പ്രസംഗത്തിലും പ്രവര്‍ത്തനത്തിലും വേറിട്ട വഴി വെട്ടിയ സഖാവ്

News

എ വി ഫര്‍ദിസ്

കോഴിക്കോട്: നിങ്ങള്‍ നിക്കരാഗെയിലേക്ക് നോക്കൂ, പരാഗെയിലേക്ക് നോക്കൂ … സി പി കുഞ്ഞുവെന്ന കമ്മ്യൂണിസ്റ്റ് നേതാവ് യാത്രയാകുമ്പോള്‍ ആദ്യം കോഴിക്കോട്ടെ പഴയതലമുറയുടെ മനസ്സിലേക്കോടിയെത്തുക, അദ്ദേഹത്തെ കളിയാക്കുവാനായിരുന്നെങ്കിലും പഴയ കാലത്ത് ലീഗ് കോണ്‍ഗ്രസ് വേദികളില്‍ നിന്നുയര്‍ന്നിരുന്ന, സി പി കുഞ്ഞുവിന്റെ നിക്കരാഗ്വയിലേക്ക് നോക്കൂ പ്രസംഗം പോലെയെന്ന പരാമര്‍ശമാണ്.

അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ച് സജീവമായി സംസാരിച്ചിരുന്ന പഴയ കമ്മ്യൂണിസ്റ്റ് പൊതു പ്രഭാഷണ വേദികളെക്കുറിച്ച് വീണ്ടും ഇത് ഓര്‍മിപ്പിക്കും. എന്നാല്‍ അതിനുമപ്പുറം കാലിച്ചാക്ക് ഇടവഴി എന്ന വലിയങ്ങാടിയിലെ തെരുവില്‍ നിന്ന് ഒരു സാധാരണ തൊഴിലാളി മാത്രമായി ചെങ്കൊടിയേന്തിയ, ഈ പൊതുപ്രവര്‍ത്തകന്‍ സി പി എമ്മിന്റെ പാര്‍ട്ടി ക്ലാസിലൂടെയും വായനയിലൂടെയും എത്രമാത്രം സ്വന്തം പ്രയത്‌നം കൊണ്ട് വളര്‍ന്നുവെന്നതിന്റെ കഥ കൂടിയാണ് ചെറിയാലിങ്ങല്‍ പറമ്പില്‍ അഥവാ സി പി കുഞ്ഞുവെന്ന വ്യക്തി തന്റെ ജീവിതത്തിലൂടെ ചരിത്രത്തില്‍ ബാക്കിയാക്കി കടന്നുപോകുന്നത്.

അങ്ങനെ ഇന്‍ക്വിലാബ് വിളിച്ചും തൊഴിലാളി സംഘാടകനായുമൊക്കെ, വളര്‍ന്നുവന്ന സി പി കുഞ്ഞുവിന്റെ പ്രസംഗങ്ങളും ഇടതു വേദികളിലെ ആ കാലഘട്ടത്തിന്റെ ഹരങ്ങളിലൊന്നായിരുന്നു. അന്തര്‍ദേശീയ പ്രശ്‌നങ്ങളെക്കുറിച്ചതെന്നതു പോലെ, ഒരു തെക്കേപ്പുറത്തുകാരന്‍ എന്നതുകൊണ്ട് മുസ്‌ലിംങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മുസ്ലിം ലീഗിനെ വിമര്‍ശിച്ചു കൊണ്ടുള്ള രാഷ്ട്രീയ പ്രസംഗങ്ങളിലുമെല്ലാം ഇങ്ങനെ വേറിട്ട അവതരണവും ശൈലിയുമുള്ള ഒരു താര പ്രാസംഗികനായി സി പി കുഞ്ഞുമാറുകയായിരുന്നു.

