കമ്മ്യൂണിസ്റ്റ് സത്യസന്ധത ആരംഭിക്കേണ്ടത്?

Analysis

ചിന്ത /പ്രൊഫ: എം പി ബാലറാം

എം എന്‍ വിജയന്‍ മാഷ് സ്വീകാര്യനാകുന്നതിന് മുമ്പ് ഇവിടെ ആരെല്ലാം സ്വീകാര്യരായിത്തീര്‍ന്നെന്ന് അറിയുന്നവര്‍ക്ക് ഇതില്‍ അത്ഭുതം തോന്നില്ല. എം വി രാഘവനേയും നൃപന്‍ചക്രവര്‍ത്തിയേയും കെ ആര്‍ ഗൗരിയമ്മയേയും രോഗാവസ്ഥയില്‍ കിടക്കുമ്പോഴാണ് സ്വീകാര്യതയുടെ പട്ടം അണിയിച്ചത്.

എന്‍ സി ശേഖറിനേയും ചങ്ങമ്പുഴ കൃഷ്ണപിള്ളയേയും സി ജെ തോമസിനേയും എം പി പോളിനേയും കേസരിയേയും മുണ്ടശ്ശേരി മാഷെയും ഇടശ്ശേരിയേയുമെല്ലാം മുന്‍ തലമുറയിലെ കമ്യൂണിസ്റ്റ് പതാക വാഹകരായാണ് പാവം പുത്തന്‍ കൂറ്റുകാരെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. ജീവിച്ചിരുന്ന കാലത്ത് ബൂര്‍ഷ്വാ പക്ഷത്ത് നിലയുറപ്പിച്ച ആളുകളായി ബ്രാന്റ് ചെയ്യപ്പെട്ടവരാണ് ഇവര്‍. തകഴിയേയും ദേവിനേയും ബഷീറിനെയും അരാജകവാദികളായും എഴുതിത്തള്ളി.

ഉപരിപ്ലവതയുടെ വിഴുപ്പ് ഭാണ്ഡം ഒരുകാലത്ത് പേറിനടന്നവരാണ് നമ്മളും. കണ്‍മുന്നില്‍ അരങ്ങേറുന്ന ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഒരു ജീവിത കാലം മുഴുവന്‍ പേറി നടന്ന വിഴുപ്പുകളും വിഴുപ്പലക്കലുകളും ഉപേക്ഷിക്കാന്‍ കാലമായെന്ന് അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. അക്ഷരം കൂട്ടിവായിക്കാന്‍ പോലും അറിയാത്തവര്‍ അക്ഷരത്തിന്റെ വിധാതാക്കളാവേണ്ടതില്ല എന്ന് അധികാര സ്ഥാനത്തിരിക്കുന്നവരോട് നേര്‍ക്ക് നേരെ പറയാന്‍ പ്രാപ്തി നേടുകയാണ് കാര്യം. കമ്യൂണിസ്റ്റ് സത്യസന്ധത അവിടെ നിന്നാണ് ആരംഭിക്കേണ്ടത്.