കോഴിക്കോട്: ലഹരിക്കെതിരെ കോഴിക്കോട്‌സിറ്റി പൊലീസും കോണ്‍ഫെഡറേഷന്‍ ഓഫ് റസി. അസോസിയേഷന്‍സ് ചേവായൂരും സംയുക്തമായി ഒരുക്കിയ ഷോര്‍ട്ട് ഫിലിം ‘എന്റെ മോന്‍ അത് ചെയ്യില്ല സാര്‍’ പ്രദര്‍ശനോദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. ലഹരിമുക്ത കേരളമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഇതിനായി സമൂഹം കൈകോര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. കവി പി കെ ഗോപി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ലഹരി എവിടെ നിന്നാണ് വരുന്നത് എന്നറിയാതെ എങ്ങനെ പോരാട്ടം നടത്തുമെന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പി എച്ച് താഹ അധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പി എം ഫയാസ്( ക്രസന്റ് ഫുട്ബാള്‍ അക്കാദമി), എ എസ് ഐ മിനി (ഇന്റര്‍നാഷനല്‍ ഗോള്‍ഡ് മെഡല്‍ ജേതാവ് പഞ്ചഗുസ്തി), ധനീഷ് എം സി (ചേവായൂര്‍ പൊലീസ്, നാഷണല്‍ വെള്ളി മെഡല്‍ ജേതാവ് പഞ്ചഗുസ്തി), എം ആര്‍ രമ്യ(ചേവായൂര്‍ പൊലീസ്, ജീവകാരുണ്യ പ്രവര്‍ത്തനം) എന്നിവര്‍ക്ക് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉപഹാരങ്ങള്‍ നല്‍കി.
വാര്‍ഡ് കൗണ്‍സിലര്‍മാരായ ടി കെ ചന്ദ്രന്‍, ഫെനിഷ കെ സന്തോഷ്, അസി. പൊലീസ് കമീഷണര്‍ കെ സുദര്‍ശന്‍, ഗായിക സിബല്ല സദാനന്ദന്‍, എസ് എച്ച് ഒ കെ കെ ബിജു, അഡ്വ. കെ പുഷ്പാംഗദന്‍, പി എസ് എം പ്രസിഡന്റ് ഗണേഷ് ഉള്ളൂര്‍, എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സ് ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ പി പി റഷീദ് അലി തുടങ്ങിയവര്‍ സംസാരിച്ചു. ഷോര്‍ട്ട് ഫിലിം സംവിധായകന്‍ സി പ്രദീഷ് കുമാര്‍ സ്വാഗതവും വി ആര്‍ സത്യേന്ദ്രനാഥ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗായകരായ ഷാജഹാന്‍, അമീര്‍ അമ്മോത്ത് എന്നിവരുടെ നേതൃത്വത്തില്‍ സംഗീതവിരുന്ന് അരങ്ങേറി. സി പ്രദീഷ് കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയുടെ കാമറ ശശി കാവുംമന്ദമാണ് നിര്‍വഹിച്ചത്. പി എച്ച് താഹയാണ് നിര്‍മാണം. എം എം മഠത്തില്‍, അടിമാലി രാജന്‍, നിദിന്യ അസി. കമീഷണര്‍ കെ സുദര്‍ശന്‍ തുടങ്ങിയവര്‍ വേഷമിടുന്നു. കൈതപ്രത്തിന്റെതാണ് ഗാനം. സിബല്ല സദാനന്ദന്‍, മണ്ണൂര്‍ പ്രകാശ് എന്നിവരാണ് ഗാനാലാപനം.