വാക്ശരം / ടി കെ ഇബ്രാഹിം
ആരാലും ഭരിക്കപ്പെടാത്ത, ഭരണകൂടങ്ങളൊന്നൊന്നായി കൊഴിഞ്ഞു വീഴുന്ന ഒരു മഹാ കാലത്തിന്‍റെ സ്വപ്നവ്യാഖ്യാനമായിരുന്നു മാക്‌സിസം. കാള്‍ മാക്‌സും ഫെഡറിക് ആംഗല്‍സും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ മനുഷ്യചരിത്രത്തെയും ഭാവിയെയും സംബന്ധിച്ച വ്യാഖ്യാനങ്ങളുടെ സിദ്ധാന്തവും പ്രയോഗവും പക്ഷേ സമന്വയങ്ങളില്ലാതെ രണ്ടു നൂറ്റാണ്ടായി ഒരുട്ടോപ്യ മാത്രമായി തുടരുന്നു.
മനുഷ്യ വിമോചനത്തിന്‍റെയും സ്വാതന്ത്യത്തിന്‍റെയും (പരിമിതികളേറെയുണ്ടെങ്കിലും) താരതമ്യേന സ്വീകാര്യമായ സംവിധാനമായാണ് പാശ്ചാത്യനാടുകളില്‍ ജനാധിപത്യം തളിരിട്ടത് എന്നത് അതു സംബന്ധിച്ച പ്രാഥമികമായ അറിവ്. പരിഷ്‌കൃത സമൂഹം ഒരു ഭരണ വ്യവസ്ഥിതി എന്ന നിലയില്‍ ജനാധിപത്യത്തെ ഇന്ന് കൊടിയടയാളമാക്കി പരിരക്ഷിച്ചു പോരുന്നു.
ചരിതത്തിന്‍റെ പ്രവാഹവേഗത്തില്‍ മനുഷ്യസമൂഹം കൈവരിച്ച പ്രബുദ്ധതയുടെയും നൈതികബോധത്തിന്‍റെയും ഉരകല്ലായി ജനാധിപത്യത്തെ ഭരണഘടനകളിലും നീതിന്യായ വ്യവസ്ഥകളിലും വിളക്കിചേര്‍ത്തു. ജനസംഖ്യാനുപാതികമായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ദൗര്‍ബല്യങ്ങളേറെയുണ്ടെങ്കിലും വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന പഞ്ച സ്തഭങ്ങളും തെല്ലൊക്കെ ജീര്‍ണ്ണതയോടെയാണെങ്കിലും ഇന്നും നിലനില്‍ക്കുന്നു എന്നതു തന്നെയാണ് പ്രതീക്ഷയും പ്രത്യാശയും. ഈ സാഹചര്യത്തിലാണ് ‘ഏകീകൃത സിവില്‍ കോഡ്’ എന്ന ആശയം ചര്‍ച്ചയാകുമ്പോള്‍ ഈ കുറിപ്പുകാരന് കൗതുകമേറുന്നത്.
അനേകായിരം മതങ്ങളും ഭാഷകളും ഗോത്ര വൈവിധ്യങ്ങളുമുള്ള ഇന്ത്യന്‍ സമൂഹത്തില്‍ കോളോണിയന്‍ കാലത്തിന്‍റെ ദൗര്‍ബല്യങ്ങള്‍ ഇന്നും പേറുന്നതും, എന്നാല്‍ ഏകീകരിക്കപ്പെട്ടതുമായ ക്രിമിനല്‍ കോഡാണ് നിലവിലുള്ളത്, പിന്തുടരുന്നതും. വിസ്താരഭയത്താല്‍ ചുരുക്കട്ടെ. നൂറ്റാണ്ടുകളുടെ ജനാധിപത്യ വളര്‍ച്ചക്കൊപ്പം വളരാത്ത ക്രിമിനല്‍ നിയമങ്ങള്‍ നമ്മുടെ നിയമഗ്രന്ഥങ്ങളില്‍ ഇന്നും കുംഭകര്‍ണ്ണനെപ്പോലെ കൂര്‍ക്കംവലിച്ചുറങ്ങുന്നുണ്ട്. ഭേദഗതി (Amendment) കളില്ലാതെ. ഉദാഹരണം ഇന്നും കൊലപാതകം ചെയ്‌തൊരാള്‍ക്ക് ശിക്ഷായായി നിയമജ്ഞന്‍ വിധിക്കുന്നത് അയാള്‍ ചെയ്ത അതേ കൊലക്കുറ്റം തന്നെ. ഏക ആശ്വാസമായുള്ളത് മതനിയമങ്ങളുടെ പ്രാകൃത ശിക്ഷാവിധി നടപ്പാക്കുന്നില്ലെന്നതുമാത്രമാണ്. ലൈഗികത്തൊഴിലിലേര്‍പ്പെട്ട ഒരു സ്ത്രീയെ എറിഞ്ഞു കൊല്ലാനും കട്ടവന്‍റെ കൈ വെട്ടി മാറ്റാനുമുള്ള മതനിയമങ്ങള്‍ ഭാഗ്യം കൊണ്ട് ക്രിമിനല്‍ നിയമങ്ങളില്‍ ഇടം പിടിക്കാതെ പോയി.
