കരുണാര്‍ദ്രതയുടെ സന്ദേശം പകര്‍ന്ന് നല്‍കാന്‍ അധ്യാപനം കാര്യക്ഷമമാക്കണം: വിസ്ഡം മദ്‌റസാധ്യാപക സമ്മേളനം

Kozhikode

കോഴിക്കോട്: സഹപാഠികളെ ക്രൂരമായി മര്‍ധിക്കാന്‍ ഉപദേശിക്കുന്ന വെറുപ്പിന്റ ലോകത്ത് കരുണാര്‍ദ്രതയുടെ പാഠം പകര്‍ന്ന് നല്‍കാന്‍ അധ്യാപനം കാര്യക്ഷമമാക്കണമെന്ന് വിസ്ഡം വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിച്ച മദ്‌റസാ അധ്യാപക സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി എന്‍ അബ്ദുല്ലത്തീഫ് മദനി അദ്ധ്യക്ഷത വഹിച്ചു.

രാജ്യത്ത് സൗഹാര്‍ദവും സഹവര്‍ത്തിത്വവും സാഹോദര്യവും പ്രചരിപ്പിക്കുന്നതില്‍ മദ്‌റസകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. വെറുപ്പിന്റ പ്രചാരകര്‍ മദ്‌റസകള്‍ക്കെതിരെ തിരിയാനുളള കാരണവുമതാണ്. മനുഷ്യ ബന്ധങ്ങളെയും സാമൂഹിക ബാധ്യതകളെയും ഉത്തരവാദിത്തങ്ങളെയും തിരിച്ചറിഞ്ഞ രാഷ്ട്രത്തിന് മുതല്‍ കൂട്ടാകുന്ന തലമുറയെ വാര്‍ത്തെടുക്കുന്ന മദ്‌റസ വിദ്യാഭ്യാസത്തെ സമൂഹം ഏറ്റെടുക്കുകയും ഭരണകൂടത്തിന്റ സഹായം ഉറപ്പാക്കുകയും വേണം.

ഓണ്‍ലൈന്‍ സ്‌ക്രീനുകളില്‍ പിറന്ന് വീഴുന്ന ആല്‍ഫ തലമുറയെ ധാര്‍മിക വിദ്യാഭ്യാസം പകര്‍ന്ന് നല്‍കുന്നതിന് അധ്യാപനവും ക്ലാസ് മുറികളും പരിഷ്‌കരണത്തിന് വിധേയമാക്കണം. പ്രവാചകന്റെ അധ്യാപന മാതൃക ഇതിന് പര്യാപ്തമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

ലജ്‌നത്തുല്‍ ബഹൂസുല്‍ ഇസ് ലാമിയ്യ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ്, അഡ്വ: നസീര്‍ ചാലിയം, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നാസിര്‍ ബാലുശ്ശേരി, അബ്ദുറഷീദ് കുട്ടമ്പൂര്‍, വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് അര്‍ഷദ് താനൂര്‍, ഡോ സി മുഹമ്മദ് അജ്മല്‍, ഐ പി മൂസ, ശരീഫ് കാര എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി കെ സജ്ജാദ്, വിസ്ഡം എജുക്കേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ഹുസൈന്‍ കാവനൂര്‍, സെക്രട്ടറി റഷീദ് മാസ്റ്റര്‍ കാരപ്പുറം, ബോര്‍ഡംഗങ്ങളായ ഡോ.ഷിയാസ് സ്വലാഹി, ഇര്‍ഫാന്‍ സ്വലാഹി, ഷൗക്കത്തലി സ്വലാഹി യാസര്‍ സ്വലാഹി,കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ബഷീര്‍ വി ടി തുടങ്ങിയവര്‍ സംസാരിച്ചു.