‘അതുകൊണ്ടാണ് മണ്ണിരകളുടെ ശബ്ദത്തില്‍ സംസാരിക്കുന്നത്’

Opinions

ചിന്ത / എസ് ജോസഫ്

കേരളം ആരു ഭരിച്ചാലും അരികു മനുഷ്യര്‍ക്ക് ഒരിക്കലും നീതി ലഭിക്കാന്‍ പോകുന്നില്ല എന്ന നിരാശ ബാക്കിയാകുന്നു. ഭരണകൂടം എന്നത് ഭരണകൂടവും ഒരു വിഭാഗം പ്രഭുക്കളുമാണ്. പ്രഭുക്കള്‍ എന്ന് ഇപ്പോള്‍ പറയാറില്ല എന്നേയുള്ളു. നൈതികമായി വലിയൊരു നഷ്ടപരിഹാരം ചൂഷക സമൂഹം കേരളത്തിലെ അരികുമനുഷ്യര്‍ക്ക് നല്‍കേണ്ടതുണ്ട്. അതിനുള്ള സമ്പത്ത് കേരളത്തിന് ഉണ്ടെങ്കിലും കൊടുക്കുകയില്ല. കാരണം സുഖം എന്നത് മറ്റുള്ളവരുടെ ദുഃഖമാണ്. സമ്പത്ത് എന്നത് മറ്റുളളവരുടെ ഭാരിദ്ര്യമാണ്. സമാധാനം എന്നത് യുദ്ധമില്ലായ്മ മാത്രമാണ്.

കേരളം ഒരു കാലത്തും നീതി നിഷ്ഠമായിരുന്നില്ല. മാവേലി ഇവിടെ നാടുഭരിച്ചുമില്ല. പുരാണത്തില്‍ ഉള്ളവര്‍ ജീവിച്ചിരുന്നവരല്ല. ജീവിച്ചിരുന്നവരുടെ പുരാണം ചരിത്രമാണ്. ബ്രാഹ്മണരുടെ ചൊല്‍പ്പടിക്കുനിന്ന് സനാതന ധര്‍മ്മം അനുസരിച്ച് രാജ്യം ഭരിച്ചപ്പോള്‍ അരികരുടെ അവസ്ഥ ഇന്നത്തേക്കാളും ക്രൂരമായിരുന്നു. അവര്‍ അടിമകള്‍ ആയിരുന്നു.

ജാതിയും മതവും ജാതിരാഷ്ട്രീയവും കളിക്കുന്ന ഒരു മൈതാനമാണ് കേരളം. അതിന്റെ റിപ്പോര്‍ട്ടുകള്‍ ആണ് ന്യൂസ് ചാനലുകളില്‍ വരുന്നത്. കോണ്‍ഗ്രസ് , കമ്മ്യൂണിസ്റ്റുകാര്‍ എന്നിവരെ ജാതിമതശക്തികള്‍ പണ്ടേ ബാധിച്ചു. പഴയ കാല ജാതിമത ജന്മിത്വ ശക്തികള്‍ ആണ് കോണ്‍ഗ്രസുകാരും മിക്കവാറും കമ്യൂണിസ്റ്റുകാരുമായത്. പലരുടേയും ഉള്ളിലെ ജാതിമതചിന്ത പോവുകയില്ല. കോണ്‍ഗ്രസുകാര്‍ക്ക് കേരളത്തെ സംബന്ധിച്ച് ഒരു കാഴ്ചപ്പാടുമില്ല. അപ്പപ്പോള്‍ തോന്നുന്നത് ചെയ്യുക എന്നേയുള്ളു. ക്ലാസിക് മാര്‍ക്‌സിസത്തെ അടിസ്ഥാനമാക്കുന്ന ഇടതുപക്ഷ രാഷ്ട്രീയക്കാരുടെ ഭരണരീതികള്‍ ജാതീയമായി അരിക്കുമനുഷ്യരായവരെ പുറന്തള്ളുന്നു. അവരുടെ കണ്‍സെപ്റ്റില്‍ അബോറിജിനല്‍ പീപ്പിള്‍സ് ഇല്ല. അവര്‍ സവര്‍ണര്‍ക്ക് വോട്ടുബാങ്കിന്റെ പേരില്‍ വാരിക്കോരി കൊടുക്കുന്നു. പക്ഷേ അരികരെ പുറന്തള്ളിയാല്‍ അനതിദൂര ഭാവിയില്‍ അതിന്റെ വിപത്ത് അതിഭീകരമായിരിക്കും എന്നവര്‍ അറിയുന്നില്ല.

കേരളീയ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നാണ് എങ്ങനെ ഭരിക്കണം എന്നതിനുള്ള ആശയങ്ങള്‍ ഉണ്ടാകേണ്ടത്. യൂറോപ്പിലോ ഇതര രാജ്യങ്ങളിലോ ഉള്ള യാഥാര്‍ത്ഥ്യങ്ങള്‍ അല്ല ഇവിടെയുള്ളത്. ഇതിനിടയില്‍ ആണ് സംഘപരിവാര്‍ ശക്തികള്‍ പ്രത്യക്ഷമായും പരോക്ഷമായും കേരളത്തിന്റെ ജ്ഞാനബോധങ്ങളെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിട്ടുള്ളത്. വടക്കേ ഇന്ത്യയിലുള്ള മനുഷരെ നമ്മള്‍ മാതൃകയാക്കേണ്ടതില്ല. അവര്‍ക്ക് കേരളം എവിടെയാണെന്നു പോലും അറിയില്ല. മദ്രാസി എന്നൊക്കെ പറഞ്ഞു കൊണ്ട് ഇരിക്കുകയാണവര്‍. പശുവാണ് അവരുടെ മാതാവ്. കേരളം ആനകളുടെ നാടാണ്. താമരയല്ല കണിക്കൊന്നയാണ് നമ്മുടെ പൂവ്. മലമുഴക്കി വേഴാമ്പല്‍ ആണ് പക്ഷി.

കേരളത്തിന്റെ ശരിക്കുള്ള പ്രശ്‌നം എന്താണെന്ന് അടിസ്ഥാന മനുഷ്യര്‍ സംസാരിക്കട്ടെ. ജീവിതത്തിലൊരിക്കലും സ്വന്തം നാട്ടിലെ കവലയില്‍ പോലും പോകാത്ത വെറും ടെക്‌നോക്രാറ്റുകള്‍ അല്ല ഇവിടെ ജീവിക്കുന്ന കേരളത്തിന്റെ പള്‍സ് അറിയാവുന്ന മനുഷ്യര്‍ ആണ് സംസാരിക്കണ്ടത്. ഒരു നാടിനെ ജീവിതം കൊണ്ടറിഞ്ഞവരാണവര്‍. ഡോക്ടേഴ്‌സ്, എഞ്ചിനീയേഴ്‌സ്, ശാസ്ത്രജ്ഞര്‍, അധ്യാപകര്‍, സിനിമക്കാര്‍ എന്നിവരല്ല. പല തൊഴിലുകളും ചെയ്യുന്ന പല ജാതികളില്‍ പെട്ടുകിടക്കുന്ന മനുഷ്യരാണ് സംസാരിക്കേണ്ടത്. ഞാന്‍ കടല്‍ക്കരയിലും കുന്നിന്‍ പ്രദേശങ്ങളിലും ജീവിച്ചിട്ടുണ്ട്. ബസ്റ്റാണ്ടില്‍ കിടന്നുറങ്ങിയിട്ടുണ്ട്. കല്‍പ്പണി, മീറ്റിലിടി , തടിപ്പണി ,കൃഷിപ്പണികള്‍ , തെങ്ങുകേറ്റം , മീന്‍പിടുത്തം , കൊയ്തുമെതി , പുരമേയല്‍ , പുസ്തക വില്പന , അടുക്കപ്പണി ഒക്കെ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് മണ്ണിരകളുടെ ശബ്ദത്തില്‍ സംസാരിക്കുന്നത്.