സൗദിയില്‍ മുജാഹിദ് സമ്മേളന പ്രചാരണങ്ങള്‍ക്ക് തുടക്കമായി

Gulf News GCC

ജിദ്ദ: ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ എന്ന പ്രമേയത്തില്‍ 2024 ജനുവരിയില്‍ മലപ്പുറം ജില്ലയിലെ കരിപ്പൂരില്‍ വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ സൗദി ദേശീയതല പ്രചാരണ പരിപാടികള്‍ക്ക് ജിദ്ദയില്‍ പ്രൗഢമായ തുടക്കം. ജിദ്ദ ഷറഫിയ്യയിലെ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ നടന്ന ദേശീയതല പ്രചാരണോദ്ഘാടനം ഡോ. ജമാലുദ്ദീന്‍ ഫാറൂഖി നിര്‍വ്വഹിച്ചു. വിശ്വമാനവികയുടെ മഹിതസന്ദേശമാണ് വിശുദ്ധ വേദഗ്രന്ഥം ഉദ്‌ഘോഷിക്കുന്നതെന്നും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും ദിവ്യവെളിച്ചം പകര്‍ന്ന് നല്‍കുന്നതാണ് വേദവാക്യങ്ങള്‍ എന്നും ഡോ. ജമാലുദ്ധീന്‍ ഫാറൂഖി പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തിന്റെ വാക്കുകള്‍ക്ക് മാത്രമേ മനുഷ്യന് ചിന്താരംഗത്തും ഗവേഷണരംഗത്തും വൈജ്ഞാനികമായി മുന്നേറാന്‍ കരുത്ത് പകരുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. ‘മതമൂല്യമില്ലാത്ത ശാസ്ത്ര സമീപനം മുടന്തുള്ളതായിരിക്കുമെന്നും ശാസ്ത്രവിചാരമില്ലാത്ത മതബോധം അന്ധവുമായിരിക്കുമെന്നും’ ആല്‍ബര്‍ട് ഐന്‍സ്റ്റീന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം സൂചിപ്പിച്ചു.

‘വിശ്വമാനവികതക്ക് വേദവെളിച്ചം’ എന്ന സമ്മേളനപ്രമേയം വിശദീകരിച്ചു കൊണ്ട് കെ. എന്‍. എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യം എന്നത് വൈവിധ്യങ്ങളെ അംഗീകരിക്കലാണെന്നും മാനവിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുമ്പോഴേ ജനാധിപത്യം നിലനില്‍ക്കുകയുള്ളു എന്നും ഡോ. ജാബിര്‍ അമാനി പറഞ്ഞു.

നാമങ്ങളെ പോലും അപരവത്കരണത്തിന്റെ ചതുരക്കളങ്ങളിലേക്ക് കൊണ്ടുവരികയാണ് ഇന്ത്യയില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മതത്തിന്റെ മൗലികമായ ഊന്നല്‍ മനുഷ്യനാണെന്നും മതം മനുഷ്യനെയാണ് പരിഗണിക്കുന്നതെന്നും, മനുഷ്യന്‍ എന്നതില്‍ ജാതി, വര്‍ഗ, വര്‍ണ്ണ, ഭാഷാ വൈജാത്യങ്ങള്‍ക്ക് സ്ഥാനമില്ലെന്നും. പ്രമേയ വിശദീകരണത്തില്‍ ഡോ. ജാബിര്‍ അമാനി പറഞ്ഞു.

മനുഷ്യനെ എവിടെയാണോ പരിഗണിക്കുന്നത് അവിടെ മാനവികത കടന്നുവരും, അവിടെ എല്ലാ അര്‍ത്ഥത്തിലുമുള്ള വിഭാഗീയതയും സങ്കുചിതത്വവും തകര്‍ന്നു പോകുമെന്നും, മനുഷ്യനെ പരിഗണിക്കാത്തിടത്ത് ഫാഷിസവും വര്‍ഗീയതയും കടന്നുവരുമെന്നും ഇന്ത്യയില്‍ ഫാഷിസം അതിശക്തമായി രംഗത്ത് വരുന്നത് മാനവികതയെ തകര്‍ത്തു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ആശയ കൈമാറ്റങ്ങളിലൂടെ മാത്രമേ മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ സാധിക്കുകയുള്ളുവെന്നും ആശയപരമായ വിയോജിപ്പുകളെ അംഗീകരിക്കുകയും വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോഴാണ് മാനവികത നിലനില്‍ക്കുകയുള്ളുവെന്നും, മനുഷ്യന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം മറ്റൊരുത്തന്റെ മേല്‍ കടന്നു കയറാനുള്ളതായിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തെറ്റിനോട് തെറ്റുകയും തെറ്റ് ചെയ്തവനോട് തെറ്റാതിരിക്കുകയും ചെയ്യുക എന്നതാണ് ഇസ്‌ലാമിന്റെ സമീപനം എന്നും പ്രമേയം വിശദീകരിച്ചു ജാബിര്‍ അമാനി പറഞ്ഞു.

സമ്മേളന സ്വാഗത സംഘം സൗദി ദേശീയ സമിതി ചെയര്‍മാന്‍ സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. റഫീഖ് പത്തനാപുരം (നവോദയ), ഹക്കീം പാറക്കല്‍ (ഒ. ഐ. സി. സി), ഉമര്‍ പാലോട് (പ്രവാസി വെല്‍ഫെയര്‍), എന്‍ എം ജമാലുദ്ദീന്‍ (എം ഇ എസ്) അഡ്വ. അഷ്‌റഫ് ആക്കോട് (എം എസ് എസ്), സാദിഖലി തുവ്വൂര്‍ (ജിദ്ദ മീഡിയ ഫോറം), ബഷീര്‍ മാമാങ്കര (സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), ഹാരിസ് സ്വലാഹി (സെക്രട്ടറി, കെ എന്‍ എം, കോട്ടയം ജില്ല) എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഷാജി അരിമ്പ്‌റത്തൊടി ( ഐ.എം. സി.സി) സന്നിഹിതനായിരുന്നു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ സ്വാഗതവും ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ജരീര്‍ വേങ്ങര നന്ദിയും പറഞ്ഞു. സഈദ് മുഹമ്മദലി ഖിറാഅത്ത് നടത്തി.