അഷറഫ് ചേരാപുരം
ദുബൈ: ജീവിതം മരുഭൂമിയില്‍ ഹോമിക്കുന്ന പ്രവാസികളുടെ പെണ്‍മക്കള്‍ക്ക് പഠനത്തിനായി സ്‌കോളര്‍ഷിപ്പ് നല്‍കുന്ന സംരംഭവുമായി മലയാളി പ്രവാസി വനിതയും ഭര്‍ത്താവും രംഗത്ത്. കുറഞ്ഞ ശമ്പളത്തില്‍ യു എ യില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍നിന്നും ഏറ്റവും അര്‍ഹരായ 25 പേരുടെ പെണ്‍ മക്കള്‍ക്ക് ബിരുദ പഠനത്തിന് സഹായവുമായാണ് യു എ ഇയില്‍ പ്രമുഖ സംരംഭകയും മലയാളിയുമായ ഹസീന നിഷാദും നിഷാദ് ഹുസൈനും രംഗത്തു വന്നിരിക്കുന്നത്.
ഒരു ലക്ഷം രൂപ വീതമുള്ള സ്‌കോളര്‍ഷിപ്പാണ് നല്‍കുന്നത്. ”പെണ്‍കുട്ടികളുടെ ഉന്നമനം വിദ്യാഭ്യാസത്തിലൂടെ” എന്ന ആശയം ഉള്‍ക്കൊണ്ടാണ് തങ്ങള്‍ ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് ഹസീന പറയുന്നു. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലേക്ക് പെണ്‍കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ സന്ദേശമായി അയക്കാറുണ്ടെന്നും ഒരു കല്യാണത്തേക്കാള്‍ അവര്‍ ആഗ്രഹിക്കുന്നത് ഉന്നതവിദ്യാഭ്യാസമാണെന്നും ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് എന്ന ആശയത്തിലേക്ക് എത്തിയതെന്നും ഹസീന കൂട്ടിച്ചേര്‍ത്തു.
പല പാവപെട്ട പ്രവാസികളും കുടുംബം പുലര്‍ത്താന്‍ വര്‍ഷങ്ങളായി കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടാണ് ഈ സ്‌കോളര്‍ഷിപ്പ് വിതരണത്തില്‍ പാവപെട്ട പ്രവാസികള്‍ക്ക് പരിഗണന നല്‍കും. നിലവില്‍ പ്ലസ്ടു ക്‌ളാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. ഇത്തവണ യു.എ.ഇയിലുള്ള പ്രവാസികളെയാണ് പരിഗണിക്കുന്നത്. അപേക്ഷകര്‍ 050 906 7778 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ചോദ്യാവലിക്കുള്ള മറുപടി, ഒരു വിദഗ്ധ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ കൃത്യമായി പരിശോധിച്ചാണ് അര്‍ഹരായ 25 പേരെ തിരഞ്ഞെടുക്കുക. രക്ഷിതാവിനും, മകള്‍ക്കും അപേക്ഷിക്കാം. മാര്‍ച്ച് എട്ടിന് വനിതാ ദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കേണ്ട അവസാന 2023 ഫെബ്രുവരി 15ആണെന്നും വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ്ങ്‌സിന്റെ എം.ഡിയായ ഹസീനയും ചെയര്‍മാനായ നിഷാദും അറിയിച്ചു.