മൂവായിരം വര്‍ഷം മുമ്പത്തെ അറബ് ലിപികളുമായി മുഹമ്മദ് ഇഖ്ബാല്‍

Gulf News GCC

അഷറഫ് ചേരാപുരം

ദുബൈ: ദുബൈയിലെ എക്‌സ്‌പോ 2020 യമന്‍ പവലിയനില്‍ കണ്ട പൗരാണിക അറബിക് ലിപികളെ വിടാതെ പിന്തുടരുകയാണ് മുഹമ്മദ് ഇഖ്ബാല്‍ ആസാം. മുവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് അറബി ഭാഷയുടെ ആരംഭ ഘട്ടത്തില്‍ ഉപയോഗിച്ച ലിപികളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തിയും അതിന്റെ വ്യാഖ്യാനങ്ങള്‍ തീര്‍ത്തും ഈ സാമൂഹിക പ്രവര്‍ത്തകന്‍ മുന്നേറുകയാണ്. ഭിന്നശേഷിക്കാര്‍ക്കും അന്ധ,ബധിര വിദ്യാര്‍ഥികള്‍ക്കും വേണ്ടി ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന അസ്സം സ്വദേശിയും കോഴിക്കോട് സ്ഥിര താമസക്കാരനുമായ മുഹമ്മദ് ഇഖ്ബാലാണ് പൗരാണിക അറബ് ലിപികളുമായി ബന്ധപ്പെട്ട കൂടുതല്‍ ഗവേഷണങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നത്.

ലോകപ്രസിദ്ധമായിരുന്ന ദുബൈ എക്‌സ്‌പോ 2020യില്‍ യമന്‍ പവലിയന്‍ സന്ദര്‍ശിക്കുമ്പോഴാണ് അറബ് ലിപികളുടെ പ്രദര്‍ശനം ഇഖ്ബാലിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പവലിയനിലെ ഗൈഡിന്റെ സഹായത്താല്‍ ദിവസങ്ങളോളമുള്ള പരിശ്രമ ഫലമായി ഇവ പഠിച്ചെടുക്കുകയും കമ്പ്യൂട്ടറില്‍ ലിപികളുടെ രൂപരേഖ ഉണ്ടാക്കുകയുമായിരുന്നു.

ലിപികളുടെ ആധികാരികത പരിശോധിക്കാനും പഠിക്കാനുമായി കാലിക്കറ്റ് സര്‍വകലാശാലയിലെ അറബി ഭാഷാ വിഭാഗം മേഥാവി അബ്ദുല്‍ മജീദ് സാഹിബിനെയും അദ്ദേഹം ബന്ധപ്പെട്ടു. തുടര്‍ന്ന് അബ്ദുറഹിം ചാലിയം തുടങ്ങിയവരുടെ സഹകരണത്തോടെ ഇതേക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങളും പ്രദര്‍ശനങ്ങളും നടത്തി. കേരളത്തില്‍ വിവിധ വിദ്യാലയങ്ങളിലും മറ്റിടങ്ങളിലും പൗരാണിക ലിപികളുടെ പ്രദര്‍ശനവും നടന്നു. മൂക ഭാഷയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ സഹായകമായ പുസ്തകം ഉള്‍പ്പെടെ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ രംഗത്ത് ഏറെ പ്രവര്‍ത്തനങ്ങല്‍ നടത്തിവരികയാണ് നിലവില്‍ ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ഇഖ്ബാല്‍.