സിനിമ സീരിയല്‍ താരം അപര്‍ണയുടെ ആത്മഹത്യക്ക് കാരണം കുടുംബ കലഹമെന്ന് പൊലീസ്

Kerala

തിരുവനന്തപുരം: സിനിമ സീരിയര്‍ നടി അപര്‍ണ നായരുടെ ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്‌നങ്ങളായിരിക്കാമെന്ന നിഗമനത്തില്‍ പൊലീസ്. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളില്‍ അപര്‍ണ തൂങ്ങി മരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.

മരിക്കുന്നതിന് തൊട്ടുമുമ്പും അപര്‍ണ സന്തോഷകരമായ നിമിഷങ്ങളാണ് സൈബര്‍ ഇടങ്ങളില്‍ പങ്കുവെച്ചിരുന്നത്. ഇളയമകളുടെ മുഖമുള്ള പോസ്റ്റാണ് അപര്‍ണ അവസാനമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്. നിരവധി സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അപര്‍ണ സോഷ്യല്‍ മീഡിയിലും സജീവമായിരുന്നു. കുടുബത്തോടൊപ്പമുള്ള വീഡിയോ പങ്കുവയ്ക്കാറുണ്ടായിരുന്ന അപര്‍ണ അവസാനം പങ്കുവെച്ചത് വിഷാദം പങ്കുവയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു. അപര്‍ണയുടെയും സഞ്ജിതിന്റേയും രണ്ടാം വിവാഹമായിരുന്നു. അപര്‍ണയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. നാല് വര്‍ഷം മുമ്പായിരുന്നു സഞ്ജിതുമായുള്ള വിവാഹം. ഈ വിവാഹത്തില്‍ ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ഒരു മകളാണുള്ളത്.

അപര്‍ണയുമായി ഭര്‍ത്താവ് മാസങ്ങള്‍ക്ക് മുമ്പ് പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് സഹോദരി കരമന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പല പ്രാവശ്യം ആത്മഹത്യ ചെയ്യുമെന്ന് ബന്ധുക്കളെ വിളിച്ച് അപര്‍ണ അറിയിക്കുകയും ചെയ്തിരുന്നുവത്രെ. ഇന്നലെ വൈകുന്നേരവും അമ്മയെ വിളിച്ച് വിഷമങ്ങള്‍ പറഞ്ഞ ശേഷമാണ് അപര്‍ണ ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.