ദുബൈ: മുസ്ലീം ലീഗില്‍നിന്നും കെ എം സി സിയില്‍ നിന്നും പുറത്താക്കിയിട്ടും ഇബ്രാഹീം എളേറ്റില്‍ സംഘടനക്കുള്ളില്‍ തന്നെ. ഇബ്രാഹിം എളേറ്റിലിനെ പൂര്‍ണമായി തള്ളാനും സ്വീകരിക്കാനും കഴിയാതെ നേതൃത്വം. അച്ചടക്ക ലംഘനത്തിന്റെ പേരില്‍ ദുബൈ കെ എം സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്‍പ്പെടെ ലീഗ് നേതൃത്വം ഇബ്രാഹീം എളേറ്റിലിനെ പുറത്താക്കിയിരുന്നു. ഈ വാര്‍ത്ത ഔദ്യോഗികമായി തന്നെ പുറത്തു വന്നിരുന്നു.

എന്നാല്‍ കെ എം സി സിയുടെ പേരില്‍ കഴിഞ്ഞ ദിവസം ദുബൈയില്‍ വാര്‍ത്തസമ്മേളനം വിളിച്ചുചേര്‍ത്ത് എളേറ്റില്‍ എതിരാളികളെ ഞെട്ടിച്ചു. ഷാര്‍ജ പുസ്തകോത്സവത്തില്‍ കെ എം സി സിക്ക് സ്റ്റാള്‍ ഒരുക്കിയതും എളേറ്റിലായിരുന്നു. ദുബൈ കെ എം സി സിക്ക് കെട്ടിടം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തില്‍ ഒപ്പുവെക്കുന്ന ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. കെ എം സി സി സി ഡി എ ഡയരക്ടര്‍ ബോര്‍ഡ് പ്രസിഡന്റ് എന്ന പേരിലാണ് എളേറ്റില്‍ കെ എം സി സിയില്‍ മാറ്റമില്ലാതെ തുടരുന്നത്.
യു എ ഇയില്‍ സംഘടനകള്‍ക്ക് അനുമതി നല്‍കുന്ന സംവിധാനമാണ് കമ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി (സി ഡി എ). അവരുടെ പക്കലുള്ള രേഖകളില്‍ ഇപ്പോഴും പ്രസിഡന്റായി എളേറ്റിലിന്റെ പേരാണുള്ളതെന്നാണ് അറിയുന്നത്. ഒക്ടോബര്‍ 15നാണ് ഇബ്രാഹിം എളേറ്റിലിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്. അച്ചടക്ക വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍. ‘ചന്ദ്രിക’ ദിനപത്രത്തിലൂടെയാണ് വിവരം പ്രഖ്യാപിച്ചത്. മുസ്ലീം ലീഗ് നേതൃത്വത്തിന്റെ സസ്‌പെന്‍ഷന്‍ താന്‍ അംഗീകരിക്കുന്നതായും എന്നാല്‍ ദുബൈ കെ എം സി സി സി ഡി എ ഡയരക്ടര്‍ ബോര്‍ഡിന്റെ പ്രസിഡന്റ് നിലവില്‍ താന്‍ തന്നെയാണെന്നും ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു.