പട്ടികജാതി കമ്മീഷന്‍ നോക്കുകുത്തി ആവരുത്

Kozhikode

കോഴിക്കോട്: സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ ജനത നിരവധി രൂക്ഷമായ പ്രശ്‌നങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുമ്പോള്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ ഗോത്ര കമ്മീഷനും അംഗങ്ങളും ഓഫീസിലിരുന്നു നോക്കുകുത്തികളായി പ്രവര്‍ത്തിക്കുന്ന രീതി മാറ്റി ജില്ലകള്‍തോറും സിറ്റിംഗ് നടത്തി ഈ വിഭാഗം ജനതയുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാവണമെന്ന് അലയന്‍സ് ഓഫ് നാഷണല്‍ എസ് സി /എസ് ടി ഓര്‍ഗനൈസേഷന്‍ യോഗം ആവശ്യപ്പെട്ടു.

ആദിവാസി സമൂഹം തിങ്ങി താമസിക്കുന്ന വയനാട്ടിലെയും,അട്ടപ്പാടിയിലെയും നീറുന്ന പ്രശ്‌നങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ വന്നിട്ടു പോലും സര്‍ക്കാരും കമ്മീഷനും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു.

നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചുപിടിച്ച് ഭൂമിക്ക് വേണ്ടി നിലമ്പൂരില്‍ സമരം നടത്തുന്ന ആദിവാസികള്‍ക്ക് പതിച്ചു കൊടുക്കുവാന്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്ന ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ആര്‍ സുനിലിനെതിരെ എടുത്ത കേസ് പിന്‍വലിക്കണം എന്നും യോഗം ആവശ്യപ്പെട്ടു. രാമദാസ് വേങ്ങേരിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ ഗോത്ര മൂപ്പന്‍, കെ.പി.കോരന്‍, ജയകുമാരി കരമന, കെ.സി.ചന്ദ്രന്‍, വി.ട്ടി.ഭരത് രാജന്‍, രാജന്‍ പാലായി, അംബിക സുനില്‍ എന്നിവര്‍ സംസാരിച്ചു.