വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.
തിരുവനന്തപുരം: കേരളസര്‍വ്വകലാശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഭരത് മുരളി നാടകോത്സവം പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 04 വരെ തിരുവനന്തപുരം പാളയം സര്‍വ്വകലാശാല സെനറ്റ് ക്യാമ്പസ്സില്‍ നടന്ന നാടകോത്സവത്തില്‍ തിരഞ്ഞെടുത്ത 9 മലയാള നാടകങ്ങള്‍ അരങ്ങിലെത്തി. ആറ് ദിവസം 2 വേദികളിലായി നടന്ന നാടകാവതരണങ്ങളോടൊപ്പം പ്രശസ്ത വ്യക്തികളുടെ പ്രഭാഷണവും പുസ്തകമേളയും നാടകോത്സവത്തിന്റെ മാറ്റ് കൂട്ടി.

മേളയുടെ ഒന്നാം ദിവസമായ മാര്‍ച്ച് 30ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നാടകോത്സവം ഉദ്ഘാടനം ചെയ്തു. കേരളസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള പഠന കേന്ദ്രം വകുപ്പ് മേധാവി ഡോ.സി.ആര്‍. പ്രസാദ് സ്വാഗതം ആശംസിച്ചു. കേരളസര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ കെ.എച്ച്. ബാബുജാന്‍, ഡോ. എസ് നസീബ്, ബി പി മുരളി, എം എസ് അരുണ്‍കുമാര്‍, ഡോ. വിജയന്‍പിള്ള എം, നാട്യഗൃഹം രക്ഷാധികാരി പ്രൊഫ. അലിയാര്‍, കേരളസര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെ യു ഇ യു സെക്രട്ടറി അജയ് ഡി എന്‍. നന്ദി പറഞ്ഞു. ചടങ്ങില്‍ ഭരത് മുരളിയുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. ചടങ്ങിന് ശേഷം അശോക് ശശി സംവിധാനം ചെയ്ത നാടകം ‘ഇതിഹാസം’ അരങ്ങേറി.തിരുവനന്തപുരം സൗപര്‍ണികയാണ് നാടകം അവതരിപ്പിച്ചത്. അരങ്ങിന് വേണ്ടി, നാടകത്തിനു വേണ്ടി ജീവിതം മാറ്റി വച്ച വില്യം ഷേക്‌സ്പിയര്‍ എന്ന അതുല്യ നാടകക്കാരന്‍ അനുഭവിച്ച ത്യാഗങ്ങളും അദ്ദേഹത്തിന്റെ ഐതിഹാസിക ജീവിതവുമാണ് നാടകത്തിന്റെ പ്രമേയം

മേളയുടെ രണ്ടാം ദിനമായ മാര്‍ച്ച് 31ന് വൈകുന്നേരം 05.30 ന് മുരളി സ്മൃതി നടന്നു. ‘ഓര്‍മകളിലെ മുരളി’ എന്ന വിഷയത്തില്‍ രമേശ് ചെന്നിത്തല എം.എല്‍.എ. പ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.എസ്.നസീബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.കെ.യു.എസ്.യു. സെക്രട്ടറി ഗിരീഷ് എസ്. സ്വാഗതം ആശംസിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ആര്‍ അരുണ്‍കുമാര്‍ പി., രാജേന്ദ്രകുമാര്‍, ജി.ബിജു കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പബ്ലിസിറ്റി കമ്മിറ്റി മെമ്പര്‍ വിജി ഡി.ബി. നന്ദി പറഞ്ഞു. തുടര്‍ന്ന് കെ.ആര്‍. രമേശ് സംവിധാനം ചെയ്ത ‘ആര്‍ട്ടിക് ‘ എന്ന നാടകം അരങ്ങേറി. ശാസ്താംകോട്ട ഇടം ആണ് നാടകം അവതരിപ്പിച്ചത്. ഭൂഗുരുത്വാകര്‍ഷണം നഷ്ടപ്പെട്ട കഥ പറയുന്ന നാടകമാണ് ആര്‍ട്ടിക്. ഭൂതകാലങ്ങളുടെ തടവറയില്‍ കഴിയുന്ന ഒരു കര്‍ഷകന്റെ വര്‍ത്തമാന കാലമാണ് നാടകം ചര്‍ച്ച ചെയ്യുന്നത്. ഉജ്ജ്വല അഭിനയ മുഹൂര്‍ത്തങ്ങളുള്ള ഈ നാടകം കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര നാടകോത്സവത്തില്‍ (itfok) അവതരിപ്പിച്ച് ജനപ്രീതി നേടിയിരുന്നു.

