നിപ ബാധിത പ്രദേശമായ മംഗലാട് സൗജന്യഭക്ഷണക്കിറ്റ് വിതരണം ചെയ്തു

Kozhikode

ആയഞ്ചേരി: നിപ ബാധിത പ്രദേശമായ മംഗലാട് സൗജന്യ ഭക്ഷണക്കിറ്റുകള്‍ വാര്‍ഡ് മെമ്പര്‍ എ. സുരേന്ദ്രന്‍ വിതരണം ചെയ്തു. അവശ്യ വസ്തുക്കള്‍ ലഭിക്കാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ മെമ്പറെ വിളിച്ചറിയിച്ചത് പ്രകാരമാണ് തുടക്കത്തിലുള്ള കിറ്റ് തയ്യാറാക്കിയത്. ആയഞ്ചേരിയിലെ ഡേ മാര്‍ട്ട് സ്‌പോണ്‍സര്‍ ചെയ്തതും മെമ്പറുടെ വകയായുള്ളതുമാണ് കിറ്റുകള്‍. തൊഴില്‍ നഷ്ടപ്പെട്ട് പ്രയാസപ്പെടുന്നവരെ കണ്ടെത്തി തുടര്‍ന്നും കിറ്റുകള്‍ നല്‍കും.

ആയഞ്ചേരിയിലെ റൂബിയാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, ഡേ മാര്‍ട്ട്, ആപ്പിള്‍ ഡേ മാര്‍ട്ട്, എസ് മുക്കിലുള്ള സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവ വാട്‌സ് ആപ്പില്‍ മെസേജ് ചെയ്താല്‍ മംഗലാട്ടുള്ള അതിര്‍ത്ഥികളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കും എന്നറിയിച്ചിട്ടുണ്ട്. അവിടെ നിന്ന് ആര്‍.ആര്‍.ടി മാരും ഉടമകളും കൈപ്പറ്റും. കൂടാതെ മംഗലാടുള്ള പ്രാദേശിക കടകളില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിന് തടസ്സങ്ങളില്ല. നാളെ മുതല്‍ റേഷന്‍ കടകളില്‍ നിന്നും ബയോമെട്രിക്കില്ലാതെ സാധനങ്ങള്‍ കൈപ്പറ്റാവുന്നതാണെന്നും മെമ്പര്‍ അറിയിച്ചു. അക്കരോല്‍ അബ്ദുള്ള, എം.എം മുഹമ്മദ്, പ്രകാശന്‍ എള്ളോടി തുടങ്ങിയവര്‍ സംബന്ധിച്ചു.