കളവ് മുതലിലെ സാംസ്‌കാരിക വിഹിതം

Opinions

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

രു ഡസന്‍ അഴിമതി കേസുകളില്‍ അഴി പിടിക്കാതിരിക്കാന്‍ സഹായിക്കുന്ന മോദിക്ക് സിപിഎം എന്ത് പകരം നല്‍കും?

ഒന്നാമതായി, ഞാന്‍ മുമ്പ് പ്രവചിച്ച പോലെ I.N. D. I. A മുന്നണിയില്‍ അകത്തും പുറത്തും ആയി നിന്ന് അതിനെ കഴിയാവുന്നത്ര കുളമാക്കാന്‍ നോക്കും.

കരിമണല്‍ കേസിന്റെ ഗുരുത്വവും വ്യാപ്തിയും ആഘാതശേഷിയും മാത്രമല്ല, കരുവന്നൂര്‍ ബാങ്ക് കേസുമായി ബന്ധപ്പെട്ടിട്ടുള്ള റെയ്ഡിന്റെ ഊക്കും ടൈമിങ്ങും കാണുമ്പോള്‍ നിലനില്‍ക്കാനായി കേരളത്തില്‍ നാലഞ്ച് ലോക്‌സഭാ സീറ്റുകള്‍ കൂടി സംഘികള്‍ക്ക് പിടിച്ച് കൊടുക്കേണ്ടി വരും. ചുരുക്കത്തില്‍ ഫാസിസ്റ്റുകളും ഫാസിസ്റ്റുകളും ചേര്‍ന്ന ഒരു മുന്നണി.

എന്ത്? ഗുജറാത്ത് കൊലപാതകികള്‍ക്ക്, ബീഫ് വിരുദ്ധര്‍ക്ക്, മനു വാദികള്‍ക്ക്, ന്യൂനപക്ഷ വിരുദ്ധര്‍ക്ക് വിപ്ലവകാരികള്‍ വോട്ട് ചെയ്യുകയോ?

ആധാര ഗ്രന്ഥങ്ങള്‍ പ്രകാരം ഒരു കുഴപ്പവുമില്ല. ജോസഫ് സ്റ്റാലിന്‍ ആശാന്റെ The Foundations of Leninism എന്ന പാഠപുസ്തകത്തിന്റെ STRATEGY AND TACTICS എന്ന ഏഴാം അധ്യായത്തില്‍ ഇതൊക്കെയാവാം എന്ന് അനുവദിച്ചിട്ടുണ്ട്. നിലനില്‍പ്പിന്റെ പ്രശ്‌നമല്ലേ? പിന്നെ, മുസ്ലീങ്ങളുടെ അനിഷ്ടം. പരിഹരിക്കാവുന്നതേയുള്ളൂ. മുസ്ലീങ്ങള്‍ നല്ലവരാണ്. അവരോട് കാര്യം പറഞ്ഞാല്‍ മനസ്സിലാവും.

കേരളത്തില്‍ ഒരു ഈര്‍ക്കിലി പാര്‍ട്ടിയായ ബി ജെ പി സി പി എമ്മിന് വേണ്ടി വോട്ട് വില്‍ക്കുന്നതുപോലെയുള്ള ചില്ലറ കച്ചവടമല്ല ഇത്. സി പി എം നേതാക്കള്‍ പറഞ്ഞാല്‍ കേഡറുകള്‍ അക്ഷരംപ്രതി അനുസരിക്കും. പുകാസ നേതാക്കളും അവാര്‍ഡ് വാപ്പസിക്കാരും കമ്മി കമ്മിണികളും ഒക്കെ നിരനിരയായി നിന്ന് താമരയ്ക്ക് വോട്ട് ചെയ്യും. കൊള്ള മുതലില്‍ നിന്ന് സാംസ്‌കാരിക പങ്ക് പറ്റിയതല്ലേ? അപ്പോള്‍ കൊള്ളയ്ക്കുള്ള ശിക്ഷ ഒഴിവാക്കാനും പാര്‍ട്ടിയെ സഹായിക്കണം.