‘കമ്യൂണിസ്റ്റ് മത ഇസ്ലാമിസ്റ്റ് മത വിമര്‍ശനങ്ങള്‍ക്കുള്ള ആര്‍ജ്ജവം സ്വതന്ത്ര ചിന്തകര്‍ക്കേയുള്ളു’

Analysis

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

വിചന്ദ്രനില്‍ മാത്രമല്ല എല്ലാ സ്വതന്ത്ര ചിന്തകരിലും കക്ഷിരാഷ്ട്രീയക്കാരില്‍ നിന്ന് വളരെ ഉയര്‍ന്നു നില്‍ക്കുന്ന പോസിറ്റീവ് അംശങ്ങള്‍ ഉണ്ട്. അവരില്ലായായിരുന്നെങ്കില്‍ കേരളത്തില്‍ നിലവാരമുള്ള മതവിമര്‍ശനങ്ങള്‍ അടുത്ത കാലത്ത് ഉണ്ടാകുമായിരുന്നില്ല. പ്രത്യേകിച്ച് എല്ലാവരും നടത്താന്‍ ഭയപ്പെടുന്ന കമ്മ്യൂണിസ്റ്റ്മത ഇസ്ലാമിസ്റ്റ്മത വിമര്‍ശനങ്ങള്‍.

ഹലാല്‍ യുക്തിവാദികളും ഹറാം യുക്തിവാദികളും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന സ്വതന്ത്ര ചിന്തകസമൂഹത്തിലെ ആഭ്യന്തര സമരങ്ങള്‍ മുഖ്യമായും എല്ലാ സംഘടനകളിലും ഒരു ഘട്ടമെത്തുമ്പോള്‍ കാണുന്ന, സ്വതന്ത്രചിന്തകരില്‍ ഉണ്ടാവാന്‍ പാടില്ലാത്ത,അഹന്താസൃഷ്ടമായ മൂപ്പിളമത്തര്‍ക്കവും അധികാരത്തര്‍ക്കവും ആണ്.

രവിചന്ദ്രനോ കോളാമ്പിയോ ഒന്നും സംഘികള്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന്റെതായി എത്രയോ ഹിന്ദുത്വ വിരുദ്ധ എഴുത്തുകളും പ്രഭാഷണങ്ങളും ഉണ്ട്. പക്ഷെ, അദ്ദേഹം ഒരു cult ഫിഗറും ഏകാധിപതിയും ആകാന്‍ ശ്രമിക്കുന്നുവെന്ന് എനിക്ക് വിശ്വസനീയത തോന്നിയിട്ടുള്ള ഒരു സ്വതന്ത്രചിന്തകന്‍ ഈയിടെ പറഞ്ഞു. അദ്ദേഹത്തെ എനിക്ക് പരിചയമില്ലാത്തതിനാല്‍ ശരിയാണോ എന്ന് എനിക്ക് അറിയില്ല .അത് സത്യമെങ്കില്‍, പിന്നെന്ത് സ്വതന്ത്രചിന്ത?. പേറെടുക്കാന്‍ പോയവള്‍ ഇരട്ട പെറ്റു എന്ന സാംസ്‌കാരിക അവസ്ഥ.

