അഷറഫ് ചേരാപുരം
ദുബൈ: അര നൂറ്റാണ്ടിലേറെ കാലമായി ജീവ കാരുണ്യ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലെ നിസ്തുല സേവനങ്ങളുമായി പ്രവാസ ലോകത്ത് പ്രവര്‍ത്തിച്ചു വരുന്ന കെ എം സി സി പ്രസ്ഥാനത്തിന് ദുബായില്‍ സ്വന്തമായി ആസ്ഥാനം നിര്‍മ്മിക്കുന്നതിന് ഗവര്‍മെന്റ് ഭൂമി നല്‍കി. ദുബൈയിലെ റാഷിദിയയിലാണ് ഒന്നര ഏക്കര്‍ ഭൂമി അനുവദിച്ചുകിട്ടിയതെന്ന് ദുബൈ കെ എം സി സി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജാതിമത വര്‍ഗ്ഗ രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രയാസപ്പെടുന്ന മുഴുവന്‍ ജനങ്ങള്‍ക്കും സഹായ ഹസ്തമായി നില്‍ക്കുന്ന കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ദുബൈ ഗവണ്മെന്റിന്റെ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. കെ എം സി സി പ്രവര്‍ത്തകരും അനുഭാവികളും വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ട് നടക്കുന്ന സ്വന്തം ആസ്ഥാനമന്ദിരമെന്ന സ്വപ്നമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്.
ദുബായില്‍ കെ എം സി സിയെ ജനകീയമാക്കുന്നതില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ദീര്‍ഘ കാലം ദുബൈ കെ എം സി സിയുടെ അമരക്കാരനുമായിരുന്ന ഇബ്രാഹിം എളേറ്റിലിന്റെ നിരന്തരമായുള്ള അവശ്യം പരിഗണിച്ച് വ്യവസായിയും പ്രവാസി മലയാളികളുടെ അഭിമാനവും ആശാ കേന്ദ്രവുമായ പത്മ ശ്രീ എം എ യൂസഫലിയുടെ ശ്രമഫലമായിട്ടാണ് പ്രസ്തുതഭൂമി ലഭ്യമായിട്ടുള്ളത്.
സി ഡി എ ഡയറക്ടര്‍ അഹമ്മദ് അബ്ദുല്‍ കരീം ജുല്‍ഫാര്‍, പത്മ ശ്രീ എം എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ദുബൈ നോളെഡ്ജ് ഫണ്ട് എസ്റ്റാബ്ലിഷ്‌മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുള്ള അല്‍ അവാര്‍ എന്നിവരുമായി നടന്ന ഒപ്പ് വെക്കല്‍ ചടങ്ങില്‍ വ്യവസായികളായ ഖാദര്‍ തെരുവത്ത്, അബ്ദുള്ള പൊയില്‍, ദുബൈ കെ എം സി സി സി ഡി എ ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ഡയറക്ടര്‍മാരായ ശംസുദ്ധീന്‍ ബിന്‍ മുഹിയിദ്ധീന്‍, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, വി ടി മുസ്തഫ വേങ്ങര, അഡ്വ: ഇബ്രാഹിം ഖലീല്‍ സംബന്ധിച്ചു.
അറുപത്തി അഞ്ചോളം മണ്ഡലം കമ്മിറ്റികളും പതിമൂന്ന് ജില്ലാ കമ്മിറ്റികളും നിരവധി പഞ്ചായത്ത് കമ്മിറ്റികളും പ്രവര്‍ത്തിക്കുന്ന ദുബൈ കെ എം സി സിക്ക് ആധുനിക രീതിയിലുള്ള ഓഫിസ് സമുച്ചയമാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. സി ഡി എയുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ കെ എം സി സി ശാസ്ത്രീയവും ജനോപകാരപ്രദവുമായ ഒട്ടേറെ പ്രവര്‍ത്തങ്ങളാണ് ദുബായിലും നാട്ടിലുമായി ചെയ്തു കൊണ്ടിരിക്കുന്നത്. കൊറോണ കാലയളവില്‍ ദുബായിലെ എല്ലാ ഭാഗങ്ങളിലും ദുബൈ മുന്‍സിപ്പാലിറ്റി, ദുബൈ പൊലീസ്, വതന്‍ അല്‍ ഇമാറാത്ത്, ദുബൈ ഹെല്‍ത്ത് അതോറിറ്റി, നാഷണല്‍ സെക്യൂരിറ്റി, ദുബൈ ഫുഡ് ബാങ്ക് തുടങ്ങിയ ഗവണ്മെന്റ് ഡിപ്പാര്‍ട്ടുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കെ എം സി സി ക്കായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന എഴുസന്നദ്ധ സംഘടനകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ യു എ ഇക്ക് പുറത്തു നിന്നുള്ള ഏക സംഘടന ദുബൈ കെ എം സി സിയായിരുന്നു.
ദേര അബ്ര, സബക, അല്‍ ബറഹ, അല്‍ മംസര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന കെ എം സി സി ആസ്ഥാനം ഇപ്പോള്‍ അബു ഹയിലെ വാടക കെട്ടിടത്തിലാണ്. യു എ ഇ ദേശീയ ദിനം, ഇഫ്താര്‍ ടെന്റ്, ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിനോനുബന്ധിച്ചുള്ള പ്രഭാഷണം, കലാ കായിക മത്സരങ്ങള്‍ ഉള്‍പ്പെടെ വന്‍ ജനാവലി പങ്കെടുക്കുന്ന പരിപാടികള്‍ സ്ഥലപരിമിതി കാരണം തൊട്ടടുത്തുള്ള മറ്റുവേദികളിലാണ് സംഘടിപ്പിച്ചു പോരുന്നത്. സ്വന്തമായി കെട്ടിടം ഉണ്ടാവുന്നതോടെ മുഴുവര്‍ പരിപാടികളും നടത്താനുള്ള വേദി കെ എം സി സിക്ക് സ്വന്തമാവും എന്ന സന്തോഷത്തിലാണ് മുഴുവന്‍ കെ എം സി സി അംഗങ്ങളും.
വാര്‍ത്താ സമ്മേളനത്തില്‍ ദുബൈ കെ എം സി സി സി ഡി എ ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ഡയറക്ടര്‍മാരായ ഹുസൈനാര്‍ ഹാജി ഇടച്ചാകൈ, ഹംസ തൊട്ടി, വി ടി മുസ്തഫ വേങ്ങര, അഡ്വക്കേറ്റ് ഇബ്രാഹിം ഖലീല്‍ എന്നിവര്‍ പങ്കെടുത്തു.