ഡീപ്‌ടെക് സ്റ്റാര്‍ട്ടപ്പിന് വാതില്‍ തുറന്ന് എം ജി സര്‍വകലാശാല

Kottayam

കോട്ടയം: മികച്ച ആശയങ്ങളെ സമൂഹത്തിന് ഗുണകരമായ വാണിജ്യ ഉത്പന്നങ്ങളാക്കി മാറ്റുന്നതിന് അവസമൊരുക്കുന്ന എം.ജി. യൂണിവേഴ്‌സിറ്റി ഇന്നവേഷന്‍ ഫൗണ്ടേഷന്റെ (എം.ജി.യു.ഐ.എഫ്) സേവനം ഇനി ഡീപ്‌ടെക് സ്റ്റാര്‍ട്ടപ്പ് മേഖലയിലും. ആശുപത്രികളിലെ അണുബാധ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച പാന്‍ലിസ് നാനോടെക് ഇന്ത്യ പ്രവൈറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പിനെ ഫൗണ്ടേഷന്‍ ഇന്‍കുബേറ്റ് ചെയ്തു.

പാന്‍ലിസിന്റെ തുടര്‍ ഗവേഷണങ്ങള്‍ സര്‍വകലാശാലാ കാമ്പസിലെ എം.ജി.യു.ഐ.എഫില്‍ നടക്കും. ഇതിന് സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറും വിഖ്യാത പോളിമെര്‍ ശാസ്ത്രജ്ഞനുമായ പ്രഫ. സാബു തോമസും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലെ ലാബോറട്ടറി മെഡിസിന്‍ ആന്റ് മോളിക്കുലാര്‍ ഡയഗ്‌നോസ്റ്റിക്‌സ് വിഭാഗം മേധാവി ഡോ. ആര്‍. രാധാകൃഷ്ണനും പിന്തുണ നല്‍കും

സ്ഥാപനത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ നിര്‍വഹിച്ചു. എം.ജി.യു.ഐ.എഫ് ഡയറക്ടര്‍മാരായ ഡോ. സാബു തോമസ്, പി.എ. ജോണ്‍, ഡോ. റോബിനെറ്റ് ജേക്കബ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബെന്‍സി തോമസ്, പാന്‍ലിസ് നാനോടെക് സ്ഥാപകന്‍ ഡോ. സിറിയക് ജോസഫ് പാലയ്ക്കല്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സൂരജ് സഞ്ജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ആശുപത്രികള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് പ്രത്യേകിച്ചും രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ക്ക് അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങളില്‍ കണ്ടെത്തിട്ടുണ്ട്. വൈറസുകളും ബാക്ടീരിയകളും ഉള്‍പ്പെടെയുള്ള ജൈവ വസ്തുക്കളെ നശിപ്പിക്കുകയും വായുവിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും അവ വ്യാപിക്കുന്നത് തടയുകയും ചെയ്യുന്നതുവഴി ഈ ഭീഷണി ഒഴിവാക്കാനാകും. ഇതിനുള്ള സംവിധാനമാണ് സര്‍വകലാശാലയില്‍ ഇന്‍കുബേറ്റ് ചെയ്യപ്പെടുന്ന ആദ്യ ഡീപ് ടെക് സ്റ്റാര്‍ട്ടപ്പായ പാന്‍ലിസ് നാനോടെക് വികസിപ്പിച്ചിട്ടുള്ളത്.

നാനോ ടെക്‌നോളജി മേഖലയില്‍ രാജ്യത്തെ ഏറ്റവും മികച്ച ലാബോറട്ടറികളിലൊന്നാണ് എം.ജി. സര്‍വകലാശാലയിലുള്ളത്. ഇവിടുത്തെ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി വിശദമായ തുടര്‍ പഠനങ്ങള്‍ക്കുശേഷം ഈ ഉപകരണം ഉന്നത നിലവാരത്തില്‍ വിപണിയിലെത്തിക്കാനാണ് പാന്‍ലിസ് ലക്ഷ്യമിടുന്നത്. ആശുപത്രികളെ അണുവിമുക്തവും സുരക്ഷിതവുമായ അന്തരീക്ഷമൊരുക്കാന്‍ ഈ സാങ്കേതിക വിദ്യ സഹായകമാകുമെന്ന് ഡോ. സിറിയക് ജോസഫ് പാലയ്ക്കല്‍ പറഞ്ഞു.