കുതിച്ചു പായാന്‍ പുതിയ പദ്ധതി; ട്രെയിനുകള്‍ക്ക് വേഗ വര്‍ദ്ധിപ്പിക്കാനുള്ള നീക്കവുമായി റെയില്‍വെ

Kerala News

കോഴിക്കോട്: ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന കെ-റെയില്‍ പദ്ധതി മരവിപ്പിച്ചെങ്കിലും സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അതേ വേഗത്തില്‍ കേരളത്തിലൂടെ അടുത്ത് തന്നെ ട്രെയിനുകള്‍ ഓടിത്തുടങ്ങും. സില്‍വര്‍ ലൈനിന് പൂട്ടിട്ട റെയില്‍വേ മന്ത്രാലയമാണ് അതിന് പകരമായി കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

മണിക്കൂറില്‍ 130 മുതല്‍ 160 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരളത്തിലെ പാളങ്ങളില്‍ ട്രെയിന്‍ ഓടിക്കാനാണ് ദക്ഷിണ റെയില്‍വേ തീരുമാനിച്ചിട്ടുള്ളത്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത ഉണ്ടാകുമെന്നാണ് പദ്ധതി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതെങ്കിലും പ്രായോഗികമായി 160 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ ഓടിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കെ-റെയില്‍ അധികൃതര്‍ തന്നെ സമ്മതിച്ചിരുന്നു. അതിന് സമാനമായ രീതിയിലാണ് കേരളത്തിലൂടെ ഓടുന്ന ട്രെയിനിന്റെ വേഗത കൂട്ടാന്‍ തീരുമാനിച്ചിട്ടുള്ളത്.

2025 മാര്‍ച്ചോടെ ഷൊര്‍ണ്ണൂര്‍- മംഗലാപുരം റൂട്ടിലും 2026 ഓടെ ഷൊര്‍ണ്ണൂര്‍ – തിരുവനന്തപുരം റൂട്ടിലും 160 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് ദക്ഷിണ റെയില്‍വേയുടെ വാഗ്ദാനം. ഇതോടെ തിരുവനന്തപുരത്ത് നിന്ന് ഒന്നര മണിക്കൂര്‍ കൊണ്ട് എറണാകുളത്തെത്താനാകും. മൂന്നര മണിക്കൂര്‍ കൊണ്ട് തിരുവനന്തുപുരത്ത് നിന്ന് കോഴിക്കോട്ടെത്താം. ട്രെയിനിന്റെ വേഗത 160 കിലോമീറ്ററായി ഉയര്‍ത്തുന്നതിന് മുന്‍പ് തന്നെ ചില സെക്ടറുകളില്‍ പ്രാഥമികമായ വേഗത കൂട്ടല്‍ നടപ്പാക്കും.

ഇതിന്റെ ഭാഗമായി ആദ്യം തിരുവനന്തപുരം ഷൊര്‍ണ്ണൂര്‍ റെയില്‍ പാതയില്‍ തിരുവനന്തപുരം മുതല്‍ കായംകുളം വരെ 110കിലോമീറ്ററും കായംകുളം – തുറവൂര്‍ 90 കിലോമീറ്ററും തുറവൂര്‍ എറണാകുളം 100 കിലോമീറ്ററും എറണാകുളം – ഷൊര്‍ണ്ണൂര്‍ 90 കിലോമീറ്ററുമായി വേഗതവര്‍ദ്ധിപ്പിക്കുവാനാണ് നീക്കം. ഷൊര്‍ണ്ണൂര്‍ – പോടന്നൂര്‍ റൂട്ടില്‍ നിലവിലുള്ള 92.75കിലോ മീറ്ററില്‍ വേഗത 130 കിലോമീറ്ററാക്കി വര്‍ദ്ധിപ്പിക്കും. ഇതുള്‍പ്പെടെയുള്ള വേഗം കൂട്ടല്‍ ജോലികളെല്ലാം 2026 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് ദക്ഷിണ റെയില്‍വേ ഉദ്ദേശിക്കുന്നത്. ഷൊര്‍ണ്ണൂര്‍ -മംഗലാപുരം റൂട്ടില്‍ 306.57 കിലോമീറ്ററോളം ദൂരം മണിക്കൂറില്‍ 110 മുതല്‍ 130 വരെയാക്കി വേഗത വര്‍ദ്ധിപ്പിക്കുന്ന ജോലി 2025 മാര്‍ച്ചിലും പൂര്‍ത്തിയാക്കും. ചെന്നൈ – ബംഗളൂരു വേഗത പാതയിലെ വേഗത 160 കിലോമീറ്ററായി മാറ്റുന്ന നടപടി നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍ പറയുന്നത്.

