25 ലക്ഷത്തിന്‍റെ ജെ സി ബി സാഹിത്യ പുരസ്‌കാരം: പട്ടികയില്‍ പെരുമാള്‍ മുരുകനും

Kozhikode

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള സാഹിത്യ പുരസ്‌ക്കാരമായ ജെ സി ബി പുരസ്‌കാരത്തിന്റെ ആദ്യ ദീര്‍ഘ പട്ടികയില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് പെരുമാള്‍ മുരുകന്റെ ഫയര്‍ ബേര്‍ഡും. തമിഴിലെ മൂല കൃതിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതാണ് ഫയര്‍ ബേര്‍ഡ്. കൂടാതെ ബംഗാളി, ഹിന്ദി ഭാഷകളില്‍നിന്ന് വിവര്‍ത്തനം ചെയ്ത കൃതികളുമുണ്ട്. ഒപ്പം വിവിധ എഴുത്തുകാരുടെ ആദ്യ നോവലുകളും പട്ടികയിലുണ്ട്.

പെരുമാള്‍ മുരുകന്റെ ഫയര്‍ ബേര്‍ഡ് (തമിഴില്‍ നിന്ന് ഇംഗ്ലീഷിലേക്കുള്ള വിവര്‍ത്തനം), മനോരഞ്ജന്‍ ബ്യാ പാരിയുടെ ‘ദ നെമിസിസ് (ബംഗാളിയില്‍നിന്ന്), മനോജ് രൂപയുടെ ‘ഐ നെയിംഡ് മൈ സിസ്റ്റര്‍ സൈലന്‍സ് (ഹിന്ദിയില്‍നിന്ന്) ഗീത് ചതുര്‍ വേദിയുടെ സിംസിം (ഹിന്ദി യില്‍നിന്ന്) എന്നീ കൃതികളാണ് പട്ടികയിലുള്ള വിവര്‍ ത്തനകൃതികള്‍. സിംസിമിനു പുറമേ തേജസ്വിനി ആപ്‌തേ റഹീമിന്റെ ‘ദ സീക്രട്ട് ഓഫ് മോര്‍, ബിക്രം ശര്‍മയുടെ ദ കോളനി ഓഫ് ഷാഡോസ് എന്നീ ആദ്യ കൃതികളും പ്രാഥമിക പട്ടികയിലുണ്ട്.

25 ലക്ഷം രൂപയാണ് ജെ.സി.ബി. പുരസ്‌കാരത്തുക. കൃതി പരിഭാഷയാണെങ്കില്‍ 10 ലക്ഷം രൂപ വിവര്‍ത്തകനും സമ്മാനമായി ലഭിക്കും. പുറമേ ചുരുക്ക പട്ടികയില്‍ ഇടം പിടിക്കുന്ന അടുത്ത അഞ്ച് എഴുത്തുകാര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ലഭിക്കും. ചുരുക്കപ്പട്ടിക ഒക്ടോബര്‍ 20ന് പുറത്തുവിടും. വിജയി യെ നവംബര്‍ 18ന് പ്രഖ്യാപിക്കുമെന്ന് ജെ.സി.ബി സാഹിത്യ പുരസ്‌ക്കാര അധികൃതര്‍ അറിയിച്ചു.