തിരുവനന്തപുരം: കടന്നലിന്റെ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. എടത്തിരുത്തി കമ്മായി റോഡ് സ്വദേശി കോലാന്ത്ര വീട്ടില്‍ തിലകനാണ് (70) മരിച്ചത്. തിലകനൊപ്പം മറ്റ് ഏഴ് തൊഴിലാളികള്‍ക്കും കടന്നലിന്റെ കുത്തേറ്റിരുന്നു.
23 തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് തോട് വൃത്തിയാക്കുകയായിരുന്നു. ഇവിടെ പുല്‍ക്കാടുകള്‍ വെട്ടുന്നതിനിടെ കടന്നല്‍ കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കടന്നല്‍ കുത്തേറ്റ തിലകനുള്‍പ്പടെയുള്ളവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിലകന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ മറ്റ് തൊഴിലാളികള്‍ ചികിത്സയിലാണ്.