ആയഞ്ചേരി: ബ്ലേഡ് മാഫിയ കുടിയൊഴിപ്പിച്ച കുടുംബത്തിന് നീതി തേടി ജനകീയ സമരസമിതിയുടെ വേറിട്ട സമരം. കുടിയിറക്കപ്പെട്ട കുടുംബത്തിന് സംരക്ഷണം നല്‍കാനും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമായി തിരുവള്ളൂര്‍, ആയഞ്ചേരി വില്ല്യാപ്പള്ളി പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ പങ്കെടുപ്പിച്ചാണ് ജനകീയ പന്തലൊരുക്കി സമരം ചെയ്യുന്നത്. ഡിസംബര്‍ ഒമ്പതിന് വൈകിട്ട് നാലുമണിക്കാണ് ജനകീയ പന്തലൊരുക്കുന്നത്.
വള്ളിയാട് പ്രദേശത്തെ പുത്തന്‍ പുരയില്‍ മായന്‍ കുട്ടിയെയും കുടുംബത്തെയും 22 വര്‍ഷമായി അവര്‍ താമസിച്ചു വരുന്ന വീട്ടില്‍ നിന്നും സുപ്രീം കോടതിയില്‍ കേസ് നിലവിലിരിക്കെ കീഴ്‌ക്കോടതി നിന്നും കിട്ടിയ ഉത്തരവിന്റെ പേരില്‍ കഴിഞ്ഞ 24ന് വീടിന്റെ മുന്‍വാതിലും കിടപ്പ് മുറിയുടെ വാതിലും അടിച്ചു തകര്‍ത്ത് ഭാര്യയെയും പെണ്മക്കളെയും ബലമായി വലിച്ചിഴച്ച് പുറത്താക്കി ബ്ലേഡ് മാഫിയ കുടിയിറക്കിയിരിക്കുകയാണ്.
ഉപജീവന മാര്‍ഗമായ ഓട്ടോ പോലും എടുക്കാന്‍ സമ്മതിക്കാതെയാണ് കുടുംബത്തെ ഇറക്കി വിട്ടത്. ഇതോടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതായ കുടുംബം അന്നത്തിന് വഴിയില്ലാതെ കഷ്ടപ്പെടുകയാണ്. ബ്ലേഡ് മാഫിയയുടെ കൈക്കരുത്തിനെതിരെ പോരാടേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന തിരിച്ചറിവിലാണ് ജനകീയ സമിതി സമരവുമായി രംഗത്തിറങ്ങിയത്. ബ്ലേഡ് മാഫിയ തകര്‍ത്തെറിയുന്ന ജീവിതങ്ങള്‍ക്ക് താങ്ങും തണലുമായില്ലെങ്കില്‍ പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ബ്ലേഡുകാര്‍ അനുസ്യൂതം വളര്‍ന്ന് വരികയും അത് നാടിന്റെ സ്വര്യ ജീവിതം തകര്‍ത്തുകളയും ചെയ്യുമെന്ന തിരിച്ചറിവും സമരത്തിന് കാരണമാണ്.
22 വര്‍ഷം മുന്‍പ് രണ്ടര ലക്ഷം രൂപ ബ്ലേഡ്കാരില്‍ നിന്നും വാങ്ങിയപ്പോള്‍ ഒരേക്കര്‍ അറുപത്തിയഞ്ച് സെന്റ് സ്ഥലത്തിന്റെ രേഖയാണ് അവര്‍ കൈക്കലാക്കിയത്. പണം തിരിച്ചു കൊടുത്തിട്ടും ബ്ലേഡുകാര്‍ കൂടുതല്‍ തുക ആവശ്യപ്പെടുകയും രേഖകള്‍ തിരിച്ചുനല്‍കാതിരിക്കുകയും ചെയ്തു.
രണ്ടരക്കോടിയുടെ സ്വത്ത് വകകളാണ് ബ്ലേഡ് മാഫിയ ചുളുവിലക്ക് കൈക്കലാക്കിയിരിക്കുന്നതെന്ന് ജനകീയ സമരസമിതി ആരോപിച്ചു. ബ്ലേഡ് മാഫിയകളുടെ അഴിഞ്ഞാട്ടത്തിനെതിരെ മനസാക്ഷിയുള്ള സമൂഹം അണിനിരക്കണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചു.