എ വി ഫര്‍ദിസ്
തിരുവനന്തപുരം: എത്തിയ കാണികളുടെ പ്രതീക്ഷകള്‍ക്കൊത്തുയരാത്ത ഒന്നാം ദിനത്തില്‍ അവസാനം പ്രദര്‍ശിപ്പിച്ച മേളയുടെ ഔപചാരികോദ്ഘാടന ചിത്രമായ ടോറി ആന്റ് ലോകിത പ്രേക്ഷകരുടെ മനം കവര്‍ന്നു. ഫ്രഞ്ച് ഭാഷയിലുള്ള ഈ ബെല്‍ജിയന്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ കറുത്തവര്‍ണ്ണക്കാരിയായ, കൗമാരക്കാരിയായ ലോകിത എന്ന പെണ്‍കുട്ടിയും ഒരു ബാലനുമാണ്. ഇരുവരും നേരിടുന്ന വെല്ലുവിളികളും അതിജീവനത്തിന്റെയും കഥയാണ് ടോറി ആന്റ് ലോകിത.
കൂടിയേറ്റക്കാരിയായ കൗമാരക്കാരിയായ ലോകിതയുടെ ലക്ഷ്യം ഒരംഗീകൃത പേപ്പര്‍ കിട്ടി നല്ല ജോലി ചെയ്ത്, ഒരു വീടൊക്കെ വാങ്ങി ബെല്‍ജിയത്തില്‍ താമസമാക്കുകയാണ്. എവിടെ നിന്നോ തന്റെ കൂടെ വന്ന ബാലനെ തന്റെ സഹോദരനായി അംഗീകരിച്ചു കിട്ടുകയെന്നുള്ളതും അവളുടെ ആഗ്രഹമായിരുന്നു. എന്നാല്‍ ഇതിനായുള്ള ഓട്ടത്തിനിടയില്‍ കഞ്ചാവ് വില്പനയിലും പിന്നീട് കഞ്ചാവ് വളര്‍ത്തിലുമൊക്കെയെത്തിയ ആ കൗമാരക്കാരിക്ക് തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാനാകാതെ മയക്കുമരുന്ന് ലോബിയുടെ വെടിയേറ്റ് മരണത്തിനു കീഴടങ്ങേണ്ടി വരുന്നിടത്ത് സിനിമക്ക് വിരാമമാകുകയാണ്.
രക്ത ബന്ധത്തിനപ്പുറം സ്‌നേഹ ബന്ധം എങ്ങനെ ഒരു കെട്ടുറപ്പുള്ള സഹോദര തുല്യമായ ബന്ധം ഉണ്ടാക്കുന്നുവെന്നത് അനുഭവ ത്രീവതയോടെ വരച്ചു കാട്ടുകയാണ് ഈ ചലച്ചിത്രം. ഇന്ന് പ്രദര്‍ശിപ്പിച്ച മറ്റു ചലച്ചിത്രങ്ങള്‍ക്കൊന്നും സാധിക്കാത്ത ഈ സിനിമാ കാഴ്ചയാണ് ഈ ചലച്ചിത്രത്തെ വേറിട്ടതാക്കി മാറ്റിയതും. യൂറോപ്പിലടക്കം പാശ്ചാത്യ രാജ്യങ്ങളിലെ മായ്ച്ചുകളയാനാകാത്ത വര്‍ണവെറിയുടെ ദുരന്തത്തിലേക്ക് ഈ സിനിമ കടന്നു ചെല്ലുന്നു.
കാന്‍, ഇസ്‌ക്കാല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പുരസ്‌ക്കാരം നേടിയ ഈ ചലച്ചിത്രം സാന്‍ സെബ്യാസ്റ്റിയന്‍ ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഈ ചലച്ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനമായിരുന്നു. കാന്‍, വെനീസ് അടക്കമുളളിടങ്ങളില്‍ പുരസ്‌ക്കാരാര്‍ഹമാകുന്നതും അല്ലെങ്കില്‍ അവിടെ പ്രദര്‍ശിപ്പിച്ച ചലച്ചിത്രങ്ങള്‍ ഉണ്ടെങ്കില്‍, ഗൗരവമായ കാഴ്ച തേടിയെത്തുന്ന ചലച്ചിത്ര പ്രേമികളെ സംബന്ധിച്ചിടത്തോളം മനസ്സിനെയും തലച്ചോറിനെയുമെല്ലാം നിറക്കുന്നവയായിരിക്കും ഇത്തരം ചലച്ചിത്രങ്ങള്‍.
എന്നാല്‍ ഇന്ന് പ്രദര്‍ശിപ്പിച്ച പത്ത് സിനിമകളില്‍ എട്ടെണ്ണവും രാജ്യാന്തര തലത്തിലെ പ്രമുഖ ചലച്ചിത്ര മേളകളില്‍ അവാര്‍ഡുകള്‍ നേടിയവയായിരുന്നു. പക്ഷേ ഇതിലെ മിക്ക ചലച്ചിത്രങ്ങളും അത്തരമൊരു നിലവാരത്തിലുള്ള കാഴ്ച നല്കുന്നവയായിരുന്നില്ല, ടോറ ആന്റ് ലോകിതയൊഴികെ.
ഈ വര്‍ഷത്തെ കാനില്‍ ജൂറി കപ്പ് ഡേ കോര്‍ നേടിയ ഫ്രഞ്ച് ചലച്ചിത്രം റോഡിയോ, കാനില്‍ തന്നെ പ്രദര്‍ശിപ്പിച്ച സണ്‍സ് ഓഫ് റംസസ് (ഫ്രാന്‍സ് ), റിമെന്‍സ് ഓഫ് ദ വിന്‍ഡ് (പോര്‍ച്ചുഗല്‍) എന്നിവയും വെനീസില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട റെഡ് ഷൂസ് (മെക്‌സിക്കോ), ഓട്ടോ ബയോഗ്രഫി ( ഇന്ത്യനേഷ്യ) സാന്‍ സെബ്യാസ്റ്റ്യന്‍ ഫെസ്റ്റിവലില്‍ കാണിച്ച ദി നോയിസ് ഓഫ് ദ എന്‍ജീന്‍ (കാനഡ), ലോകാര്‍ണോ മേ ളയില്‍ പ്രദര്‍ശിപ്പിച്ച സെമ് ററ്റ് (സ്വിറ്റ്‌സര്‍ലന്റ്) എന്നിവയാണ് വിചാരിച്ച നിലവാരത്തിലേക്ക് കാണികളുമായി സംവദിക്കുവാനാകാതെ പോയ ചല ചിത്രങ്ങള്‍.