കാണക്കാണെ കമനീയമാകുന്ന കുട്ടികളുടെ കലോത്സവങ്ങള്‍

Opinions

നിരീക്ഷണം / കെ കെ സുരേന്ദ്രന്‍

ഏഴാം തരം കഴിഞ്ഞ് ഹൈസ്‌കൂളിലെത്തിയപ്പോഴാണ് ആദ്യമായി യുവജനോത്സവം കാണുന്നതും അറിയുന്നതും അതില്‍ പങ്കെടുക്കുന്നതും. എന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രാരംഭം കല്‍പ്പറ്റ SKM J ഹൈസ്‌കൂളിലായിരുന്നു. അന്നവിടെ ഗാന്ധി സദന്‍ എന്ന ഒരു ഹോസ്റ്റലുണ്ട്. അവിടെയായിരുന്നു താമസം.1975-77 കാലത്തായിരുന്നു അത്. ആദ്യ വര്‍ഷം പ്രസംഗം, പ്രബന്ധം, കഥാ രചന എന്നിവക്ക് എനിക്ക് സമ്മാനം കിട്ടി. അടുത്ത കൊല്ലവും അതാവര്‍ത്തിച്ചു. ഗാന്ധി സദനിലുണ്ടായ ചില പ്രശ്‌നങ്ങള്‍ മൂലം എനിക്ക് സ്‌കൂളും ഹോസ്റ്റലും ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് ചീരാല്‍ സര്‍ക്കാര്‍ സ്‌കൂളിലായി പഠനം. അവിടെയും യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കുകയും സമ്മാനിതനാവുകയും ചെയ്തു.

കഴിഞ്ഞ രാത്രിയാണ് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ജില്ല യുവജനോത്സവത്തിലെ കുട്ടികളുടെ നാടകങ്ങള്‍ കണ്ടത്. സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളോ പ്രതിജ്ഞകളോ ഒക്ക നിറഞ്ഞ നാടകങ്ങള്‍ക്കൊപ്പം കുട്ടികള്‍ ആസ്വദിക്കുന്ന പ്രമേയങ്ങളും വേദിയിലുണ്ട്. മത്സരങ്ങള്‍ പൂര്‍ത്തിയായതിന്നുശേഷം നാടകങ്ങളെക്കുറിച്ച് ഈ രംഗത്തുള്ള ചിലരോട് അഭിപ്രായം തേടുകയുണ്ടായി. പുതുമയില്ലെന്ന പതിവ് വിചിത്ര വാദവും രാഷ്ട്രീയമില്ലെന്ന അഭിപ്രായവുമാണ് പൊതുവെ കേട്ടത്.

സ്‌കൂള്‍ പഠനകാലത്തെ ഓര്‍മ്മകളിലേക്കാണ് ഈ നാടക സായാഹ്നം എന്നെ നയിച്ചത്. വയനാട് ജില്ല രൂപീകരിക്കുന്നതിന്ന് മുമ്പ് കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലായിരുന്നു തെക്കേവയനാടിന്റെ സ്ഥാനം. മീനങ്ങാടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്ന യുവജനോത്സവമാണ് ജീവിതത്തിലാദ്യമായി എനിക്ക് കാണാന്‍ അവസരം ലഭിച്ച വലിയ ഇവന്റ്. അക്കാലത്ത് രക്ഷിതാക്കളോ അധ്യാപകരോ കുട്ടികള്‍ക്ക് യുവജനോത്സവം കാണാന്‍ അനുവാദം നല്‍കിയിരുന്നില്ല. എന്നാല്‍ ഈ വിലക്ക് മാനിക്കാതെ ഞാന്‍ മീനങ്ങാടിയിലെത്തി. രാപ്പകല്‍ ഭേദമില്ലാതെ നാടകവും മോണോ ആക്ടും പാട്ടും നൃത്തവും ആസ്വദിച്ചു. സമാപന ദിവസം നേരം പുലര്‍ന്നപ്പോള്‍ സ്‌കൂള്‍ മുറ്റത്ത് നിരത്തിയിട്ട ബെഞ്ചുകള്‍ക്കിടയില്‍ നിന്നാണ് ഞാന്‍ ഉറക്കമുണര്‍ന്നെഴുന്നേറ്റത്. അപ്പോഴവിടെ ആരുമുണ്ടായിരുന്നില്ല. രാത്രിയില്‍ വര്‍ണശബളവും ശബ്ദമുഖരിതവുമായിരുന്ന വേദിശൂന്യമായി മുന്നില്‍ നില്‍ക്കുന്നു.

