കല്പറ്റ: ലോക മുള ദിനത്തില്‍ മുളകളില്‍ നിന്നും ഉല്‍പ്പന്നങ്ങളും കരകൗശല വസ്തുക്കളും നിര്‍മ്മിക്കുന്നതില്‍ വൈദഗ്ധ്യം ഉണ്ടാക്കുന്നതിനായുള്ള പരിശീലന പരിപാടി എം എസ് സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ ആരംഭിച്ചു. പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്ക് വേണ്ടി മാത്രമായി സംഘടിപ്പിച്ചിരിക്കുന്ന പരിപാടി പതിനേഴ് ദിവസം നീണ്ടു നില്‍ക്കുന്നതാണ്. മുളകളില്‍ നിന്നും പേന നിര്‍മ്മാണം മുതല്‍ പായകളും ടൈലുകളും തുടങ്ങി വിവിധ വസ്തുക്കള്‍ ഉണ്ടാക്കുന്നതില്‍ പരിശീലനം നല്‍കും.
മുളകളില്‍ നിന്നും ഉത്പന്നങ്ങള്‍ ഉണ്ടാക്കികൊണ്ട് അധിക വരുമാന മാര്‍ഗ്ഗം ഉണ്ടാക്കാന്‍ പരിശീലനാര്‍ത്ഥികളെ സഹായിക്കും വിധമാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. മാത്രമല്ല മുളകള്‍ പോലെ കൂടുതല്‍ മൂല്യവും എന്നാല്‍ കുറഞ്ഞ പ്രചാരം ലഭിച്ചതുമായ സസ്യങ്ങളെ വ്യാവസായികമായി ഉപയോഗപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു. കേരളത്തിലെ മുള ഉത്പന്നങ്ങളുടെ നിര്‍മ്മാണ മേഖലയില്‍ ഏറ്റവും വിദഗ്ദന്മാരായ ആളുകളും സ്ഥാപനങ്ങളും ഈ പരിശീലന പരിപാടിയില്‍ പങ്കാളികള്‍ ആകും. വയനാട്ടില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഗോത്ര വര്ഗവിഭാഗക്കാരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ആണ് ഈ പരിശീലന പരിപാടിക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നത്.
പരിശീലന പരിപാടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രജനികാന്ത് ഉദ്ഘാടനം ചെയ്തു. എം എസ് സ്വാമിനാഥന് ഗവേഷണ നിലയം മേധവി ഡോ ഷക്കീല പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. കെ വി ദിവാകരനും, എ ദേവകിയും മുഖ്യാഥിതികള്‍ ആയ പരിപാടിയില്‍ ജോസഫ് ജോണ്‍ സ്വാഗതവും ഡോ. വിപിന്‍ ദാസ് നന്ദിയും രേഖപ്പെടുത്തി.