രവിചന്ദ്രന്റെ ‘ബുദ്ധനെ എറിഞ്ഞ ‘കല്ല് ‘എന്ന പുസ്തകമോ പ്രഭാഷണമോ പിന്തുടര്‍ന്നാല്‍ അദ്ദേഹം സംഘിയാണെന്ന മിഥ്യാധാരണ അവസാനിക്കും. (പക്ഷെ അത്തരം പ്രഭാഷണങ്ങള്‍ ബാലിശമായാണ് എനിക്ക് തോന്നാറുള്ളത് .കാരണം മഹാഭാരതവും ഗീതയും ബൈബിളും ഖുറാനും ഒക്കെ ഭാവനാസൃഷ്ടങ്ങളായ സാഹിത്യങ്ങള്‍ ആണ്. ചിലത് നല്ല സാഹിത്യം. ചിലത് ചീത്ത സാഹിത്യം. സ്വതന്ത്രചിന്തകരായി പണ്ടേക്ക് പണ്ടേ പരിവര്‍ത്തിതര്‍ ആയവരെ വീണ്ടും പരിവര്‍ത്തിപ്പിക്കാന്‍, യാഥാര്‍ഥ്യം എന്ന പോലെ ആ അനുഭൂതി ജന്യമായ ഗ്രന്ഥങ്ങളെ യുക്തിവാദം കൊണ്ട് കീറി മുറിച്ച് വിവരിക്കുന്നത് പലപ്പോഴും സൗന്ദര്യശാസ്ത്രപരമായി അപഹാസ്യമാണ്. ശരിയാണ്. ഹിന്ദു കൃസ്ത്യന്‍ മുസ്ലിം മതസമ്മേളനങ്ങള്‍ നടക്കുന്ന പരിസരങ്ങളില്‍,തടിക്ക് കേട് പറ്റാത്ത വിധത്തില്‍, ഇത്തരം പ്രഭാഷണങ്ങള്‍ക്ക് സാംഗത്യമുണ്ട്.)

ഇത്തരം ബാലിശതകളും Natural Selection പോലുള്ള കോമഡികളും ഇരിക്കിലും രവിചന്ദ്രനും സംഘവും സംഘികള്‍ ആണെന്ന് തോന്നുന്നില്ല. അതികര്‍ക്കശമായ ഇടത് ഇസ്ലാമിസ്റ്റ് അജണ്ടയെ ആരെങ്കിലും അണുവിടയെങ്കിലും വിമര്‍ശിച്ചാല്‍ അവരെ ഉടനടി സംഘിയാക്കുന്ന 3g ചിരന്തന പരിപാടിയുടെ ഭാഗം മാത്രമാണ് ഈ പ്രചാരണം .വി. എസ്. അച്യുതനാനന്ദന്‍ മുതല്‍ ഇന്ന് വരെ ഒരു RSS കാരനെ ജീവനോടെ കണ്ടിട്ടില്ലാത്ത എന്നെ വരെ സംഘിയാക്കിയവര്‍ ആണ് അവര്‍.

(പാവം കുഴിമന്തി കൊണ്ട് പോലും മതവികാരം വ്രണപ്പെടുന്ന ലോലഹൃദയര്‍ ആണ് അവര്‍. ഒരു 22 കാരറ്റ് കമ്മ്യൂണിസ്റ്റ് അനുഭാവിയുടെ ഒരു ഫലിതം ലക്ഷ്യം തെറ്റിയതും, അദ്ദേഹവും, അതിനെ പിന്തുണച്ച 24 കാരറ്റ് കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികളും മണ്ണിലിഴഞ്ഞ് മാപ്പിരന്നതും കഴിഞ്ഞാഴ്ചത്തെ ചരിത്രം.)

എന്നാല്‍ രവിചന്ദ്രാദികളുടെ എതിര്‍പക്ഷം ഇസ്ലാമിസ്റ്റ് പിണറായിസ്റ്റ് വിഭാഗീയതയുടെയും ഇരട്ടത്താപ്പിന്റെയും ദിശയില്‍ നല്ല നിലയില്‍ പുരോഗമിച്ചു കഴിഞ്ഞു. വിഭാഗീയതയുടെ ലഹരിയില്‍ ബോധം പോയാവാം ‘മുസ്ലീങ്ങളെ എക്‌സ് മുസഌമുകള്‍ ഒഴിച്ച് ആരും വിമര്‍ശിക്കരുത് ‘ എന്നുള്ള ഫത്‌വ വരെ ആ സംഘം പുറപ്പെടുവിച്ചു കണ്ടു.