മദീനാ സമ്മേളനം സമാപിച്ചു, ഖുർആൻ മനുഷ്യന്‍റെ പൊതുസ്വത്തെന്ന് ഡോ. ഹുസൈൻ മടവൂർ

Gulf News GCC Saudi Arabia

മദീന: മൂന്ന് ദിവസമായി മദീനയിൽ നടന്ന് വരുന്ന അന്താരാഷ്ട്ര ഇസ്ലാമിക ഗവേഷണ സമ്മേളനം സമാപിച്ചു. മാറുന്ന ലോകത്ത് ഇസ്ലാമിക നിയമങ്ങളുടെ പ്രസക്തിയും പ്രായോഗികതയുമായി ബന്ധപ്പെട്ടായിരുന്നു സമ്മേളനത്തിലെ പ്രബന്ധങ്ങളും ചർച്ചകളും.
ഒൻപത് സെഷനുകളിലായി മുപ്പത്തിയാറ് പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ചക്ക് വിധേയമാക്കി. ഖുർആൻ വിജ്ഞാന സെഷനിൽ ഡോ.ഹുസൈൻ മടവൂർ ആദ്ധ്യക്ഷത വഹിച്ചു.

വിശുദ്ധ ഖുർആൻ മുസ് ലിംകളുടെ മാത്രം വേദഗ്രന്ഥമല്ലെന്നും അത് മുഴുവൻ മനഷ്യർക്കുമുള്ള പൊതു സ്വത്താണെന്നും അത് വായിച്ച് മനസ്സിലാക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നോറോളം പ്രതിനിധികൾ പങ്കെടുത്തു.

സൗദിയിലെ പ്രമുഖ സർവ്വകലാശാലാകളായ മക്കാ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റി, മദീനാ ഇസ്ലാമിക് യൂണിവേഴ്സിറ്റി, റിയാദ് ഇമാം മുഹമ്മദ് ബിൻ സുഊദ് യൂണിവേഴ്സിറ്റി, ജിദ്ദാ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി, മദീനാ ത്വെയ്ബാ യൂണിവേഴ്സിറ്റി തുടങ്ങിയവയിൽ നിന്നുള്ള അക്കാദമിക വിഗ്ധർക്ക് പുറമെ ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ നിന്നും അമേരിക്ക, ബ്രിട്ടൺ , ചൈന, മലേഷ്യ, ഖത്തർ, കുവൈറ്റ്, യു.എ.ഇ, ഒമാൻ, സുഡാൻ മുതലായ രാഷ്ട്രങ്ങളിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ നിന്നും ഇന്നവിദ്യാഭ്യാസ മന്ത്രാലയങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്തു. പ്രബന്ധമവതരിപ്പിച്ചതിൽ പകുതിയോളം വനിതാ ഗവേഷകരാണെന്നത് ശ്രദ്ധേയമാണ്.

വിശ്വമാനവികതയും ഇസ്ലാമും, ധനസമ്പാദനവും വിനിയോഗവും, വാണിജ്യ വ്യവസായങ്ങളിലെ നൈതികത, മാനവ വിഭവശേഷി വികസനം, സ്ത്രീകളുടെ സാമൂഹിക രംഗത്തെ പങ്കാളിത്തം, ഇസ്ലാമും വിവിധ ചിന്താ പ്രസ്ഥാനങ്ങളും, സാങ്കേതിക വിദ്യാഭ്യാസം മനുഷ്യനന്മക്ക്, ആധുനിക വിഷയങ്ങളിലെ ഇസ്ലാമിൻ്റെ കാഴ്ചപ്പാടുകൾ
തുടങ്ങി ഒട്ടേറെ നൂതന വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്