നിപ സ്ഥിരീകരണം; ആയഞ്ചേരി പഞ്ചായത്തില്‍ അതീവ ജാഗ്രത

Kozhikode

ആയഞ്ചേരി: കഴിഞ്ഞ ദിവസം വൈറല്‍ പനിയെ തുടര്‍ന്ന് മരണപ്പെട്ട മംഗലാട് മമ്പിളിക്കുനി ഹാരിസിന്റെ മരണകാരണം നിപ ബാധയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആയഞ്ചേരി പഞ്ചായത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന് അടിയന്തര ഭരണസമിതിയുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും യോഗത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ തീരുമാനിച്ചു.

പഞ്ചായത്തിലെ 13, 14, 2, 3 തിരുവള്ളൂര്‍ പഞ്ചായത്തിലെ ഒന്ന് രണ്ട് എന്നീ വാര്‍ഡ് നിവാസികള്‍ ജാഗ്രത പാലിക്കാനും പൊതുസമ്പര്‍ക്കം ഉണ്ടാവാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നും അറിയിച്ചു. ഏത് സാഹചര്യവും നേരിടാന്‍ പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. മരിച്ച വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കമുള്ളവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കുടുംബാരോഗ്യ കേന്ദ്രം പോലെയുള്ള സമ്പര്‍ക്ക സ്ഥലങ്ങളിലെ ലിസ്റ്റ് എടുത്ത് അവര്‍ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇന്നലെ പഞ്ചായത്തിലെ അംഗന്‍വാടി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി നല്‍കി. ഈ സാഹചര്യത്തില്‍ രോഗികളെ സന്ദര്‍ശിക്കാതിരിക്കാനും ഹോസ്പിറ്റലുകളില്‍ നിസ്സാരകാരണത്തിന് ചികിത്സയ്ക്ക് പോവാതിരിക്കാനും ശ്രദ്ധിക്കണമെന്നും മുഴുവന്‍ ജനങ്ങളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആവശ്യപ്പെട്ടു. ഭയമോ ഭീതിയോ വേണ്ടെന്നും ജാഗ്രത മാത്രം മതിയെന്നും പ്രത്യേകം നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് സരള കൊള്ളിക്കാവില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. എം. ലതിക, ടി. വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍, ബ്ലോക്ക് മെംബര്‍ സി.എച്ച്.മൊയ്തു, പഞ്ചായത്ത് ജനപ്രതിനിധികള്‍, മെഡിക്കല്‍ ഓഫീസര്‍ കെ. ഹൃദ്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സജീവന്‍, എ. എസ്. രാജീവ്, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ പങ്കെടുത്തു.

നിപ മുന്‍കരുതല്‍ ആയഞ്ചേരി പഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു

ആയഞ്ചേരി: മംഗലാട് സ്വദേശിയുടെ മരണ കാരണം നിപ ബാധയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആയഞ്ചേരി പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.
പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ പഞ്ചായത്ത് അധികൃതര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ലഭ്യമാണ് ബന്ധപ്പെടേണ്ട നമ്പര്‍ 04962580265, 9496048138, 7907990033, 9946486371