ലോറിയില്‍ കറങ്ങി എ ടി എമ്മുകളില്‍ കവര്‍ച്ച; തട്ടിപ്പ് സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

Thrissur

തൃശൂര്‍: എ ടി എമ്മുകളില്‍ നിന്നും പണം തട്ടുന്ന സംഘത്തിലെ രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. ലോറി ജീവനക്കാരുടെ വേഷത്തില്‍ രാജ്യം മുഴുവന്‍ കറങ്ങി എ ടി എമ്മുകളില്‍ നിന്നു പണം തട്ടിയെടുക്കുന്നതു പതിവാക്കിയ ഹരിയാന സ്വദേശികളാണ് പിടിയിലായത്. നൂഹ് ഖാന്‍സാലി സ്വദേശികളായ സിയാ ഉല്‍ഹഖ് സുലേഖാന്‍ (35), നവേദ് മുഹമ്മദ് റിസ്വാന്‍ (28) എന്നിവരെയാണ് പുതുക്കാട് പൊലീസ് തന്ത്രപരമായി അകത്താക്കിയത്. ദേശീയപാതയോരത്തെ തൊറവ് എസ് ബി ഐ ശാഖയുടെ എ ടി എമ്മില്‍ നിന്നു കഴിഞ്ഞ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളില്‍ 1.74 ലക്ഷം രൂപ ഈ സംഘം തട്ടിയെടുത്തിരുന്നു.

ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും വ്യാജരേഖകള്‍ ഉപയോഗിച്ചു തരപ്പെടുത്തി എ ടി എമ്മിന്റെ സാങ്കേതിക പിഴവുകള്‍ മുതലെടുത്തായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. എ ടി എം തട്ടിപ്പ് നടന്ന സമയത്ത് ഇവിടെ നിര്‍ത്തിയിട്ടിരുന്ന ലോറികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഉത്തരേന്ത്യന്‍ സ്വദേശികളാണു സംഭവത്തിനു പിന്നിലെന്നു പൊലീസ് മനസ്സിലാക്കി. തട്ടിപ്പുകാര്‍ ഓടിച്ചിരുന്ന ലോറി മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതും കേസ് തെളിയിക്കുന്നതിന് പൊലീസിന് സഹായകമായി.

ലലോറിയുടെ ഇടിയേറ്റ വാഹനത്തിന്റെ ഉടമയ്ക്കു പ്രതികള്‍ നഷ്ടപരിഹാരത്തുക അയച്ചതു തട്ടിപ്പു നടത്താനുപയോഗിച്ച അക്കൗണ്ടില്‍ നിന്നായിരുന്നു. ഇത് പ്രതികളിലേക്ക് അന്വേഷണമെത്താന്‍ നിര്‍ണായക തെളിവായി മാറി. പ്രതികളെ കഴിഞ്ഞ വര്‍ഷം തന്നെ തിരിച്ചറിഞ്ഞെങ്കിലും പൊലീസ് പിന്തുടരുന്നതറിഞ്ഞ് ഇവര്‍ രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളിലെ അതിര്‍ത്തി മലയോര ഗ്രാമങ്ങളില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് ഹരിയാന പൊലീസിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന്റെ കൂടി സഹായത്തോടെ നടത്തിയ റെയ്ഡുകള്‍ക്ക് ഒടുവിലാണു പ്രതികളെ പിടികൂടിയത്.