തിരുവനന്തപുരം: സഹയാത്രികയോട് ലൈംഗീകാതിക്രമം നടത്തിയ ഹാസ്യതാരം ബിനു കമാലിനെ റിമാന്റ് ചെയ്തു. കെ എസ് ആര്‍ ടി സി ബസില്‍ യാത്ര ചെയ്യവെയാണ് ബിനു കമാല്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയത്. യുവതിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ബിനു കമാലിനെ നെടുമങ്ങാട് കോടതിയിലാണ് ഹാജരാക്കിയത്.
ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് നിലമേലിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയോട് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാണിക്കുകയുമായിരുന്നു. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് വട്ടപ്പാറ ജംഗ്ഷനില്‍ ബസ് നിര്‍ത്തിയപ്പോള്‍ ബസില്‍ നിന്ന് ഇറങ്ങിയോടിയ പ്രതിയെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പിടികൂടിയത്.