റെയില്‍ പാളത്തിലെ വളവുകളും ലെവല്‍ ക്രോസിംഗുകളുടെ എണ്ണക്കൂടുതലുമാണ് കേരളത്തില്‍ ട്രെയിനുകളുടെ വേഗത വളരെ കുറയുന്നതിന്റെ കാരണം. കേരളത്തിലെ റെയില്‍ പാളത്തിലെ 626 വളവുകളും 230 ലെവല്‍ ക്രോസിങ്ങുകളുമാണ് വില്ലന്‍മാരായി തലയുയര്‍ത്തി നില്‍ക്കുന്നത്. റെയില്‍ പാളത്തിലെ വളവുകളുടെ കാര്യത്തില്‍ കേരളത്തിന് റിക്കാര്‍ഡാണ്. ഇത്രയധികം വളവുകളുള്ള മെയിന്‍ റെയില്‍ ലൈന്‍ ശൃംഖല ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തുമില്ല. അതായത് കേരളത്തിലെ മൊത്തം റെയില്‍വെ ലൈനിന്റെ 36 ശതമാനവും വളവുകളാണ്. ഇവിടെ വളരെ വേഗം കുറച്ചാണ് ട്രെയിന്‍ ഓടുന്നത്.

കേരളത്തില്‍ ഓടുന്ന ട്രെയിനുകളുടെ ശരാശരി വേഗം നോക്കിയാല്‍ സിറ്റി ബസിനേക്കാള്‍ കഷ്ടമാണ് കാര്യം. സാധാരണമായ വളവുകളില്‍ പോലും 40 കിലോമീറ്ററില്‍ താഴെ മാത്രമേ ട്രെയിന്‍ ഓടാറുള്ളൂ. ഇത് കാരണം കേരളത്തിലെ ട്രെയിനുകളുടെ ശരാശരി വേഗത 55 കിലോമീറ്ററിനും 60 കിലോമീറ്ററിനും ഇടയ്ക്കാണ്. കേരളത്തില്‍ വളരെ പതുക്കെ ട്രെയിനുകള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ തമിഴ്‌നാട്ടിലും ആന്ധ്രയിലുമെല്ലാം മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടന്നു കഴിഞ്ഞു.

ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ ലൈനിലെ വളവുകള്‍ പരമാവധി നിവര്‍ത്താനാണ് റെയിവേയുടെ പദ്ധതി. എന്നാല്‍ പോലും നല്ലൊരു ശതമാനം വളവുകള്‍ നിവര്‍ത്താന്‍ പറ്റാത്ത സ്ഥിതിയിലാണ്. ഇത് നിവര്‍ത്താന്‍ ശ്രമിച്ചാല്‍ അലൈന്‍മെന്റുകള്‍ പോലും മാറിപ്പോകും. വേഗത കൂട്ടുന്നതിന്റെ ഭാഗമായി ജനങ്ങളും കന്നുകാലികളും പാളം മുറിച്ചു കടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മതിലുകള്‍ കെട്ടി തടസ്സപ്പെടുത്തും, ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനവും കാര്യക്ഷമമാക്കും. കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ രണ്ട് പുതിയ പ്ലാറ്റ്‌ഫോമുകളും ട്രെയിന്‍ സ്റ്റേബ്ലിനും നിര്‍മ്മിക്കും. 39.57 കോടിരൂപയാണ് ഇതിനായി ചെലവഴിക്കുക.

ആളുകളുടെ യാത്രാ സമയം കുറയ്ക്കാനായി അതിവേഗ ട്രെയിനുകള്‍ ഇന്ത്യയില്‍ വ്യാപിപ്പിക്കാനുള്ള നടപടികളുമായി റെയില്‍വേ മന്ത്രാലയം മുന്നോട്ട് പോകുകയാണ്. ഇതിന്റെ ഭാഗമായി 180 വരെ കിലോമീറ്റര്‍ വേഗത്തിലോടുന്ന വന്ദേഭാരത് ട്രെയിന്‍ വിവിധ സ്ഥലങ്ങളില്‍ ട്രാക്കിലിറങ്ങിക്കഴിഞ്ഞു.

കേരളത്തില്‍ തിരുവനന്തപുരം ഡിവിഷന് കീഴില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ ആരംഭിക്കാന്‍ ദക്ഷിണ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഒച്ചിഴയുന്ന വേഗത്തില്‍ മാത്രമേ വന്ദേഭാരത് ട്രെയിനിന് നിലവില്‍ കേരളത്തിലെ പാളങ്ങളില്‍ കൂടി സര്‍വ്വീസ് നടത്താന്‍ കഴിയൂ. വന്ദേഭാരത് ട്രെയിന്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് കേരളത്തില്‍ ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശം ദക്ഷിണ റെയില്‍വേ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് മുന്നില്‍ നിര്‍ദ്ദേശം വെച്ചിരുന്നത്. സില്‍വര്‍ ലൈനിന് പകരം കേരളത്തില്‍ അതിവേഗതയില്‍ ട്രെയിന്‍ ഓടിക്കാനുള്ള മാര്‍ഗങ്ങള്‍ നടപ്പാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി നേരത്തെ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *