ഓര്‍മ്മ / എ ദേവകി
ഏതാള്‍ക്കൂട്ടത്തിനിടയിലും സ്വാമിനാഥന്‍ സാര്‍ എന്നെ തിരിച്ചറിയുന്നു എന്നത് ഒരഹങ്കാരമായി കരുതുകയാണ് ഞാന്‍. പൊതുപ്രവര്‍ത്തകയെന്ന നിലയില്‍ കൈവന്ന പദവിയോ ചുമതലയോ ആയിരുന്നില്ല എനിക്ക് ഈ സൗഭാഗ്യം നേടിത്തന്നത്. വയനാട്ടിലെ ഗോത്ര ജനതയുടെ പ്രതിനിധിയായി സ്വാമിനാഥന്‍ സാറിന് മുന്നില്‍ പോയപ്പോഴെല്ലാം അദ്ദേഹത്തിന്റെ വാത്സല്യം അനുഭവിക്കാന്‍ എനിക്ക് അവസരം കിട്ടി.
ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷയായി പ്രവര്‍ത്തിക്കുന്നതിനിടെ പഞ്ചായത്തംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ നേരില്‍ കാണാന്‍ പോയ സന്ദര്‍ഭം പ്രത്യേകം ഓര്‍ക്കുന്നു. അദ്ദഹത്തിന്റെ ഓരോ സന്ദര്‍ശനവും കല്‍പറ്റയിലെ എം എസ് എസ് ആര്‍ എഫ് ഗവേഷണ നിലയത്തില്‍ ഉത്‌സവമാണ്. ഗവേഷകരും വിദ്യാര്‍ത്ഥികളും ജനപ്രതിനിധികളും ഉള്‍ക്കൊള്ളുന്ന ആള്‍ക്കൂട്ടം കാമ്പസിലുണ്ടാവും. ആ സന്ദര്‍ഭത്തിലാണ് അദ്ദേഹം ചിരിച്ചുകൊണ്ട് എന്നെ മാടി വിളിക്കുന്നത്. ഞാന്‍ തിരഞ്ഞും മറിഞ്ഞും നോക്കി. എന്നെത്തന്നെയെന്ന് ഉറപ്പാക്കി അദ്ദേഹത്തിനടുത്തേയ്ക്ക് നടന്നു. സ്‌നേഹത്തോടെ അരികിലേയ്ക്ക് ചേര്‍ത്ത് നിര്‍ത്തി വിശേഷം ചോദിച്ചു. ആദിവാസികളുടെ ജീവിതത്തെക്കുറിച്ചും അത് നിലനിര്‍ത്തേണ്ടതിനെക്കുറിച്ചും അദ്ദേഹം ആ തിരക്കിനിടയിലും ഓര്‍മ്മിപ്പിച്ചു.
പുരസ്കാരം സ്വീകരിക്കുന്നു
കല്‍പ്പറ്റയിലെ അയ്യപ്പ ക്ഷേത്രത്തിനകത്തും പിന്നീട് പലയിടങ്ങളിലും ഇതാവര്‍ത്തിച്ചു. കല്‍പ്പയിലെ ഗവേഷണ നിലയത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് ആദിമ നിവാസികളുടെ അറിവിന്റെ വീണ്ടെടുക്കല്‍ കൂടിയായിരുന്നു. അങ്ങിനെയാണ് ഗവേഷണ കേന്ദ്രവുമായുള്ള എന്റെ ബന്ധം ഊട്ടിയുറപ്പിക്കപ്പെട്ടത്. ഗവേഷണ നിലയം രൂപീകരിച്ച വയനാട് ആദിവാസി പ്രവര്‍ത്തക സമിതിയുടെ നേതൃസ്ഥാനത്ത് നിയമിക്കപ്പെട്ടതോടെ അടുപ്പം കൂടുതല്‍ ഹൃദ്യമായി. ഒപ്പം സ്വാമിനാഥന്‍ സാറുമായുള്ള ബന്ധവും. കൃഷിക്കാരായ കുറിച്യ, കുറുമ സമുദായങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ഈ സമിതിയില്‍ അംഗങ്ങളായത്. പരമ്പരാഗത നെല്‍ വിത്തിനങ്ങളായ തൊണ്ടി, ചോമാല, ജീരകശാല തുടങ്ങിയ ആറു നെല്ലിനങ്ങളുടെ പാറ്റന്റ് വയനാട് ആദിവാസി പ്രവര്‍ത്തക സമിതിയുടെ പേരിലാണ്. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സ്വാമിനാഥന്‍ സാറാണ്.
അക്കൊല്ലത്തെ ജീനോം സേവ്ഇയര്‍ പുരസ്‌കാരവും സമിതിയ്ക്കായിരുന്നു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്വാമിനാഥന്‍ സാറില്‍ നിന്നാണ് ഈ അവാര്‍ഡ് ഏറ്റുവാങ്ങിയത്. എന്റെ ജീവിതത്തിലെ ഏറ്റവും ഹൃദ്യമായ ഒരു സന്ദര്‍ഭമായാണ് ഈ ചടങ്ങിനെ ഞാന്‍ കാണുന്നത്. പിന്നീട് നിരവധി തവണ , വിവിധയിടങ്ങളില്‍ വെച്ച് സാറിനെ കാണാനും പ്രഭാഷണം കേള്‍ക്കാനും അവസരം കിട്ടി. ഓരോ സന്ദര്‍ഭവും എനിക്ക് അഭിമാനകരമായാണ് അനുഭവപ്പെട്ടത്. സാറിന്റെ വിയോഗം സ്വയം അനാഥമാക്കപ്പെട്ടതുപോലെയാണ് വയനാട്ടിലെ ആദിവാസികള്‍ കാണുന്നതെന്നാണ് എന്റെ പക്ഷം.