തിരുവനന്തപുരം: യുക്രൈനിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ സ്‌കൈഅപ് എയര്‍ലൈനും അവരുടെ മാള്‍ട്ടയിലെ ഉപകമ്പനിയായ സ്‌കൈഅപ് മാള്‍ട്ടയും വ്യോമയാന സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനായി ഐബിഎസിന്റെ സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ തെരഞ്ഞെടുത്തു. വ്യോമയാന സോഫ്റ്റ് വെയര്‍ രംഗത്ത് ലോകത്തെ ഏറ്റവും മുന്‍നിരയിലുള്ള ഐബിഎസിന്റെ പാസഞ്ചര്‍ സര്‍വീസ് സോഫ്റ്റ് വെയറിലൂടെ (പിഎസ്എസ്) ഉപഭോക്തൃ സേവനങ്ങള്‍ കുറ്റമറ്റതാക്കാന്‍ സ്‌കൈഅപ്പിന് കഴിയും.
യുെ്രെകന്‍ യുദ്ധത്തെത്തുടര്‍ന്ന് ഭാഗികമായി മാത്രം പ്രവര്‍ത്തിച്ചിരുന്ന സ്‌കൈഅപ്പ് എസിഎംഐ സേവനങ്ങളില്‍ സജീവമായിരുന്നു. മാള്‍ട്ടയിലെ വ്യോമയാന ലൈസന്‍സ് ലഭിച്ചതോടെയാണ് വീണ്ടും ഈ രംഗത്ത് സജീവമായത്. മാള്‍ട്ടയില്‍ നിന്നും യൂറോപ്പിലെ എവിടേക്ക് വേണമെങ്കിലും വിമാനസര്‍വീസ് നടത്താനുള്ള അനുമതിയും സ്‌കൈഅപ്പിന് ലഭിച്ചു. പിഎസ്എസ് ലഭ്യമാകുന്നതോടെ ലോകോത്തര ഉപഭോക്തൃ സേവനങ്ങള്‍ സ്‌കൈഅപ്പിന് നല്‍കാനാകും.
മാറി വരുന്ന വിപണിയ്ക്കനുസരിച്ച് ഐബിഎസ് സോഫ്റ്റ് വെയറിന്റെ സഹായത്തോടെ നിരക്ക്, അനുബന്ധ സേവനങ്ങള്‍, എന്നിവ വിവിധ ഡിസ്ട്രിബ്യൂഷന്‍ ചാനലുകള്‍ വഴി നല്‍കാനാകും. മാത്രമല്ല, പ്രധാന കമ്പനിയായ സ്‌കൈഅപ്പും മാള്‍ട്ടയിലെ ഉപകമ്പനിയും ഒറ്റ പ്ലാറ്റ് ഫോമിലൂടെ പ്രവര്‍ത്തിക്കും. ഇതിലൂടെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുകള്‍ എന്നിവരിലേക്ക് ഒറ്റ ചാനലിലൂടെ തന്നെ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കും.
ഐബിഎസ് സോഫ്റ്റ് വെയറുമായുള്ള പങ്കാളിത്തം ആവേശത്തോടെയാണ് കാണുന്നതെന്ന് സ്‌കൈഅപ് എയര്‍ലൈന്‍സിന്റെ സിഒഒ ലുഡ്മിള സ്ലോബോദ്യാനിയോക് പറഞ്ഞു. മാറുന്ന വിപണിക്കനുസരിച്ച് സേവനങ്ങള്‍ ഏകീകരിക്കാന്‍ ഐബിഎസിന്റെ ക്ലൗഡ് അടിസ്ഥാന പിഎസ്എസിലൂടെ കഴിയും. ഭാവിയിലേക്കുള്ള സുപ്രധാന സഹകരണമായാണ് ഇതിനെ കാണുന്നതെന്നും അവര്‍ പറഞ്ഞു.
സ്‌കൈഅപ്പിന്റെ വ്യോമായാന സേവനങ്ങള്‍ പുനരാരംഭിക്കുന്നതില്‍ ഐബിഎസിന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാനുള്ള തീരുമാനം ഏറെ സന്തോഷം പകരുന്നതാണെന്ന് ഐബിഎസ് യൂറോപ്പ്ആഫ്രിക്ക മേഖലാ മേധാവിയും വൈസ് പ്രസിഡന്റുമായ ബെന്‍ജമിന്‍ സിമ്മണ്‍സ് പറഞ്ഞു. കൊവിഡിനെയും യുദ്ധത്തെയും അതിജീവിച്ച് മികവും നൂതനത്വവും നിലനിറുത്താന്‍ ഉത്സാഹിക്കുന്ന സ്‌കൈഅപ്പുമായുള്ള സഹകരണം ഒരു ബഹുമതിയാണ്. സ്‌കൈഅപ്പിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുന്നതില്‍ ഐബിഎസിന്റെ സഹകരണവും പിന്തുണയും എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.