കാസര്‍കോട്: സി പി എമ്മിന്റെ ഹമാസ് അനുകൂല പ്രകടനം അത്യന്തം അപകടകരമാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. ഇസ്രയേല്‍ ഹമാസ് യുദ്ധ പശ്ചാത്തലത്തിലാണ് സി പി എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രംഗത്തെത്തിയത്.
സംസ്ഥാനത്ത് സി പി എം നടത്തുന്നത് ഹമാസ് അനുകൂല പ്രകടനമാണ്. ഇസ്രയേല്‍ പലസ്തീന് പ്രശ്നത്തെ സംസ്ഥാനത്ത് വര്‍ഗീയ വേര്‍തിരിവിനായി അവര്‍ ഉപയോഗിക്കുകയാണ്. ഇത്തരമൊരു വര്‍ഗീയ വേര്‍തിരിവിനാണ് സി പി എം നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്ത് ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനിടെയാണ് വളരെ അപകടകരമായ നീക്കം സി പി എം നടത്തുന്നത്. തെരഞ്ഞെടുപ്പ് മുന്‍പുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണിതെന്നും വിഷയത്തില്‍ യു ഡി എഫ് നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന് പറഞ്ഞു.