മൂന്നാം ദിനമായ ഏപ്രില്‍ 01 ന് രണ്ട് നാടകങ്ങളും ഒരു പ്രഭാഷണവുമാണ് മേളയില്‍ ഉണ്ടായിരുന്നത്. വൈകുന്നേരം 5 മണിക്ക് സൂര്യ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത ‘പ്രേമ ലേഖനം’ അരങ്ങിലെത്തി. സൂര്യ തിയ്യറ്റര്‍ ഗ്രൂപ്പ് ആണ് നാടകം അവതരിപ്പിച്ചത്. മലയാളത്തിലെ പ്രശസ്ത പ്രണയ കഥകളില്‍ ഒന്നായ, വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത ചെറു കഥയുടെ നാടകാവിഷ്‌കാരമാണ് പ്രേമ ലേഖനം. മണക്കാട് ബഷീര്‍ രചന നിര്‍വഹിച്ച നാടകത്തില്‍ കേശവന്‍ നായരായി അമല്‍ രാജ് ദേവും സാറാമ്മയായി ലക്ഷ്മിയും അഭിനയിച്ചു. തുടര്‍ന്ന് ‘മലയാളി സ്ത്രീ: പൊതുയിടങ്ങള്‍ ആവിഷ്‌കാരങ്ങള്‍’ എന്ന വിഷയത്തില്‍ നാടക പ്രവര്‍ത്തകയും നടിയുമായ സജിത മഠത്തില്‍ പ്രഭാഷണം നടത്തി. ഇതിന് ശേഷം അരുണ്‍ ലാല്‍ സംവിധാനം ചെയ്ത ‘വില്ലന്മാര്‍’ എന്ന നാടകം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയ്യറ്റര്‍ ആണ് നാടകം അവതരിപ്പിച്ചത്. നിരവധി നാടകോത്സവങ്ങളില്‍ നിരൂപക പ്രശംസ ഏറ്റു വാങ്ങിയ നാടകം വ്യത്യസ്ത രൂപ ഘടനയുള്ളതാണ്. അനേകം ചെറു നാടകങ്ങള്‍ ചേര്‍ത്താണ് ഈ നാടകം രൂപപ്പെടുത്തിരിക്കുന്നത്. പ്രമേയപരമായ ഐക്യത്തോടെ വ്യത്യസ്ത സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയ ദൃശ്യ പരമ്പരയാണ് വില്ലന്മാര്‍. പാഠങ്ങള്‍ ഹൈപ്പര്‍ ലിങ്ക് വഴി ബന്ധിപ്പിക്കുന്നത് പോലെ സന്ദര്‍ഭങ്ങള്‍ക്ക് ലിങ്ക് നല്‍കിയിരിക്കുന്നു. ഒരേയൊരു നായകന്‍ എല്ലായ്‌പ്പോഴും വിജയിക്കുന്നതിനായി പരാജയപ്പെട്ടു കൊടുക്കേണ്ടി വരുന്ന വില്ലന്മാരുടെ വിധിയാണ് ഈ ലിങ്ക്.
