സംസ്ഥാന സ്‌കൂള്‍ കലോത്സവം: ഡിസംബര്‍ പത്തിന് കോഴിക്കോട് ബീച്ചില്‍ ‘കൊട്ടും വരയും’

Creation Kerala

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘കൊട്ടും വരയും’ പരിപാടി സംഘടിപ്പിക്കുന്നു. കോഴിക്കോട് ബീച്ചില്‍ ഡിസംബര്‍ 10ന് വൈകിട്ട് 5.30ന് 61 പ്രാവുകളെ പറത്തി കൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും.

അറുപത്തിയൊന്നാം സ്‌കൂള്‍ കലോല്‍സവത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പരിപാടിയില്‍ 61 വിദ്യാര്‍ത്ഥികള്‍ ബലൂണുകളുമായി അണിനിരക്കും. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ എം സച്ചിന്‍ ദേവ് എം എല്‍ എ, തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ ഉള്‍പ്പടെയുള്ള 61 ജനപ്രതിനിധികള്‍ ചടങ്ങിന്റെ ഭാഗമാകും.

ചിത്രകാരന്മാരും വിദ്യാര്‍ത്ഥികളും പങ്കാളികളാകുന്ന പരിപാടിയില്‍ ഓപ്പണ്‍ ക്യാന്‍വാസ് തയ്യാറാക്കുന്നതിനൊപ്പം കലാമണ്ഡലം ശിവദാസമാരാരുടെ നേതൃത്വത്തില്‍ വാദ്യഘോഷങ്ങളും അരങ്ങേറും. വിവിധ സബ്ബ് കമ്മിറ്റി ഭാരവാഹികളും വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥരും പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ പി എം മുഹമ്മദലി, ജോ. കണ്‍വീനര്‍ കെ കെ ശ്രീഷു എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *