ദുരധികാരത്തിന്‍റെ അവിശുദ്ധ അതിരുകള്‍

Analysis

വാക്ശരം / ടി കെ ഇബ്രാഹിം

യുദ്ധം തുടരുകയാണ്. ഒപ്പം ഭയവും അനിശ്ചിതത്വവും ഉല്‍ക്കണ്ഠയും. റഷ്യ, ഉക്രൈന്‍, ഒടുവില്‍ ഗസ, ഇസ്രയേല്‍ എങ്ങും വെടിയൊച്ചകളും ആര്‍ത്ഥനാദങ്ങളും. മനുഷ്യസമൂഹം നാളിതുവരെയായി ആര്‍ജ്ജിച്ചുവെന്നവകാശപ്പെടുന്ന സംസ്‌കൃതിയുടെ നിരാസവും ജൈവമണ്ഡലത്തിന്റെ കുരുതിയുമാണ് ഓരോ യുദ്ധവും. ചരിത്രഗതിയില്‍ മനുഷ്യന്‍ നടത്തിയ പടയോട്ടങ്ങളിലും യുദ്ധങ്ങളിലും പരസ്പരം കൊന്നുതള്ളിയത് അനേകകോടി മനുഷ്യരെയാണ്.

രണ്ടാം ലോക മാഹായുദ്ധത്തില്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ യൂറോപ്പിലെങ്ങും വധിച്ച മനുഷ്യരുടെ എണ്ണം ഒരുകോടി എന്‍പതുലക്ഷം. അതില്‍ ജൂതന്മാര്‍ മാത്രം അറുപത് ലക്ഷം. സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങിയ ആ സമൂഹത്തെ കൊല്ലാനുപയോഗിച്ച ശാസ്ത്രീയ മാര്‍ഗ്ഗങ്ങളാകട്ടെ ഒരു നൂറന്‍ ബര്‍ഗ്ഗ് കോടതിക്കും ശിക്ഷ വിധിക്കാന്‍ കഴിയുന്നതിനും അനേകായിരം മടങ്ങ് കഠിനതരമാണ്.

ചിത്രം: പാരീസ് മോഹന്‍ കുമാര്‍

വിരോധാഭാസമെന്നുപറയട്ടെ, യുദ്ധക്കെടുതിയുടെ ഏറ്റവും വലിയ ഇരകളായ ജൂതര്‍ പില്‍ക്കാലത്ത് ലോക സമാധാനത്തിനും ഒരു യുദ്ധരഹിത സമൂഹത്തിനും വേണ്ടിയല്ല പരിശ്രമിച്ചത്. ചരിത്രത്തില്‍ നിന്നും ഒരു പാഠവും അവര്‍ പഠിച്ചില്ല. ലോകത്തിലെ ഏറ്റവും വലിയ യുദ്ധോപകരണങ്ങളുടെ നിര്‍മ്മാതാക്കളും വില്പനക്കാരുമായി ജൂതര്‍. നരമേധ പരീക്ഷണശാലകളുടെ വേധാവികളായി അവര്‍. ആയുധപരീക്ഷണങ്ങള്‍ സ്വയംപ്രഖ്യാപിതമായ സ്വന്തം രാജ്യാതിര്‍ത്തിയിലെ ജനങ്ങള്‍ക്കുമേല്‍ തന്നെ പ്രയോഗിച്ചു പോന്നു.

സ്വന്തം രാജ്യത്തിനായുള്ള ഇസ്രയേല്‍ അധിനിവേശത്തിന്റെ കഥയ്ക്ക് പക്ഷേ മറ്റ് കീഴടക്കലുകള്‍ക്കോ കോളനിവല്‍ക്കരണങ്ങള്‍ക്കോ ഇല്ലാത്ത ചരിത്രമാണ് പറയാനുള്ളത്. കാര്‍ഷിക യോഗ്യമായ ഭൂമിയോ കുടിവെള്ളമോ പച്ചപ്പോ ഇല്ലാത്ത ഊഷരഭൂമിയിലേക്ക് ലോക മെങ്ങുമുള്ള ജൂതരെ ഒരുമിപ്പിച്ചത് വേദ ഗ്രത്ഥത്തിലെ ‘വാഗ്ദത്ത ഭൂമി ‘എന്ന ദൈവകല്പനയാണെന്നതാണ് ആശ്ചര്യകരം.

ആധുനിക രാഷ്ട്ര വ്യവഹാരസീമകളോ നയതന്ത്ര പരികല്പനകളോ അല്ല,പൗരാണികമായ വേദവിശ്വാസമായിരുന്നു മേല്‍കൈ നേടിയത്. രാഷ്ട്രനിര്‍മ്മിതിയില്‍ വ്യവസ്ഥാപിതമോ നൈതികമോ ധാര്‍മികമോ ജനാധിപത്യ പരമോ ആയ മൂല്യങ്ങളൊന്നും പരിഗണിക്കപ്പെടാതെ പോയി, 1948 മെയ് 14 ന് ഇസ്രയേല്‍ രാഷ്ടം നിലവില്‍ വന്നു. ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തോടെയായിരുന്നു

‘സ്‌റ്റേറ്റ് ഓഫ് ഇസ്രയേലി ‘ന്റെ പ്രഖ്യാപനം. ഇന്ത്യ ഈ പുതു രാഷ്ട പ്രഖ്യാപനത്തെ അന്ന് അംഗീകരിച്ചിരുന്നില്ല. അറബികളുടെ രാജ്യത്തിന്റെ അമ്പത്തിരണ്ടു ശതമാനം ജൂതര്‍ക്കും 48 ശതമാനം അറബികള്‍ക്കുമായുള്ള വീതം വെയ്പ്പില്‍ ഗാന്ധി അന്നേ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു.

രാഷ്ടപ്രഖ്യാപനത്തിനുശേഷമുള്ള ഓരോ വര്‍ഷവും യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റേതുമായിരുന്നു. ഈ കാലയളവില്‍ കഠിനാദ്ധ്വാനികളായ ജൂതന്മാര്‍ ഇസ്രായേലിനെ ലോകശക്തിയായി വളര്‍ത്തി.പലസ്തീനിന്റെ രാജ്യവിസ്തൃതിയും ചെറുത്തു നില്‍ക്കാനുള്ള ശേഷിയും നാള്‍ക്കുനാള്‍ ചെറുതായിവന്നു. ഇതാകട്ടെ പലസ്തീന്‍ മണ്ണില്‍ വിവിധ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് വളരാന്‍ കളമൊരുക്കി. ഹമാസ് ഏറെക്കുറെ നാല്പതുശതമാനത്തോളം ജനപിന്തുണ അവകാശപ്പെടുന പ്രസ്ഥാനമാണെന്നു കരുതപ്പെടുന്നു.

സമീപ ദിവസം വരെ താരതമ്യേന ശാന്തമായിരുന്ന പശ്ചിമേഷ്യന്‍ സാഹചര്യത്തില്‍ യുദ്ധത്തിന്റെ തുടക്കക്കാര്‍ ഹമാസിന്റെ മിസൈലുകളാണ് എന്ന കാര്യം അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ഇതാകട്ടെ, പ്രത്യാഘാതങ്ങളെ സംബന്ധിച്ചുള്ള കണക്കുകൂട്ടലുകളില്ലാത്ത വൈകാരികമായ എടുത്തുചാട്ടമായെന്ന് വിലയിരുത്തപ്പെടുന്നു.

ജറുസലേം ജൂത, കൃസ്ത്യന്‍, മുസ്ലിം എന്നീ മൂന്നു സെമിസ്റ്റിക്ക് മതങ്ങളുടെയും പുണ്യസ്ഥലവും അവരവരുടെ ദേവസ്ഥാനങ്ങള്‍ അടയാളപ്പെടുത്തപ്പെട്ട ഇടവുമാണ്. പരസ്പരം കുഴമറിഞ്ഞു കിടക്കുന്ന മൂന്നു വേദ ഗ്രന്ഥങ്ങളാണ് ഈ മൂന്നു മതങ്ങള്‍ക്കുമുള്ളത്. മനുഷ്യന്‍ ആധുനിക കാലത്തിന്റെ ശാസ്ത്ര സാങ്കേതിക സൗഭാഗ്യങ്ങള്‍ കൊണ്ടു മാത്രമാണ് ഇന്നാര്‍ജ്ജിച്ച പുരോഗതിയിലെത്തിനില്‍ക്കുന്നതെങ്കിലും മനോഗതിയെ നിയത്രിക്കുന്നതില്‍ പൗരാണികമായ വേദാര്‍ത്ഥങ്ങള്‍ക്കുള്ള സ്ഥാനം ഏറെ മുന്നിലാണ്. ആര്‍ബര്‍ട്ട് ഐന്‍സ്റ്റീനും കാള്‍ മാക്‌സും വര്‍ത്തമാന കാലത്ത് യുവാന്‍ നോവാ ഹരാരിയെ പോയെയുള്ള ചിന്തകരും ലോകത്തിന്റെ ഗതിയെ സ്വാധീനിച്ച മഹാമനുഷ്യര്‍ ജനിച്ചു വളര്‍ന്ന ഒരു സമൂഹമാണ് ജൂതരുടേത്.

ഇരുപതോളം പേര്‍ ഈ ചെറുരാജ്യത്തു നിന്ന് നോബല്‍ സമ്മാനത്തിനര്‍ഹത നേടി. എങ്കിലും അവരിനും വിലാപത്തിന്റെ മതിലുചാരി വേദമന്ത്രങ്ങുരുവിടുന്നു. ഇത് മറ്റൊരൈറണി. മറുവശത്ത് ആധുനിക യുദ്ധോപകരണമായ AK47തോക്കുകള്‍ ആകാശത്തേക്കുയര്‍ത്തി ദൈവത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുന്നുവര്‍. വിരോധാഭാസങ്ങളുടെ മഴവില്‍ കാവടി.

ഈ ലേഖകന്‍ തലസ്ഥാന നഗരമായ ദില്ലിയില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം വര്‍ഷാവര്‍ഷം ലക്ഷക്കണക്കായ ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന പ്രസിദ്ധമായ ലോട്ടസ് ടെമ്പിളില്‍ പല തവണ സന്ദര്‍ശിച്ചിരുന്നു. വഹായി മതാനുയായികളുടെ ആരാധനാലയമായ അതിനകത്തെങ്ങും ആ മതം പിന്തുടരുന്നവരുടെ പ്രമാണങ്ങളാ സൂക്തങ്ങളോ ആലേഖനം ചെയ്തു കണ്ടില്ല. അതിനകത്തു പ്രവേശിക്കുന്ന വ്യത്യസ്ഥങ്ങളായ മത വിശ്വാസങ്ങളെ പിന്‍പറ്റുന്നവര്‍ക്ക് അവരുടെ വിശ്വാസ പ്രമാണങ്ങള്‍ക്കനുസരിച്ച് അവരുടെ ദൈവത്തോട് നിശബ്ദമായി പ്രാര്‍ത്ഥിക്കാം.

ജീവിതത്തില്‍ ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ദൈവത്തിനു വേണ്ടി സമാനനായ മറ്റൊരു മതവിശ്വാസിയുമായി യുദ്ധത്തിനൊരുമ്പെടുമ്പോള്‍ ആദ്യം മരിച്ചുവിഴുന്നത് ദൈവ സങ്കല്പങ്ങളല്ലേ? സൃഷ്ടിയോടും സൃഷ്ടാവിനോടും തന്നെയല്ലേ ഈ യുദ്ധം.?

ലോട്ടസ് ടെമ്പിളിലെന്നപോലെ ജറുസലേമില്‍ മൂന്നു മതസ്ഥര്‍ക്കും ഒരുമിച്ചിരുന്ന് അവരവരുടെ ദൈവത്തോട് നിശബ്ദമായി പ്രാര്‍ത്ഥിക്കാന്‍ നിലവിലെ വിശുദ്ധാലയങ്ങള്‍ക്ക് ഒരൊറ്റ മേല്‍ കൂര പണിതാല്‍, ദൈവം അന്നാദ്യമായി വിശ്വാസിയുടെ പ്രാര്‍ത്ഥനയ്ക്കു ഉത്തരം നല്‍കുമെന്നു തീര്‍ച്ച. യുദ്ധം എന്നന്നേക്കുമായവസാനിക്കും സാത്താന്‍ ജറുസലേം വിട്ടു പോകും. ദൈവത്തിനു വേണ്ടി ദൈവസൃഷ്ടിയായ അപരനോട് ഇത്രയെങ്കിലും സഹിഷ്ണുത കാണിക്കാന്‍ മനുഷ്യര്‍ പരസ്പരം സന്നദ്ധനല്ലെങ്കില്‍ പിന്നെന്തു ദൈവം ? ഏതു സ്വര്‍ഗ്ഗരാജ്യം?.