ചു, ‘കന്നഡയില്‍ നല്ല സാഹിത്യമുണ്ടല്ലോ നിങ്ങള്‍ക്കതില്‍ നിന്നെടുത്താല്‍ പോരേ’ എന്ന്. അവരിലൊരാളായ ഗുരുമൂര്‍ത്തി (കക്ഷി ബ്രാഹ്മണനാണ് ) എന്നോട് പറഞ്ഞു കന്നഡത്തില്‍ നല്ല കൃതികള്‍ കുറവാണെന്ന്. ഞാന്‍ വിട്ടുകൊടുത്തില്ല. അനന്തമൂര്‍ത്തിയും ശ്രീകൃഷ്ണ ആലനഹള്ളിയുമൊക്കെ ഇല്ലേ എന്ന് ഞാന്‍ അയാളോട് ചോദിച്ചു. ഗുരുമൂര്‍ത്തിയുടെ മറുപടി അക്ഷരാര്‍ത്ഥത്തില്‍ തന്നെ എന്നെ ഞെട്ടിച്ചു. രോഷാകുലനായാണ് ഗുരുമൂര്‍ത്തി ഈ സംഭാഷണത്തിന്റെ അവസാന ഭാഗം പൂര്‍ത്തിയാക്കിയത്.
‘ദളിത് സ്ത്രീയുടെ വീട്ടില്‍ താമസിച്ച ബ്രാഹ്മണന്റെ കഥ പറഞ്ഞ അനന്തമൂര്‍ത്തിയുടെ സാഹിത്യമൊന്നും പാഠപുസ്തകത്തില്‍ പറ്റില്ല’ എന്നലറുന്നതു പോലെ പറഞ്ഞ് അവിടെ നിന്നും പോയി. തന്റെ ജീവിതം കൊണ്ട് ബ്രാഹ്മണ മൂല്യങ്ങളെ തകര്‍ത്തെറിഞ്ഞ മഹാനുഭാവനായിരുന്നു യു ആര്‍ അനന്തമൂര്‍ത്തി. അതുകൊണ്ടാണ് മരണക്കിടക്കയിലും സംഘ പരിവാരത്തെ വെല്ലുവിളിക്കാനുള്ള ആര്‍ജ്ജവം അദ്ദേഹം കാണിച്ചത്.”