ക്വത്‌വ ഫണ്ട് തട്ടിപ്പ് കേസ്: സി കെ സുബൈര്‍, പി കെ ഫിറോസ് എന്നിവര്‍ക്ക് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവ്

Kozhikode

കോഴിക്കോട്: ക്വത്‌വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈര്‍, പി കെ ഫിറോസ് എന്നിവര്‍ക്ക് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവ്. പരാതിക്കാരനായ യൂസുഫ് പടനിലം നല്കിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് കുന്ദമംഗലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. ഒന്നാം പ്രതി സുബൈറിനോടും രണ്ടാം പ്രതി പി. കെ. ഫിറോസിനോടും അടുത്ത വര്‍ഷം ഫെബ്രുവരി രണ്ടിന് ഹാജരാകുവാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ പോലീസ് ഇരുവര്‍ക്കും അനുകൂലമായ റിപ്പോര്‍ട്ട് നല്കിയിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്ന് യൂസുഫ് പടനിലം എതിര്‍ കക്ഷികള്‍ക്ക് നേരെ വെറുതെ പരാതി നല്കിയെന്നാണ് കുന്ദമംഗലം പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇത് ഇന്നലെ പുറത്തുവന്നിരുന്നു. ഉടനെ യൂത്ത് ലീഗ് സെക്രട്ടറി ഫിറോസ്, തനിക്കെതിരെയുള്ള ഗുഢാലോചന പൊളിഞ്ഞെന്ന് പറഞ്ഞ് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിനു ശേഷമാണ് കോടതി ഉത്തരവ് വന്നത്.

ക്വത്‌വ പെണ്‍കുട്ടിക്കായി ശേഖരിച്ച തുകയില്‍ 15 ലക്ഷം രൂപ സുബൈറും ഫിറോസും വകമാറ്റി ചെലവഴിച്ചെന്നായിരുന്നു യൂത്ത് ലീഗ് ദേശീയ സമിതി മുന്‍ അംഗമായ യൂസുഫ് പടനിലത്തിന്റെ പരാതി. ഇത് അന്വേഷിച്ച പോലീസ് ആണ് പരാതിക്കാരനു വിരുദ്ധ മായ റിപ്പോര്‍ട്ട് നല്കിയത്. ഇത് പരിഗണിക്കുമ്പോഴാണ് ഇന്നലെ ഇദ്ദേഹം കോടതിയില്‍ സമാന വിഷയത്തില്‍ സ്വകാര്യ അന്യായം കൂടി ഫയല്‍ ചെയ്തത്. യൂസുഫ് പിന്നീട് യൂത്ത് ലീഗില്‍ നിന്ന് രാജിവെച്ചിരുന്നു.