താമരശ്ശേരി: പാനൂർ സ്ഫോടനത്തെ സംബന്ധിച്ച റിമാൻഡ് റിപ്പോർട്ട് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് കാലത്ത് വലിയ സ്ഫോടനം ലക്ഷ്യം വെച്ചുള്ള ബോംബ് നിർമ്മാണ കേസ് അന്വേഷണത്തിന് സർക്കാർ തടസമുണ്ടാക്കുന്നുവെന്നും താമരശ്ശേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ബോംബ് നിർമ്മാണത്തിൽ ഉന്നതരായ സിപിഎം നേതാക്കൾ കുടുങ്ങുമെന്നായപ്പോൾ അന്വേഷണത്തിന് തടയിടാനാണ് ശ്രമം. ആർഎസ്എസ്- ബിജെപി നേതാക്കളെ വധിക്കാൻ തീരുമാനിച്ചാണ് ബോംബ് നിർമ്മിച്ചത്. സിപിഎം നേതാക്കൾ പ്രതികളുടെ വീട്ടിൽ പോയത് സംഭവത്തിലെ രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാക്കുന്നതാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായി ഇടപെടണം.
കമ്മീഷൻ്റെ കൂടി പരിഗണനയിലുള്ള വിഷയമാണ് ഇത്. വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണം. ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നാണ് ബിജെപിയുടെ ആവശ്യം. കെ.ടി ജയകൃഷ്ണനും പന്ന്യനൂർ ചന്ദ്രനും ഉൾപ്പെടെ ബിജെപിയുടെ സംസ്ഥാന നേതാക്കൾ കൊല്ലപ്പെട്ട പ്രദേശമാണിത്. തീവ്ര മുസ്ലിം സംഘടനകളുടെ പിന്തുണ നേടാനുള്ള നീക്കമാണ് നടന്നത്. സംഭവത്തിൽ ബോംബ് നിർമ്മാണ വിദഗ്ധൻമാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തണം.
ആറ്റിങ്ങലിൽ വി.മുരളീധരൻ്റെ പ്രചരണ ജാഥയ്ക്ക് നേരെ സിപിഎം അക്രമമുണ്ടായത് ഇതുമായി ബന്ധപ്പെട്ടാണോയെന്ന് സംശയിക്കണം. മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകരാണ് പ്രതികൾ. ബോംബ് നിർമ്മാണം സംസ്ഥാനം മുഴുവൻ സംഘർഷമുണ്ടാക്കാൻ വേണ്ടിയാണോ? എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ പാനൂർ കേസ് ഏൽപ്പിക്കണം. കണ്ണൂർ സംഘർഷം പരിചയമുള്ള ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
എകെ ആൻ്റണിയെ ലക്ഷ്യം വെച്ചുള്ള നീക്കമാണ് ഇപ്പോൾ കോൺഗ്രസിൽ നടക്കുന്നത്. കോൺഗ്രസിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിൽ. ആൻ്റണി പ്രതിരോധമന്ത്രിയായ കാലത്ത് ഇങ്ങനെയൊക്കെ നടന്നുവെന്നാണ് ഇവർ പറയുന്നത്. ഒരു വ്യാഴവെട്ടത്തിന് ശേഷമാണ് ഈ ആരോപണം ഉയർത്തുന്നത്. കെ.കരുണാകരനും ആൻ്റണിക്കുമെതിരെ കുറച്ചു കാലമായി മ്ലേച്ചമായ പ്രചരണമുണ്ടാകുന്നു. എൻഡിഎ സ്ഥാനാർത്ഥികളെ വ്യക്തിപരമായി ആക്രമിക്കുകയാണ്. പൊന്നാനിയിലും കൊല്ലത്തും ആറ്റിങ്ങലിലും കായികപരമായ ആക്രമണത്തിന് ശ്രമമുണ്ടായി. അനിൽ ആൻ്റണിയെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
സുൽത്താൻ ബത്തേരിയുടെ ആദ്യത്തെ പേര് ഗണപതിവട്ടമെന്നാണ്. ടിപ്പു സുൽത്താൻ്റെ അധിനിവേശത്തിന് ശേഷമാണ് സുൽത്താൻ്റെ ആയുധപുര എന്ന അർത്ഥം വരുന്ന സുൽത്താൻ ബാറ്ററി അഥവ സുൽത്താൻ ബത്തേരി എന്ന പേര് വന്നത്. കോൺഗ്രസും സിപിഎമ്മും അധിനിവേശത്തെ പിന്തുണയ്ക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.