കോഴിക്കോട്: ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സര്‍ക്കാര്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ക്വാറി, ക്രഷര്‍ മേഖല വീണ്ടും സമരത്തിലേക്ക്. ക്വാറി, ക്രഷര്‍ കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരം ആരംഭിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ക്വാറി, ക്രഷര്‍ മേഖലയുടെ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഏപ്രില്‍ 17ന് സംസ്ഥാനത്തെ മുഴുവന്‍ ക്വാറികളും ക്രഷറുകളും അടച്ചിട്ട് സമരം ആരംഭിച്ചിരുന്നു. തുടര്‍ന്ന് വ്യവസായ വകുപ്പ് മന്ത്രി, റവന്യു വകുപ്പ് മന്ത്രി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കോഓഡിനേഷന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ അനുകൂല നിലപാടുണ്ടാവുകയും പിന്നീട് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗ തീരുമാന പ്രകാരം മൈനിംഗ് & ജിയോളജി ഉദ്യോഗസ്ഥര്‍, കോ ഓഡിനേഷന്‍ കമ്മിറ്റി പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ആറംഗ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. പ്രശ്‌നങ്ങള്‍ പഠിച്ച്, ചര്‍ച്ചചെയ്ത് കമ്മിറ്റി സര്‍ക്കാരില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചു. പ്രസ്തുത കമ്മിറ്റിയുമായി കൂടി ആലോചിച്ചതിനു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന തീരുമാനത്തിനു വിരുദ്ധമായി 25/8/2023ന് ഖനന കുടിശ്ശിക അദാലത്തുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പിറക്കിയ വ്യക്തതയില്ലാത്ത ഉത്തരവ് ഒരു വിധത്തിലും അംഗീകരിക്കുവാന്‍ സാധിക്കാത്തതാണ്.
കൂടിയാലോചന കൂടാതെയാണ് ഉത്തരവിറക്കിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റാരോ പൊട്ടിച്ചു മാറ്റിയ സ്ഥലത്തിനും ഞങ്ങളുടേത് അല്ലാത്ത കാരണങ്ങളാല്‍ സംഭവിച്ച കുറ്റങ്ങള്‍ക്കുമുള്‍പ്പെടെ ലക്ഷങ്ങളും കോടികളുമായി ഭീമമായ സംഖ്യ പിഴ അടയ്ക്കണമെന്ന ഉത്തരവ് ക്വാറി ക്രഷര്‍ വ്യവസായ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കും. പ്രസ്തുത ഉത്തരവ് പിന്‍വലിക്കണം.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് സംസ്ഥാനത്തെ ക്വാറികള്‍ക്ക് പാരിസ്ഥിതി അനുമതി നല്‌കേണ്ട അതോറിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. MOEF തന്നെ നിയമിച്ച ജില്ലാ കമ്മിറ്റികള്‍ അനുവദിച്ച E C കള്‍ക്ക് സാധുതയില്ലെന്ന തീരുമാനം സംസ്ഥാനത്തു നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മുന്നൂറോളം ക്വാറികള്‍ അടച്ചുപൂട്ടുവാന്‍ ഇടയാക്കും. സംസ്ഥാനത്ത് 600 ഓളം ക്വാറികള്‍ പ്രവര്‍ത്തിച്ചിട്ടും കരിങ്കല്‍ ഉല്പന്നങ്ങള്‍ക്ക് നേരിടുന്ന കടുത്ത ക്ഷാമം മൂലം സര്‍ക്കാരിന്റെ പ്രധാന പ്രൊജക്ടുകള്‍ പലതും നിലയ്ക്കുകയും സര്‍ക്കാരിനു ലഭിക്കേണ്ട കോടികളുടെ റവന്യൂ വരുമാനം അന്യസംസ്ഥാനത്തേക്ക് ഒഴുകുകയും ചെയ്യുകയാണ്.
വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടാത്ത പക്ഷം സംസ്ഥാനത്ത് ക്വാറികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലയ്ക്കും. സംസ്ഥാനത്തെ ക്വാറികളും ക്രഷറുകളും അടച്ചിട്ട് അനിശ്ചിത കാല സമരത്തെ കുറിച്ച് ആലോചിക്കാന്‍ നാളെ തൃശൂരില്‍ ക്വാറി ക്രഷര്‍ വ്യവസായികളുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ചേരുമെന്നും സംസ്ഥാന ക്വാറി ക്രഷര്‍ കോ ഓഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വിനര്‍ എം കെ ബാബു, ചെയര്‍മാന്‍ എ.എം യൂസഫ് [EX MLA] U. സെയ്ത്, ഡേവിസ് പാത്താടന്‍, ഇ.കെ അലി മൊയ്തീന്‍, പട്ടാക്കല്‍ റസാഖ്, ബാവ താമരശ്ശേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.