നാടകോത്സവത്തിന്റെ നാലാം ദിനം വൈകുന്നേരം 5 മണിക്ക് ആദ്യം അരങ്ങിലെത്തിയത് അരുണ്‍ ലാല്‍ സംവിധാനം ചെയ്ത ‘മാര്‍ത്താണ്ഡന്റെ സ്വപ്‌നങ്ങള്‍’ എന്ന നാടകമാണ്. ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആണ് നാടകം അരങ്ങില്‍ എത്തിച്ചത്. പ്രശസ്ത നാടക പ്രതിഭയായ തുപ്പേട്ടന്റെ നര്‍മ രസ പ്രധാനമായ നാടകമാണിത്. യുവത്വത്തിന്റെ പ്രതീക്ഷകളും ആകുലതകളും സമകാലീന ലോകത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നതാണ് നാടകത്തിന്റെ പ്രമേയം. തുടര്‍ന്ന് ആറു മണിക്ക് ‘സര്‍ക്കസ് തിയേറ്റര്‍’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാല, സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ ഡോ. അഭിലാഷ് പിള്ള പ്രഭാഷണം നടത്തി. പ്രഭാഷണത്തിന് ശേഷം ഹസിം അമരവിള സംവിധാനം ചെയ്ത ‘സോവിയറ്റ് സ്‌റ്റേഷന്‍ കടവ്’ അരങ്ങേറി.തിരുവനന്തപുരം കനല്‍ സാംസ്‌കാരിക വേദിയാണ് നാടകം അവതരിപ്പിച്ചത്. ചെറുകഥാ കൃത്തായ മുരളി കൃഷ്ണന്റെ ചെറുകഥയുടെ സ്വതന്ത്ര നാടകാവിഷ്‌കാരമാണ് സോവിയറ്റ് സ്‌റ്റേഷന്‍ കടവ്. മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ നാടകമാണ് സോവിയറ്റ് സ്‌റ്റേഷന്‍ കടവ്. അധികാര മോഹത്തിന്റെ സുഖം സിരകളിലേക്ക് ഒഴുകിയിറങ്ങിയാല്‍ അതില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് ഒരിക്കലും ഉണ്ടാവില്ല എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ നാടകം. ശരിയായ ചരിത്ര പഠനത്തിലൂടെ മാത്രമേ നമുക്ക് അതിജീവിക്കാന്‍ കഴിയൂ എന്ന ഓര്‍മപ്പെടുത്തല്‍. 2023 ലെ കേരള അന്താരാഷ്ട്ര നാടകോത്സവത്തില്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയ നാടകമാണ് സോവിയറ്റ് സ്‌റ്റേഷന്‍ കടവ്.
നാടകോത്സവത്തിന്റെ അഞ്ചാം ദിനവും രണ്ട് നാടകങ്ങള്‍ അരങ്ങില്‍ എത്തി. വൈകുന്നേരം 5 മണിക്ക് അര്‍ജുന്‍ ഗോപാല്‍ സംവിധാനം ചെയ്ത ‘സിംഹാരവം ഘോരാരവം’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. കേരളസര്‍വ്വകലാശാല മലയാള വിഭാഗത്തിലെ തിയേട്ര ആണ് നാടകം അവതരിപ്പിച്ചത്. തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടു കൊണ്ട് ചരിത്ര കഥയുടെയും കല്പിത സാഹിത്യത്തിന്റെയും സമ്മിശ്രമായി സി.