യാത്ര/ടി കെ ഇബ്രാഹിം
മരുഭൂമിയില്‍ വ്യത്യസ്ഥമായ ഭൂഭാഗങ്ങള്‍ തേടിയലയാന്‍ ഞങ്ങള്‍ക്കൊരു കൂട്ടുണ്ട് , മരുമകന്‍ ഷാനവാസിന്റെ സുഹൃത്ത് റഷീദ്. അയാള്‍ക്ക് യു എ ഇ യിലെ ഏഴ് എമിറേറ്റുകളും സുപരിചിതമാണ്. ഇന്ന് ഞങ്ങള്‍ക്ക് പോകേണ്ട ഉമ്മുല്‍ഖയിമില്‍ മുമ്പയാള്‍ വര്‍ഷങ്ങള്‍ ജോലി ചെയ്തിട്ടുണ്ട്. ഒഴിവുദിനമായ ശനിയാഴ്ച ലവണാംശമുള്ള തണ്ണീര്‍ തടങ്ങളും കണ്ടല്‍ കാടുകളുമുള്ള ഉമ്മുല്‍ ഖയിമിലെ ജനവാസം കുറഞ്ഞ തീരദേശമേഖലയിലേക്കായിരുന്നു യാത്ര. ദുബായിലെ താമസസ്ഥലത്തു നിന്നും ഒന്നര മണിക്കൂര്‍ െ്രെഡവുചെയ്താല്‍ എത്താവുന്നിടം.
ഉത്സാഹിയായ റഷീദും കുടുംബവും അയാളുടെ വാഹനത്തില്‍ മുന്‍പിലുണ്ട് .വാഹനം ഉപ്പളങ്ങള്‍ പോലുള്ള ചതുപ്പുകളിലേക്ക് വഴിതിരിഞ്ഞു. തുടരെ വെള്ളക്കെട്ടുകള്‍ കണ്ടു തുടങ്ങിയപ്പോള്‍ റഷീദ് വാഹനം അവിടെ ഒരിടത്തൊതുക്കി. മരുഭൂമിയുടെ പരുക്കന്‍ ഭാവങ്ങള്‍ക്കിണങ്ങുക ഞങ്ങളുടെ ലാന്റ് ക്രൂയിസറാണ് . അവനാണ് തുടര്‍ന്നുള്ള യാത്രക്കുത്തമം.
തീരത്തെ അര്‍ദ്ധചന്ദ്രാകൃതിയില്‍ വട്ടമിട്ടിരിക്കുന്ന കണ്ടല്‍ കാടുകളില്‍ കണ്ടല്‍ ചെടികള്‍ മാത്രമല്ല പേരറിയാത്ത മറ്റനേകം വളര്‍ച്ചകളുമുണ്ട്. നഗരങ്ങളിലെ അലങ്കാര ചെടികളുടെ വില്ലനക്കാര്‍ക്ക് ചൂടപ്പം പോലെ വിറ്റഴിക്കാന്‍ പറ്റുന്ന മനോഹാരിതങ്ങളായ പുഷ്പിണികള്‍ .പക്ഷേ ഇത്തരം ആവാസ വ്യവസ്ഥ വീട്ടുമുറ്റങ്ങളില്‍ സൃഷ്ടിച്ചെടുക്കുക എളുപ്പമല്ല.
ഈ വനസ്ഥലി ആദ്യമേ ഓര്‍മിപ്പിച്ചത്, ജൈവികമായ അറിവുകളിലൂടെ മാത്രം കണ്ടല്‍വനങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞ്, കണ്ടല്‍ ചെടികള്‍ വച്ചുപിടിപ്പിക്കാന്‍ ഒരായുസ്സു നീളെ പ്രയത്‌നിച്ച കണ്ടല്‍ പൊക്കുടനെന്ന മഹാമനുഷ്യനെയാണ്.
ഞങ്ങള്‍ കണ്ടല്‍ കാടിനകത്ത് പ്രവേശിച്ചതും കഴിഞ്ഞ പത്തു ദിവസമായി അണമുറിയാത്ത വാഹന പ്രവാഹത്തില്‍ ഒരു തവണപോലും കേട്ടിട്ടില്ലാത്ത ഒരു ഹോണടി ശബ്ദം കേട്ടു ഞെട്ടി. ഇവിടെ ഹോണ്‍ ശബ്ദം ഏറെക്കുറെ തെറിവാക്കിനു തുല്യമാണെന്ന് ദുബായില്‍ ജോലി ചെയ്യുന്ന റഷീദിന്റെ ഭാര്യ ജെസി പറഞ്ഞു. ഹോണ്‍ കേട്ട ഭാഗത്തേക്ക് റഷീദും ഷാനവാസും തിരഞ്ഞുപോയപ്പോള്‍ കണ്ടത് ചതുപ്പില്‍ താഴ്ന്ന പോലീസിന്റെ വാഹനമാണ്.
മാന്യമായി പോലീസവരോടു പറഞ്ഞത് ഇവിടം നിരോധിത മേഖലയാണ് , സന്ദര്‍ശകര്‍ക്ക് പവേശനമില്ല എന്നായിരുന്നു.ടിക്കറ്റ് നല്‍കി പ്രവേശനം നിയന്ത്രിക്കുന്ന കണ്ടല്‍ കാടുകളുള്ള ഉമ്മുല്‍ഖയിമിലെ മറ്റു പ്രദേശങ്ങളിലുണ്ട്. ആവശ്യമെങ്കില്‍ അങ്ങാട്ടു പോവാം. ഇവിടെ തങ്ങരുത് എന്നായിരുന്നു അവരുടെ നിര്‍ദ്ദേശം. വടം കെട്ടി പോലീസ് വാഹനം ചതുപ്പില്‍ നിന്നും വലിച്ചു കയറ്റാന്‍ സഹായിച്ചതിനുള്ള നന്ദിസൂചകമായോ എന്തോ ഒരു വന്‍ തുക പിഴ ചാര്‍ത്താവുന്ന കുറ്റകൃത്യത്തില്‍ നിന്നും അവരെ ഒഴിവാക്കി അയാള്‍ സലാം പറഞ്ഞു പിരിഞ്ഞു.
ഇതൊന്നുമറിയാതെ ഞങ്ങള്‍ അസ്തമയസൂര്യന്‍ ചക്രവാളത്തിലും കണ്ടല്‍വനങ്ങളിലും ഓരോ നിമിഷവും മാറ്റി മാറ്റിവരയ്ക്കുന്ന അഭൗമമായ വര്‍ണ്ണവിസ്മയങ്ങളില്‍ നഷ്ടപ്പെട്ട് മൗനികളായിരിക്കുകയായിരുന്നു. മറ്റേതോ ഗോളാന്തരയാത്രയിലെ സ്വപ്നാനുഭവ മെന്നപോലെ, പരിസരമാകെ ഇരുള്‍ പരക്കുന്നതറിയാതെ.