അവരുടെ മുന്നിലെ ഇരുട്ടും പിച്ചച്ചട്ടിയും നിങ്ങള്‍ കാണാതെ പോവുന്നത് എന്തുകൊണ്ട്?

Opinions

ചിന്ത / എ പ്രതാപന്‍

ന്ധനായ ഒരു യാചകന്റെ മുന്നിലൂടെ ശാസ്ത്രികള്‍ കടന്നു പോകയാണ്. കണ്ണു കാണാത്ത കുരുടനാണേ, വല്ലതും തരണേ എന്ന യാചന ശാസ്ത്രികളെ പ്രകോപിപ്പിക്കുന്നു. അയാള്‍ അന്ധയാചകന്റെ മുന്നിലേക്ക് തിരിച്ചു വന്ന് ദ്വിത്വം എന്ന് അലറുന്നു, ആ യാചനയില്‍ ഇരട്ടിപ്പിന്റെ വ്യാകരണ ദോഷമുണ്ട്. കണ്ണു കാണാത്തയാള്‍ എന്നോ കുരുടനെന്നോ ഏതെങ്കിലും ഒന്നു മാത്രം പറഞ്ഞാല്‍ മതി, രണ്ടും കൂടി വേണ്ട. യാചകന്‍ കുറ്റബോധത്തോടെ, എങ്കിലും പ്രതീക്ഷയോടെ, ശാസ്ത്രികളെ നിശ്ശബ്ദമായി കേള്‍ക്കുന്നു. അയാളെ നിരാശപ്പെടുത്തി, പിച്ചച്ചട്ടിയിലേക്ക് ഒരു ചില്ലിക്കാശും ഇടാതെ, വ്യാകരണ ശുദ്ധിയോടെ ശാസ്ത്രികള്‍ നടന്നു പോകുന്നു.

നമ്മുടെ പണ്ഡിതന്മാര്‍, ഫേസ്ബുക്കിലേയും, പലപ്പോഴും ആ ഉദ്ദണ്ഡശാസ്ത്രികളെ ഓര്‍മ്മിപ്പിക്കുന്നു. ചരിത്രത്തിന്റെ തെരുവുകള്‍ നിറയെ അന്ധയാചകര്‍, അവരുടെ വ്യാകരണപ്പിശകുള്ള നിലവിളികള്‍. പലസ്തീന്‍ എന്നല്ല, എവിടെയും ഉയരുന്ന നിലവിളികളിലെ വ്യാകരണം തിരുത്തുമ്പോള്‍, അവരുടെ മുന്നിലെ ഇരുട്ടിനേയും പിച്ചച്ചട്ടികളേയും നിങ്ങള്‍ കാണാതെ പോകുന്നത് എന്തു കൊണ്ട്? ജ്ഞാനത്തിനും കരുണക്കുമിടയിലെ ആ കരിങ്കടല്‍ എന്നു വറ്റിത്തീരും?