പത്താം തരത്തില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് ചാലിയത്ത് നടന്ന ജില്ലാ യുവജനോത്സവത്തില്‍ ഞാന്‍ പാര്‍ട്ടിസിപ്പെന്റായി. അന്നാണാദ്യമായി കടല്‍ മതി വരുവോളം കണ്ടതും തീരത്ത് ഓടിച്ചാടി കളിച്ചതും. അക്കാലത്ത് യുവജനോത്സവ ഭക്ഷണത്തില്‍ വെജ്, നോണ്‍വെജ് ഭേദങ്ങളുണ്ടായിരുന്നില്ല. അവിടെ നിന്ന് കഴിച്ച വറുത്ത അയിലയുടെ രുചി ഇന്നും നാവിലുണ്ട്. അത്രയും ഫ്രെഷും വലുതുമായ മത്സ്യം പിന്നീടധികമൊന്നും എനിക്ക് കിട്ടിയിട്ടില്ലെന്നുറപ്പാണ്. സമ്മാനങ്ങള്‍ നേടാനൊന്നും ഞങ്ങള്‍ക്കായില്ല. നഗരത്തിലെ പ്രധാന സ്‌കൂളുകളോട് മത്സരിച്ച് വിജയിക്കാന്‍ ഞങ്ങള്‍ പ്രാപ്തരായിരുന്നില്ല.

അതിനിടെയാണ് ഡിഗ്രി കാലത്ത് ചീരാല്‍ ഹൈസ്‌കൂളിള്‍ കുട്ടികള്‍ക്ക് നാടകം പഠിപ്പിക്കാന്‍ പോയത്. അയല്‍ക്കാരനും വിദ്യാര്‍ത്ഥിയും പിന്നീട് സംഗീതാധ്യാപകനുമായ പീറ്ററുടെ ക്ഷണമാണ് എന്നെ അവിടെ എത്തിച്ചത്. കുട്ടികളെയും കൊണ്ട് മീനങ്ങാടിയില്‍ നടക്കുന്ന സബ്ജില്ല നാടക മത്സരത്തിന് പോയ സംഘത്തില്‍ അങ്ങിനെയാണ് ഞാന്‍ ഉള്‍പ്പെട്ടത്. ഇടശ്ശേരിയുടെ പൂതപ്പാട്ടാണ് നാടകരൂപത്തില്‍ അവതരിപ്പിച്ചത്. എസ്‌കോര്‍ട്ട് ബാഡ്ജ് ധരിച്ച് നടന്നപ്പോള്‍ മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ കുട്ടികള്‍ എന്നെ മാഷേ എന്നു വിളിച്ചു.

കാലാന്തരത്തില്‍ ചീരാല്‍ ഹൈസ്‌കൂളിലെ മലയാളം മാഷായി ഞാന്‍ മാറി. കുട്ടികളെ നാടകവും മറ്റു കലാ പരിപാടികളും അവതരിപ്പിക്കാന്‍ സഹായിച്ചു. അവര്‍ക്ക് സബ് ജില്ലാ ജില്ലാ കലോത്സവങ്ങള്‍ക്കായി എസ്‌കോര്‍ട്ട് പോയി. ഒരു തവണ സാമുവല്‍ ബെക്കറ്റിന്റെ ഗോദോയെ കാത്ത് കുട്ടികള്‍ ഭംഗിയായി അവതരിപ്പിച്ചു. സബ് ജില്ലയില്‍ ഒന്നാം സ്ഥാനം കിട്ടി. അവിടെ വിധി നിര്‍ണയിച്ചത് ഡ്രാമാ സ്‌കൂളില്‍ പഠിക്കുന്നവരായിരുന്നു. അതേ നാടകം ജില്ലയില്‍ അവതരിപ്പിച്ചപ്പോള്‍ മൂന്നാം സ്ഥാനമേ കിട്ടിയുള്ളു. അതിന്റെ കാരണമായി കുട്ടികളിലൊരാള്‍ കണ്ടെത്തിയത് ദീര്‍ഘകാലം തമാശയായി മനസ്സില്‍ കിടന്നു. ‘വൃദ്ധന്മാരായ മൂന്നുപേരാണ് വിധികര്‍ത്താക്കളെന്നും അവരാണ് കോല്‍ക്കളിക്ക് മാര്‍ക്കിട്ടതും. കോല്‍ക്കളി കാരനെന്ത് ഗോദോയെ കാത്ത് ! ‘ ഡി ഡി ഓഫീസില്‍ നിന്നുള്ളവരും അധ്യാപക സംഘടന നേതാക്കളും ചേര്‍ന്ന ഒരു കോക്കസാണ് എല്ലാ കാലത്തും വിധി കര്‍ത്താക്കളെ തീരുമാനിക്കുന്നത്. അവര്‍ തച്ചിനു വിളിക്കുന്ന ആളുകള്‍ എന്തും വിലയിരുത്തും എന്തിനും മാര്‍ക്കിടും.

പഠിപ്പിച്ച പെണ്‍കുട്ടികളില്‍ ഒരു മിടുക്കിയാണ് സിന്ധു എന്‍ മാത്യു . അവള്‍ നന്നായി പഠിച്ചു, പാട്ടുപാടി, കവിത ചൊല്ലി, അഭിനയിച്ചു.ഇടശ്ശേരിയുടെ ചൂരലിന്റെ മുന്നില്‍ എന്ന കവിതയാണ് അവള്‍ക്ക് അവതരിപ്പിക്കാനായി കഥാപ്രസംഗമാക്കി കൊടുത്തത്. സംഗീതാധ്യാപകനായിരുന്ന ശിവദാസ് പുല്‍പ്പള്ളി അത് നന്നായി പരിശീലിപ്പിച്ചു. സബ്ജില്ലാ യുവജനോത്സവത്തില്‍ അവള്‍ നന്നായി അവതരിപ്പിച്ചു. എന്നാല്‍ കഥാപ്രസംഗം വിലയിരുത്തിയവര്‍ സിന്ധുവിനെ പരിഗണച്ചതേയില്ല. സങ്കടവും രോഷവും വന്ന ഞങ്ങള്‍ 500 രൂപ അടച്ച് അപ്പീല്‍ കൊടുത്തെങ്കിലും ഫലമൊന്നുമുണ്ടായില്ല.

സ്‌കൂളില്‍ ഭംഗിയായി നൃത്തം ചെയ്യുന്ന കുറച്ചു കുട്ടികളെ കണ്ടെത്തി ഞങ്ങളൊരു നൃത്തസംഘമുണ്ടാക്കി. സംഘനൃത്തത്തിനായി പാട്ടെഴുതുന്ന ചുമതല ഞാനേറ്റെടുത്തു. കവിതയെഴുതുന്ന ശീലമുണ്ടായിരുന്ന എനിക്ക് ഈ ദൗത്യം ഒരു വെല്ലുവിളിയായിരുന്നില്ല ശിവദാസന്‍ ഈണം നല്‍കി നൃത്തച്ചുവടുകള്‍ പരിശീലിപ്പിച്ചു. സബ് ജില്ലാ കലോത്സവത്തില്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് രണ്ടാം സ്ഥാനമേ കിട്ടിയുള്ളൂ. കുട്ടികള്‍ക്കായി വാടകക്കെടുത്ത് കൊണ്ടുവന്ന ഉടുത്തു കെട്ടുടയാടകള്‍ക്ക് സമ്പന്നരുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയങ്ങളോട് മത്സരിക്കാനുള്ള വര്‍ണപ്പകിട്ടുണ്ടായിരുന്നില്ല.

നാടകങ്ങളുടെ ഇടവേളകളില്‍ ഓടിയെത്തിയ ഓര്‍മ്മകളില്‍ കുട്ടികളും സഹചരരും നിറയുന്നു.
പഴയ സഹപ്രവര്‍ത്തകര്‍ പറയുന്നത് കലോത്സവങ്ങള്‍ തനിയാവര്‍ത്തനങ്ങളാണെന്നാണ്. എങ്കിലും എനിക്കിപ്പോഴും കുട്ടികളുടെ കലോത്സവങ്ങള്‍ കാണെക്കാണെ കമനീയമാണ്.