ദില്ലി കത്ത് / ഡോ. കൈപ്പാറേടന്‍
‘ഇന്ത്യ’ മുന്നണിയുടെ പ്രചാരണ സമിതി യോഗം അല്‍പ്പം മുമ്പ് ദില്ലിയില്‍ സമാപിച്ചു. മുംബൈയില്‍ നടന്ന രണ്ട് ദിവസത്തെ നേതൃയോഗത്തില്‍ മുന്നണിയുടെ സംഘാടക സമതി രൂപീകരിച്ചതിന് ശേഷമുള്ള പ്രചാരണ സമിതിയുടെ ആദ്യ യോഗമായിരുന്നു ഇത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിര്‍ണായക ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തുക എന്നതായിരുന്നു ആദ്യ യോഗത്തിന്റെ അജണ്ട.
‘ഇന്ത്യ’ യുടെ പ്രവര്‍ത്തന രീതികളെക്കുറിച്ച് പ്രചാരണ സമിതി പ്രാഥമിക ചര്‍ച്ച നടത്തി. ഇന്നത്തേത് ഒരു ഹൈബ്രിഡ് മീറ്റിംഗായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗുര്‍ദീപ് സിംഗ് സപ്പല്‍ പറഞ്ഞു.
ഡിഎംകെയുടെ തിരുച്ചി ശിവ, എഎപിയുടെ സഞ്ജയ് സിംഗ്, ജെഡിയുവിന്റെ സഞ്ജയ് ഝാ, ശിവസേനയുബിടിയുടെ അനില്‍ ദേശായി, ആര്‍ജെഡിയുടെ സഞ്ജയ് യാദവ്, ആര്‍എല്‍ഡിയുടെ ഷാഹിദ് സിദ്ദിഖി, പിഡിപിയുടെ ഡോ. മെഹബൂബ് ബേഗ്, സിപിഐഎംഎല്ലിന്റെ രവി റായ്.
നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഹസ്‌നൈന്‍ മസൂദി എന്നിവര്‍ പങ്കെടുത്തു.
ഇവര്‍ക്കു പുറമേ കേരള നേതാക്കളായ എന്‍സിപിയുടെ പി.സി. ചാക്കോ, സിപിഐ യിലെ ബിനോയ് വിശ്വം, ആര്‍എസ്പിയിലെ എന്‍.കെ. പ്രേമചന്ദ്രന്‍, ഫോര്‍വേര്‍ഡ് ബ്ലോക്കിന്റെ ജി.ദേവരാജന്‍, കേരളാ കോണ്‍ഗ്രസ്സിന്റെ ജോസ് കെ മാണി, എന്നിവരും യോഗത്തില്‍ പങ്കാളികളായിരുന്നു.
നാല് സംസ്ഥാനങ്ങളില്‍ സംയുക്ത പൊതുയോഗം സംഘടിപ്പിക്കാന്‍ യോഗത്തില്‍ ധാരണയായി. എട്ട് അംഗങ്ങള്‍ നേരിട്ടും ഏഴ് അംഗങ്ങള്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.