നര്‍മം കലര്‍ത്തിയുള്ള അദ്ദേഹത്തിന്റെ അവതരണം, പ്രത്യേകിച്ച് മുസ്ലിം ലീഗ് ശക്തി കേന്ദ്രങ്ങളില്‍ സി പി എമ്മിന്റെ പ്രധാന മാസ്റ്റര്‍ പീസുകളിലൊന്നായിരുന്നു. കോഴിക്കോടു നിന്നത് മലപ്പുറത്തേക്കും മറ്റയല്‍ ജില്ലകളിലേക്കുമെല്ലാം വളര്‍ന്ന്, സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലേക്കു വരെ അതെത്തി. പല ജില്ലകളില്‍ നിന്നും ഇടിയാങ്ങര കുളത്തിനു സമീപത്തെ വീട്ടിലേക്ക് പുലര്‍ച്ചെ തന്നെ പ്രസംഗത്തിന് കൂട്ടിക്കൊണ്ടുപോകുവാനായി ആളെത്തിയിരുന്ന ഒരു കാലം വരെയുണ്ടായിരുന്നു പണ്ട്. പ്രത്യേകിച്ച് ശരീഅത്ത് വിവാദ കാലത്ത്. തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍, മണ്ഡലങ്ങളില്‍ നിന്ന് മണ്ഡലങ്ങളിലേക്കുള്ള ഉത്രാടപാച്ചില് വരെയായത് മാറിയിട്ടുണ്ടത്.

തന്റെ പ്രസംഗത്തിലൂടെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നതോടൊപ്പം അതിനായി ഇദ്ദേഹം ഉപയോഗിച്ചിരുന്ന ശക്തമായ പ്രയോഗങ്ങളും വാക്കുകളുമെല്ലാം ഔപചാരിക വിദ്യാഭ്യാസത്തിനപ്പുറമാണ് പൊതുപ്രവര്‍ത്തകന്റെ പ്രായോഗിക ജീവിതത്തില്‍ നിന്നുണ്ടാകുന്ന അനുഭവങ്ങള്‍, വായന എന്ന് തെളിയിക്കുന്നതായിരുന്നു. അതുപോലെ പഴയ തലമുറയുടെ തങ്ങള്‍ക്കറിയാത്ത വിഷയങ്ങള്‍ വായിച്ചു മനസ്സിലാക്കി, പഠിച്ചവതരിപ്പിക്കുവാനുള്ള അര്‍പ്പണബോധത്തിനുദാഹരണം കൂടിയായിരുന്നു സി പി കുഞ്ഞു.

മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായിരുന്നു കോഴിക്കോട് രണ്ടില്‍ ഏവരെയും അത് ഭുതപ്പെടുത്തുന്ന വിജയം നേടിയാണ് നിയമസഭയിലെത്തിയത്. അതേ പോലെ തന്നെ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും കോണ്‍ഗ്രസ് മുന്നണി യോടൊപ്പമായിരുന്നു, കേരളത്തില്‍ ഏ കെ ആന്റണി നേതൃത്വം നല്കിയിരുന്ന കോണ്‍ഗ്രസ് (യു), സി പി ഐ (എം) എന്നിവര്‍ ഉണ്ടായിരുന്ന ജനമുന്നണിയുടെ സ്ഥാനാര്‍ഥിയായി ഇടിയാങ്ങരയില്‍ മത്സരിച്ചു കൊണ്ടായിരുന്നു. എതിര്‍ സ്ഥാനാര്‍ഥി മുസ്ലിം ലീഗായിരുന്നു. എങ്കിലും ഇദ്ദേഹത്തെ ഏറെ ഓര്‍മിക്കുക, സംശുദ്ധ പൊതുപ്രവര്‍ത്തനം കൊണ്ടു തന്നെയായിരിക്കും.

‘ഒരു തെറ്റ് ചെയ്യേണ്ടി വരുമ്പോള്‍ രണ്ട് തവണ ആലോചിക്കുന്നവനാണ് കമ്മ്യൂണിസ്റ്റ്കാരന്‍. സ്വയം വിമര്‍ശനം നടത്തുമ്പോള്‍ തെറ്റില്‍ നിന്നും അവര്‍ പിന്തിരിയും ഞാനും അങ്ങിനെ ചിന്തിച്ചിട്ടുണ്ട്.’ നേരെ വാ നേരെ പോ എന്നത് ശൈലിയാക്കിയ ഇദ്ദേഹം, ഒരു കമ്മ്യൂണിസ്റ്റുകാരനെക്കുറിച്ച് സ്വയം നല്കിയ ഈ നിര്‍വചനം തന്നെ ആരായിരുന്നു സി പി കുഞ്ഞുവെന്നതിന് ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നായിരുന്നു. ഇത് തന്നെയാണ് പഴയ തലമുറയിലെ ഈ സഖാവിനെ വേറിട്ടതാക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *