ഭീകരാക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണം: കേരള ജം ഇയ്യത്തുൽ ഉലമ

Kozhikode

കോഴിക്കോട്: കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ വിനോദ സഞ്ചാരികളെ നിഷ്കരുണം കൊന്നൊടുക്കിയ കിരാത നടപടിയെ കേരള ജംഇയ്യത്തുൽ ഉലമ അഹ് ലുസ്സുന്ന വൽ ജമാഅ അതിശക്തമായി അപലപിച്ചു. ഭീകരപ്രവർത്തനങ്ങൾക്ക് മതത്തിന്റെ പരിവേഷം നൽകാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല. മതത്തിന്റെ യഥാർത്ഥ മൂല്യങ്ങൾ ഉൾക്കൊള്ളുന്നവർക്ക് ഒരിക്കലും ഇത്തരം അക്രമങ്ങൾ നടത്താനോ അതിനെ മനസ്സുകൊണ്ട് പോലും പിന്തുണക്കാനോ സാധ്യമല്ല..

കൃത്യമായ അന്വേഷണം നടത്തി ഈ ക്രൂരത നടത്തിയവരെ പിടികൂടണമെന്നും അവർക്കെതിരെ അതിശക്തമായ ശിക്ഷാ നടപടി കൈക്കൊള്ളണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ജം ഇയ്യത്തുൽ ഉലമ ആവശ്യപ്പെട്ടു. സ്വൈരജീവിതം തകർത്ത് അസ്വസ്ഥത പടർത്താനും രാജ്യത്തെ അസ്ഥിരപ്പെടുത്താനുമുള്ള നീക്കങ്ങളെ നേരിടാൻ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കണമെന്നും ഇതിന്റെ പേരിൽ രാഷ്ട്രീയ വർഗ്ഗീയ മുതലെടുപ്പ് നടത്തുന്നവരെ കരുതിയിരിക്കണമെന്നും കെ ജെ യു ആഹ്വാനം ചെയ്തു. പി മുഹ് യിദ്ദീൻ മദീനി, പി പി മുഹമ്മദ്‌ മദനി, പ്രൊഫ. മായിൻകുട്ടി സുല്ലമി, എം സലാഹുദ്ധീൻ മദനി, ഡോ. മുഹമ്മദലി അൻസാരി, എം ടി അബ്ദുസ്സമദ് സുല്ലമി, എം എം നദ്‌വി, അബ്ദുറഹ്‌മാൻ മദീനി, ഹനീഫ് കായക്കൊടി തുടങ്ങിയവർ സംസാരിച്ചു