എന്നാല്‍ സിവില്‍ നിയമങ്ങളുടെ അവസ്ഥയതല്ല. സ്വത്തവകാശ നിയമത്തില്‍ ഹിന്ദുവായ പിതാവിന് കുടുംബ സ്വത്തില്‍ അവകാശമില്ല. പിതൃത്വം ഒരു സങ്കല്പം മാത്രമാണെന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാവാം ഇങ്ങിനെയൊരു തീര്‍പ്പ് സിവില്‍നിയമപുസ്തകങ്ങളില്‍ ഇടം പിടിച്ചത്. കൃസ്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തിന്‍റെ കാര്യത്തില്‍ മേരി റോയ് നേടിയ അനുകൂലമായ സുപ്രീം കോടതി വിധികളും വിവാഹമോചനം സംബന്ധിച്ച് ‘ ദൈവം കൂട്ടിയോജിപ്പിച്ചത് മനുഷ്യര്‍ക്കായി വേര്‍പ്പെടുത്താന്‍ കഴിയില്ലെന്ന’ കാനോന്‍ നിയമത്തിനെതിരെ പരാതിക്കാര്‍ക്കനുകൂലമായുണ്ടായ വിധികളും തുടര്‍ന്നുണ്ടായ ഭേദഗതികളും വിധിപ്രസ്ഥാവങ്ങളും സമീപകാലത്തുണ്ടായി.
എന്നാല്‍ അത് സാമുദായികമായി വലിയ തോതിലുള്ള അലോസരങ്ങളില്ലാതെ സ്വീകരിക്കപ്പെട്ടു. എന്നാല്‍ സ്വത്തവകാശം സംബന്ധിച്ചും വിവാഹം, വിവാഹമോചത്തെക്കുറിച്ചും ഏകീകൃതസിവില്‍ കോഡുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. സ്ത്രീക്ക് പുരുഷനുള്ള പിതൃസ്വത്തിന്‍റെ പകുതിക്കു മാത്രമേ അവകാശമുള്ളൂ എന്ന അങ്ങേയറ്റം സ്ത്രീ വിരുദ്ധമായ മുസ്ലിം സ്വത്തവകാശനിയമവും പിതാവ് ജീവിച്ചിരിക്കെ മകന്‍ മരണമടഞ്ഞാല്‍ മകന്‍റെ മക്കള്‍ക്ക് പിതൃ സ്വത്തില്‍ അവകാശമില്ലെന്ന അയുക്തികവും ക്രൂരവുമായ നിയമവും.
ഒരാള്‍ക്ക് ആണ്‍കുട്ടികളില്ലാതെ പോയാല്‍ അയാളുടെ മരണാനന്തരം പെണ്‍കുട്ടികള്‍ക്ക് ലഭിക്കേണ്ട വിഹിതം ബന്ധുക്കള്‍ക്ക് ചെന്നുചേരും തുടങ്ങിയ യുക്തിരഹിത സ്വത്തവകാശ നിയമങ്ങള്‍ സിവില്‍ കോഡിന്‍റെ ഏകീകരണത്തോടെ ഇല്ലാതാവുമെന്നിരിക്കെ, പുരോഗമനപക്ഷത്താണ് നില്‍പ് എന്നവകാശപ്പെടുന്ന ഇടതുപാര്‍ട്ടികളും സാംസ്‌കാരിക നായകരും ഏത് യുക്തി ഉപയോഗിച്ചാണ് യൂണിഫോം സിവില്‍ കോഡിനെ എതിരിടാനൊരുമ്പെടുന്നത് ?
നാലു വിവാഹം വരെ വേണമെങ്കില്‍ കഴിക്കാന്‍ മുസ്ലിം വ്യക്തി നിയമമനുസരിച്ച് അനുമതിയുള്ള കമാല്‍ പാഷയെ പോലോരാള്‍ ജഡ്ജിയോ മജിസ്രേട്ടോ ആയി കോടതിയിലെത്തിയാല്‍ രണ്ടു വിവാഹം കഴിച്ച് ഹിന്ദു വ്യക്തിനിയമം ലംഘിച്ച ഹൈന്ദവ സഹോദരനെയും അതേ നിയമ ലംഘനത്തിന് മറ്റൊരു കൃസ്ത്യാനിയെയും ശിക്ഷിക്കാന്‍ നാല് വിവാഹം വരെ കഴിക്കാന്‍ വ്യക്തി നിയമ മനുവദിക്കുന്ന മസ്ലിം നാമധാരിയായ നിയമജ്ഞന് അധികാരമുണ്ടെന്നതാണ് തമാശ.