വി.രാമന്‍ പിള്ള ആവിഷ്‌കരിച്ച നോവലായ മാര്‍ത്താണ്ഡവര്‍മ്മയിലെ സുഭദ്ര എന്ന കഥാപാത്രത്തെ മുന്‍ നിര്‍ത്തിയുള്ള നാടകമാണിത്. ഉജ്ജ്വലമായ കഥാസന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കി ഭാവ സാന്ദ്രമായാണ് നാടകത്തിന്റെ അവതരണം. തുടര്‍ന്ന് ‘മുരളിയും നാട്യഗൃഹവും’ എന്ന വിഷയത്തില്‍ നാട്യ ഗൃഹത്തിന്റെ രക്ഷാധികാരിയും നാടകചലച്ചിത്ര പ്രവര്‍ത്തകനുമായ പ്രൊഫ. അലിയാര്‍ പ്രഭാഷണം നടത്തി. ഇതിന് ശേഷം അമല്‍ രാജ്, ജോസ് പി റാഫേല്‍ എന്നിവര്‍ ചേര്‍ന്ന് അഭിനയിച്ച ‘തോമ കറിയ കറിയ തോമ’ അരങ്ങിലെത്തി. പോസിറ്റീവ് ഫ്രെയിംസ് ആണ് നാടകം അവതരിപ്പിച്ചത്. വട്ടപ്പലിശക്കാരനായ തോമയുടെയും അയാളുടെ നീതിമാനായ മകന്‍ കറിയയുടെയും കഥയാണ് ഇത്. മൂന്ന് കാലഘട്ടങ്ങളുടെ പ്രതിപുരുഷന്‍മാരിലൂടെയാണ് നാടകം സഞ്ചരിക്കുന്നത്. മരണം തലയ്ക്ക് മുകളില്‍ വാള് പോലെ തൂങ്ങുമ്പോഴും പരസ്പരം മറന്ന് വെറുതേ ജീവിക്കുന്നവര്‍. ജീവിത ബന്ധങ്ങളുടെ പ്രാധാന്യം, സമ്പന്നതയുടെ അര്‍ഥശൂന്യത, മതങ്ങളുടെ ഭോഷ്‌ക് തുടങ്ങിയവ നാടകം ചര്‍ച്ച ചെയ്യുന്നു.
ഭരത് മുരളി നാടകോത്സവത്തിന്റെ സമാപന ദിവസമായ ഏപ്രില്‍ 04 ന് വൈകുന്നേരം 5.30 ന് സെനറ്റ് ഹാളില്‍ നടക്കുന്ന സമാപന ചടങ്ങ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. സിന്‍ഡിക്കേറ്റ് മെമ്പര്‍ അഡ്വ.കെ.എച്ച്.ബാബുജാന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍. അനില്‍ പ്രതിഭകളെ ആദരിക്കും. രജിസ്ട്രാര്‍ പ്രൊഫ. അനില്‍ കുമാര്‍ സ്വാഗതവും നാടകോല്‍സവ കണ്‍വീനര്‍ സന്തോഷ് ജി നായര്‍ നന്ദിയും അറിയിക്കും. തുടര്‍ന്ന് ശ്രീജിത്ത് രമണന്‍ സംവിധാനം ചെയ്ത ‘തീണ്ടാരിപ്പച്ച’ എന്ന നാടകം അരങ്ങേറും. നീരാവില്‍ പ്രകാശ് കലാകേന്ദ്രമാണ് നാടകം അവതരിപ്പിക്കുന്നത്. പെണ്ണുടലുകളുടെ അടിച്ചമര്‍ത്തപ്പെട്ട രാഷ്ട്രീയത്തെ വെളിവാക്കുന്ന നാടകമാണിത്. മാറുന്ന സമൂഹത്തിന്റെ പ്രതീക്ഷയും മാറേണ്ട സമൂഹത്തിന്റെ തമോ ഗര്‍ത്തങ്ങളും തീണ്ടാരിപ്പച്ച ചര്‍ച്ച ചെയ്യുന്നു. 2022 ല്‍ കേരള സംഗീത നാടക അക്കാദമി തിരഞ്ഞെടുത്ത 25 നാടകങ്ങളില്‍ ഒന്നായ ഈ നാടകത്തില്‍ അണി ചേര്‍ന്നിരിക്കുന്നത് നീരാവില്‍ പ്രകാശ് കലാ കേന്ദ്രത്തിലെ വനിതാ സംഘമാണ്.