കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ന് ഹര്‍ഷീന സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കും. രാവിലെ 10.30ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ സംസാരിക്കും.
ഡോക്ടര്‍മാരടക്കം നാലുപേരെ പ്രതികളാക്കി മെഡിക്കല്‍ കോളേജ് അസി. കമ്മിഷണര്‍ കെ.സുദര്‍ശന്‍ പ്രതിപ്പട്ടിക സമര്‍പ്പിക്കുകയും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍കോളജിന് മുമ്പില്‍ 104 ദിവസം നീണ്ട സത്യഗ്രഹസമരം ഹര്‍ഷീന അവസാനിപ്പിച്ചിരുന്നു.
എവിടെ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് വ്യക്തമായിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ വാദം പൂര്‍ണമായും തള്ളുന്നതാണ് അസി.കമ്മിഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. അതിനാല്‍ തനിക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടരിയേറ്റിന്മുമ്പില്‍ സമരം നടത്തുന്നതെന്ന് ഹര്‍ഷീന പറഞ്ഞു. 50 ലക്ഷം രൂപയാണ് ഹര്‍ഷീന നഷ്ടപരിഹാരമായിട്ടാവശ്യപ്പെട്ടിരിക്കുന്നത്.