ജനാധിപത്യ വ്യസ്ഥയുടെ മുഖത്തു നോക്കി കൊഞ്ഞനം കുത്തുന്നതല്ലേ പ്രസ്തുത സിവില്‍ നിയമങ്ങളിലെ വൈരുദ്ധ്യവും അസന്തുലിതാവസ്ഥയും? ഗോവയില്‍ സിവില്‍ നിയമമേകീകരിച്ചതിന്‍റെ പേരില്‍ എന്തെങ്കിലും സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ഉടലെടുത്തതായറിവില്ല. ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനില്‍ വിവാഹമുക്തയായ സ്ത്രീക്ക് ജീവനാംശം രേഖാമൂലം ഉറപ്പുവരുത്തിയാല്‍ മാത്രമേ പുരുഷന് പുനര്‍വിവാഹത്തിനു സാധുതയുള്ളൂ. രാജഭരണം നിലനില്‍ക്കുന്ന അറബ് രാജ്യങ്ങളില്‍ പോലും സിവില്‍ നിയമങ്ങളില്‍ ഇന്ത്യയിലേതിനേക്കാള്‍ സ്ത്രീ സൗഹൃദപരവും പുരോഗമനപരവുമാണ്.
സിവില്‍ നിയമങ്ങളുടെ പരിധിക്കുവെളിയില്‍ ഹതഭാഗ്യരായി വരി നില്‍കില്‍ക്കുന്ന തേഡ് ജന്‍ററിനെക്കുറിച്ചാണ് മറ്റൊരാശങ്ക. ഭിന്നലിംഗരെയോ, മനുഷ്യനെന്ന നിലയില്‍ അവന്‍റെ അവകാശങ്ങളെയോ കുറിച്ച് മതനിയമങ്ങളില്‍ ഒന്നും ഉരിയാടിയിട്ടില്ലെന്നതാണ് ആശ്ചര്യജനകമായ വസ്തുത. വ്യക്തിനിയമങ്ങളുടെ പട്ടികയില്‍ ഇടം നേടാത്ത മൂന്നാം ലിംഗക്കാരുടെ വിഷയത്തില്‍ മത നിയമങ്ങളുടെ അവ്യക്ത മൗനം തന്നെയാണ് നീതിപീഠങ്ങളും തുടരുന്നത്. മത നേതൃത്വങ്ങള്‍ അടിയന്തരമായി ഭേദഗതികള്‍ കൊണ്ടുവന്നില്ലെങ്കില്‍ സാക്ഷാല്‍ദൈവം തന്നെ കുറ്റാരോപിതനാകും. ദൈവത്തിന് തെറ്റുപറ്റരുതല്ലോ?
അവസാനിപ്പിക്കും മുമ്പ് ഒരു കാര്യം കൂടി. സ്വകാര്യ സ്വത്തില്‍ വിശ്വാസമില്ലാത്ത, പൂര്‍ണ്ണമായും ജൈവിക നിയമങ്ങള്‍ പിന്തുടരുന്ന ഗോത്രസമൂഹങ്ങള്‍ക്കുമേല്‍ വിവാഹം, പിന്തുടര്‍ച്ച തുടങ്ങിയ ആധുനിക നിയമ വ്യവഹാര വ്യസ്ഥകള്‍ അടിചേല്‍പ്പിക്കുക എന്നതില്‍ നിന്നും പരിഷ്‌കൃത സമൂഹം പിന്തിരിയേണ്ടതുണ്ട്. ഗോത്രജനതയുടെ സ്വാസ്ഥ്യത്തിനുമേല്‍ ആധുനികതയുടെ ഭാരം ഇറക്കിവച്ചു കൂട.
ബാബാസഹേബും പണ്ഡിറ്റ്ജിയുമെല്ലാം ഏകീകൃത സിവില്‍ കോഡിന്‍റെ അനിവാര്യതയെക്കുറിച്ച് ഏഴുപതിറ്റാണ്ടു മുമ്പേ പറഞ്ഞു വച്ചു. വോട്ടുബാങ്ക് നിക്ഷേപകരൊഴികെ. ക്രിമിനല്‍ കോഡെന്ന പോലെ ഏകീകരിക്കപ്പെട്ട സിവില്‍ കോഡു തന്നെയാണ് ജനാധിപത്യത്തിന്‍റെ ശക്തിയും സൗന്ദര്യവുമെന്ന് ഇതെഴുതുന്നയാള്‍ വിശ്വസിക്കുന്നു. ശരാശരി മനുഷ്യന്‍റെ ബോധ്യങ്ങളുടെ വെളിച്ചത്തില്‍ ഒരു നിയമഗ്രന്ഥ പാരായണീയന്‍റെ പാണ്ഡിത്യത്തിന്‍റെയോ സംഘടിത ശക്തിയുടെയോ പിന്‍ബലമില്ലാതെ.