ചിന്ത / എസ് ജോസഫ്
ശിക്ഷയുടെ ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും: കഠിനവും ക്രൂരവുമായ ശിക്ഷകളായിരുന്നു മുമ്പ്. ശരീരത്തിന്റെ ഇരുവശത്തും കുതിരകളെ കെട്ടി വലിച്ചു കീറുക. ആനയെക്കൊണ്ട് തല ചവിട്ടിത്തെറിപ്പിക്കുക. വിഷം കുടിപ്പിക്കുക, ശൂലത്തില്‍ കയറ്റുക. കഴുവില്‍ കയറ്റുക , കുരിശുമരണം വിധിക്കുക . ഇതൊന്നും ഇന്നില്ല. ലോകത്ത് ശിക്ഷയുടെ കാര്യത്തില്‍ ഏറ്റവും വലിയ അട്ടിമറി നടന്നത് കുരിശുമരണത്തിന്റെ കാര്യത്തിലാണ്.
ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്പാണത്. ക്രിസ്തുവിന് ശേഷവും കുരിശുമരണം വിധിച്ചിരുന്നു. പിന്നീട് നാം കാണുന്നത് കുരിശ് വന്ദ്യമായി മാറുന്നതും ലോകം മുഴുവനും പ്രാര്‍ത്ഥിക്കുന്ന ഒരു ഐക്കണ്‍ ആകുന്നതുമാണ്. എന്നാല്‍ അതിഭീകരമായ ശിക്ഷകള്‍ ഇപ്പോഴും തുടരുന്നു. ഗൊണ്ടാനാമോ ഒരു ഉദാഹരണമാണ്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ അനീതിയാണ്. പരമാധികാരത്തിന്റെ നിലനിലനില്‍പ്പിനുള്ള അതിക്രൂരമായ ശിക്ഷകള്‍ ആണ് റഷ്യ ഉെ്രെകന്റെ മേല്‍ അടിച്ചേല്പിച്ചതും തുടര്‍ന്ന് ഇസ്രായേല്‍ പാലസ്തീന്റെ മേല്‍ അടിച്ചേല്പിച്ചതും. അമേരിക്കയുടെ ശിങ്കിടിയാണ് ഇസ്രായേല്‍ . ശ്രീലങ്കയില്‍ ഘഠഠ യ്ക്ക് സംഭവിച്ചതുപോലുള്ള നിര്‍മൂലനം ആണ് ഹമാസിനെ കാത്തിരിക്കുന്നത് എന്ന് തോന്നുന്നു. എന്നാലും ഇസ്രായേലിനുള്ളത് അളന്നു കിട്ടും. ഇന്ത്യന്‍ സമൂഹം കൂടുതല്‍ സ്വാതന്ത്ര്യമുള്ള രാജ്യമാണ് എന്നു പറയാം. പക്ഷേ പൗരന്മാരുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം ഇല്ല. പൗരന്മാര്‍ക്ക് ചുമതലകള്‍ ഉണ്ടാവണം താനും.
സാമൂഹ്യ സുരക്ഷ കുറഞ്ഞ ഒരു രാജ്യം. ആരോഗ്യപരിപാലനം , തൊഴില്‍ , വിദ്യാഭ്യാസം, സ്ത്രീ പുരുഷ തുല്യത എന്നീ മേഖലകളില്‍ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. പരമാധികാരത്തിനു കീഴില്‍ ബയര്‍ ലൈഫ് അനുഭവിക്കുന്ന സമൂഹം ഇവിടുണ്ട് എന്ന് അഗംബനെ വച്ചു പറയാം. അഹിംസ എന്നത് ഒരു തത്വചിന്തയായി ലോകത്തിന് സംഭാവന ചെയ്തത് ഇന്ത്യയാണ്. ബൈബിള്‍ പഴയ നിയമത്തിലുണ്ടെങ്കിലും ക്രിസ്തുപറഞ്ഞെങ്കിലും അതൊന്നും പശ്ചാത്യ ജനതയോ പശ്ചിമേഷ്യന്‍ സമൂഹങ്ങളോ അറേബ്യന്‍ ആഫ്രിക്കന്‍ ചൈനീസ് ജനതയോ ഒന്നും അംഗീകരിച്ചില്ല . നിസാരമാണ് അഹിംസ എങ്കിലും അതനുസരിച്ച് ജീവിക്കുക പ്രയാസമാണ്. മനുഷ്യന്റെ ഉള്ളില്‍ പരസ്പരം കൊല്ലാനുളള വാസനയുണ്ട്.
കലകളും സാഹിത്യവുമാണ് അതിനെ ഒരു പരിധിവരെ നിയന്ത്രിക്കുന്നത്. മതങ്ങളിലെ ആശയങ്ങള്‍ക്കും പങ്കുണ്ടാകാം. പക്ഷേ മനുഷ്യന്‍ ഒരു വികാരജീവിയാണ്. ദേഷ്യവും വികാരക്ഷോഭവും കൂടി മനുഷ്യന്‍ അന്ധനാകുന്നു . ചിന്തയില്ലാതെ പോകുന്നു. സഹോദരന്‍ , അമ്മ , അച്ഛന്‍ , ഭാര്യ പിഞ്ചുകുഞ്ഞുങ്ങള്‍ ഒക്കെ കൊല്ലപ്പെടുന്നു. ഈ ദരിദ്ര രാജ്യത്ത് ലോകത്തിലെ ഏറ്റവും സമ്പന്നരും ഉണ്ട്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുളള അന്തരം വലുതാണ്. അവിടെയാണ് കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നത്. പൊതുവില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാലേ കുറ്റകൃത്യങ്ങള്‍ കുറയുകയുള്ളു. ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന മനുഷ്യര്‍ ഇന്ത്യന്‍ സമൂഹത്തിലുണ്ട്. അധോലോകവും പ്രവര്‍ത്തിക്കുന്നു.
കുറ്റവാളികളായി പിടിക്കപ്പെടുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനാണ് ശ്രമിക്കേണ്ടത്. ( ഫൂലന്‍ ദേവിയെ പോലെ അവര്‍ക്കൊരു ജീവിത പശ്ചാത്തലം ഉണ്ടാകാം. ) അതിനുളള പദ്ധതികള്‍ ഗവണ്‍മെന്റ് ആവിഷ്‌കരിക്കണം. അഹിംസ എന്ന വാക്ക് ശ്രദ്ധിച്ചാല്‍ അത് ഹിംസയെ നിഷേധിക്കുന്നതായി മനസിലാക്കാം. ഹിംസയുടെ നിഷേധമാണ് അഹിംസ. അത് ഒരു ഫിലോസഫിക്കല്‍ വീക്ഷണമാണ്. നല്ലവരായ ധാരാളം മനുഷ്യര്‍ ഈ ലോകത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. അങ്ങനെയൊരു ലോകമാണിത്. നന്മകള്‍ തിന്മകളാകുകയും തിന്മ ചെയ്തവര്‍ ആരാധിക്കപ്പെടുകയും ചെയ്യുന്ന ലോകം. കൊലപാതകികള്‍ എല്ലാവരും മാനസാന്തരപ്പെടുകയില്ല. എന്നാലും കൊലപാതകത്തിന്റെ ശിക്ഷ കൊലപാതകം അല്ല. മാനസാന്തരപ്പെടാനുള്ള അവസരം ഒരാള്‍ക്കും നിഷേധിക്കരുത്. കാരണം കുറ്റങ്ങള്‍ മനുഷ്യസഹജമാണ്.