തിരുവനന്തപുരം: അക്കാദമികേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന ഗ്രേസ്മാര്‍ക്ക് പുന:സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഗ്രേസ്മാര്‍ക്ക് അനുവദിച്ചിരുന്നില്ല. ഇക്കുറി ഗ്രേസ്മാര്‍ക്ക് പുന:സ്ഥാപിക്കാനാണ് തീരുമാനം. എന്നാല്‍ ഗ്രേസ്മാര്‍ക്ക് വിതരണത്തില്‍ അസമത്വം ഉണ്ടായിരുന്നതായും അവ പരിഹരിച്ച് നീതിയുക്തമായ രീതിയിലായിരിക്കും മാര്‍ക്ക് അനുവദിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) വി.എച്ച്.എസ്.ഇ വിഭാഗം സംഘടിപ്പിച്ച ‘മഹിതം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ഡയറക്ടറേറ്റ്തല അവാര്‍ഡ് സമര്‍പ്പണവും എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനവും നടത്തി. എന്‍.എസ്.എസ് വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ 202122 വര്‍ഷത്തില്‍ സംസ്ഥാന തലത്തില്‍ മികച്ച യൂണിറ്റുകളായി മലപ്പുറം ബി.പി. അങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗേള്‍സും കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഗേള്‍സും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച സംസ്ഥാനതല പ്രോഗ്രാം ഓഫീസര്‍മാര്‍ ബി.പി അങ്ങാടി സ്‌കൂളിലെ കെ. സില്ലിയത്തും നടക്കാവ് സ്‌കൂളിലെ എം.കെ. സൗഭാഗ്യ ലക്ഷ്മിയുമാണ്. മികച്ച സംസ്ഥാനതല വളണ്ടിയര്‍മാരായി കോഴിക്കോട് ബാലുശ്ശേരി ഗവണ്‍മെന്റ് വി.എച്ച്.എസ്.എസിലെ വേദ വി.എസും ഇടുക്കി തട്ടക്കുഴ വി.എച്ച്.എസ്.എസിലെ നിയാസ് നൗഫലും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്കുള്ള അവാര്‍ഡുകളും ജില്ലാതലങ്ങളിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു.
വിദ്യാര്‍ഥികള്‍ക്കിടയില്‍ എന്‍.എസ്.എസിന്റെ പ്രാധാന്യം അനുദിനം വര്‍ധിച്ചുവരികയാണെന്നും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളിലും എന്‍.എസ്.എസ് വളണ്ടിയര്‍മാരായ വിദ്യാര്‍ഥികളുടെ സേവനം മികച്ചതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ ബാബു. കെ അധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് എന്‍.എസ്.എസ് ഓഫീസര്‍ ഡോ. അന്‍സര്‍ ആര്‍.എന്‍, റീജ്യനല്‍ ഡയറക്ടര്‍ ശ്രീധര്‍ ഗുരു, ഡോ. സണ്ണി എന്‍. എം തുടങ്ങിയവര്‍ സംസാരിച്ചു.