അര്‍ബന്‍ പ്രസിന്‍റേത് മികച്ച രൂപകത്പ്പന; മുഖം മാറാന്‍ ഐപിഎം

Kozhikode

കോഴിക്കോട്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ വികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാനിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് നടത്തിയ ദേശീയ വാസ്തുശില്‍പ്പ രൂപകത്പ്പന മത്സരം ‘ഓയസിസി’ന്റെ വിജയികളെ പ്രഖ്യാപിച്ചു. ബംഗലുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്ചര്‍ ഗ്രൂപ്പായ അര്‍ബന്‍ പ്രസിങ്റ്റ് (urben presinct) ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രശസ്ത ആര്‍ക്കിടെക്റ്റുകളായ കെവിന്‍ ലോ, സൗമിത്രോ ഘോഷ്, രൂപാലി ഗുപ്ത എന്നിവരടങ്ങിയ ജൂറി കമ്മറ്റിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഹോട്ടല്‍ താജ് റസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ ഐപിഎം ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍ പുരസ്‌കാരങ്ങള്‍ നല്‍കി. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
എഫ്.എം.ആര്‍ക്കിടെക്ചര്‍, ആര്‍ക്കിടെക്‌നിക്ക്‌സ് എന്നിവയുടെ രൂപകത്പ്പനകള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഇരുവര്‍ക്കും സമ്മാനിച്ചു.

ചടങ്ങില്‍ ജൂറി അംഗങ്ങളായ ആര്‍ക്കിടെക്റ്റ് സൗമിത്രോ ഘോഷ്, ആര്‍ക്കിടെക്റ്റ് രൂപാലി ഗുപ്ത, ഐഐഎ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് വിനോദ് സിറിയക്, കാലിക്കറ്റ് സെന്റര്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് നൗഫല്‍ സി.ഹാഷിം, മുന്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് വിവേക് പി.പി, വൈസ് ചെയര്‍ പേഴ്‌സണ്‍ സിമി ശ്രീധരന്‍, സെക്രട്ടറി അശ്വിന്‍ വാസുദേവന്‍, റിസര്‍ച്ച് അസോസിയേറ്റ് വിഷ്ണു പ്രകാശ്, രോഷ്‌നി (സമാഗത), ആര്‍ക്കിടെക്റ്റ് സുജിത്ത്, ആര്‍ക്കിടെക്റ്റ് ഫഹീം ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

സ്വാന്തന പരിചരണ രംഗത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനുമായി (ഐപിഎം) ചേര്‍ന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് (ഐഐഎ) നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു ഓയസിസ് രൂപകത്പ്പന മത്സരം.

ജീവിതത്തോട് പൊരുതുന്നവര്‍, മരണം കാത്തു കഴിയുന്നവര്‍, നിസംഗതരായ കൂട്ടിരിപ്പുകാര്‍ ഇവരുടെയെല്ലാം ലോകമാണ് ഐപിഎം ക്യാമ്പസ്. വേദനയുടെ ലോകത്തു നിന്ന് അവര്‍ക്ക് സ്വാന്തനവും വിശ്വാസവും നല്‍കി കരുത്തേകാനാവണം. അത്തരത്തില്‍ മാനസികോല്ലാസം പ്രധാന ചെയ്യുന്ന രീതിയിലേക്ക് ക്യാമ്പസിനെ ഇപ്പോള്‍ തെരഞ്ഞെടുത്ത രൂപകത്പ്പന പ്രകാരം പുന:ര്‍ നിര്‍മിക്കുകയാണ് ഐഐഎയുടെ അടുത്ത ലക്ഷ്യം.

ഈ ബൃഹദ് പദ്ധതിയുടെ നിര്‍മാണവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ് ഏറ്റെടുത്തു നടത്തും. ബംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സമാഗത എന്ന സന്നദ്ധ സംഘടനയും ഐഐഎയോടൊപ്പം നിര്‍മിതിയില്‍ പങ്കാളികളാവും.