ഒഡീഷ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ രണ്ട് ബിജു ജനതാദൾ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു, മൂന്നാം സീറ്റിലെ സസ്പെൻസ് നിലനിർത്തി നവീൻ പട് നായിക്

Analysis

തയാറാക്കിയത് : ഭരത് കൈപ്പാറേടൻ

ബിജു ജനതാദൾ നേതാക്കളായ ദേബാശിഷ് ​​സാമന്തറായ് യും സുഭാശിഷ് ​​ഖുന്തിയയും ഫെബ്രുവരി 27ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനായി ചൊവ്വാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അതേസമയം മൂന്നാമത്തെ സീറ്റിൽ ബിജു ജനതാദൾ ഇതുവരെ പേരുകളൊന്നും പ്രഖ്യാപിക്കാത്തതിനാൽ ഇക്കാര്യത്തിൽ സസ്‌പെൻസ് തുടരുകയാണ്.

109 അംഗങ്ങളുള്ള ബിജെഡിക്ക് 38 വീതമുള്ള ആദ്യ മുൻഗണനാ വോട്ടുകൾ കൊണ്ട് രണ്ട് സ്ഥാനാർത്ഥികളെ സ്വന്തമായി തിരഞ്ഞെടുക്കാണ് കഴിയും. എന്നാൽ മൂന്നാം സ്ഥാനാർഥിയെ വിജയിപ്പിക്കണമെങ്കിൽ നാല് എംഎൽഎമാരുടെ പിന്തുണ കൂടി വേണം.

2019ലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന കേന്ദ്ര റെയിൽവേ, ഐടി, കമ്മ്യൂണിക്കേഷൻസ് മന്ത്രി അശ്വിനി വൈഷ്ണവ് അക്കുറി ബിജെഡിയുടെ പിന്തുണയോടെയാണ് വിജയിച്ചത്. ഇക്കുറി മൂന്നാമത്തെ രാജ്യസഭാ സീറ്റിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ബിജു ജനതാദൾ വൈകുന്നത് ഒരിക്കൽക്കൂടി അശ്വിനി വൈഷ്ണവിനെ അനുകൂലിക്കാനാണെന്ന ഊഹാപോഹ൦ ശക്തമാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വൈഷ്ണവ് ബുധനാഴ്ച രാവിലെ ഒഡീഷയിലെത്തും.

മൂന്ന് തവണ ബിജെഡി എംഎൽഎയായിരുന്ന സാമന്ത്രയും ബിജു യുവ ജനതാദളിൻ്റെ വൈസ് പ്രസിഡൻ്റ് സുഭാശിഷ് ​​ഖുന്തിയയും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിൻ്റെയും മറ്റ് ബിജെഡി നേതാക്കളുടെയും സാന്നിധ്യത്തിൽ സംസ്ഥാന നിയമസഭയിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബരാബതി-കട്ടക്ക് മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ട 64 കാരനായ സാമന്ത്രയ് മുഖ്യമന്ത്രി നവീൻ പട്നായിക്കിൻ്റെ അടുത്ത അനുയായിയാണ്. 12-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ജഗന്നാഥ ക്ഷേത്രത്തിന് ചുറ്റുമുള്ള ഇടനാഴിയിലെ ശ്രീമന്ദിർ പരിക്രമ പദ്ധതിക്കായി ഏറെ പ്രതിസന്ധികൾ മറികടന്ന് 15.6 ഏക്കർ ഭൂമി ഏറ്റെടുത്ത് ശ്രദ്ധ പിടിച്ചു പറ്റിയ നേതാവാണ് സുഭാശിഷ് ഖുന്തിയ.