ഓര്‍മ്മ / ഡോ അനില്‍കുമാര്‍
അദ്ദേഹം എന്‍റെ കര തലത്തില്‍ മൃദുവായി സ്പര്‍ശിച്ചു കൊണ്ട് പറഞ്ഞു. ‘മിസ്റ്റര്‍ അനില്‍കുമാര്‍, നമ്മുടെത് ചെറിയ ഒരു ഓര്‍ഗനൈസേഷനാണ്. താങ്കളുടെ സഹായം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്’ ഞാന്‍ ശരിയ്ക്കും അമ്പരക്കുക തന്നെ ചെയ്തു. പഠനം പൂര്‍ത്തിയാക്കി ഒരു ജോലി അന്വേഷിച്ചു കൊണ്ടിരിരുന്ന യുവാവിന്‍റെ നേരയായിരുന്ന ലോക പ്രശസ്തനായ ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന്‍റെ ഈ അഭ്യര്‍ത്ഥന. പിന്നീടുള്ള മൂന്നു പതിറ്റാണ്ടുകള്‍ ഞാന്‍ ആ മാന്ത്രിക വലയത്തിനകത്തായിരുന്നു. ജീവശാസ്ത്രത്തില്‍ അദ്ദേഹത്തിന്‍റെ പഠനശാഖയായ പ്ലാന്‍റ് ടാക്‌സോണമിയായിരുന്നു എന്‍റെ ഗവേഷണ രംഗവും.
എം എസ് എസ് ആര്‍ എഫില്‍ ഈ ശാഖയില്‍ അവസരമുണ്ടെന്നറിഞ്ഞ് ഡോ: പുഷ്പാംഗതനൊപ്പമാണ് അവരുടെ ആസ്ഥാനമായ ചെന്നെയില്‍ ഞാനെത്തുന്നത്. പാലോട്ടെ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ ഡയറക്ടറാണ് അന്ന് ഡോ: പുഷ്പാംഗതന്‍.
ഡോ സ്വാമിനാഥോടൊപ്പം ഡോ അനില്‍ കുമാര്‍
എം എസ് എസ് ആര്‍ എഫിന്‍റെ വളര്‍ച്ചയിലെ നാഴികക്കല്ലാണ് കല്‍പ്പറ്റ പുത്തൂര്‍ വയലിലെ എം എസ് സ്വാമിനാഥന്‍ സാമൂഹിക കാര്‍ഷിക ജൈവ വൈവിധ്യ കേന്ദ്രം. വയനാടുമായുള്ള സ്വാമിനാഥന്‍റെ ജൈവബന്ധമാണ് കല്‍പ്പറ്റയില്‍ ഇവ്വിധം അന്താരാഷ്ട്ര പെരുമയുള്ള സ്ഥാപനം കെട്ടിപ്പടുക്കുവാനുള്ള പ്രധാന ഹേതു. അദ്ദേഹത്തിന്‍റെ വളര്‍ത്തച്ഛനായ കൊട്ടാരം നാരായണ സ്വാമിയുടെ കുടുംബ സ്വത്ത് ഇവിടെയാണുണ്ടായിരുന്നത്. കുടുംബ വിഹിതമായി ലഭിച്ച ഭൂമിയിലാണ് അദ്ദേഹം ഗവേഷണ കേന്ദ്രം കെട്ടിപ്പടുക്കുന്നത്. പശ്ചിമഘട്ട മലനിരകളിലെ ജൈവ വൈപുല്യം തിരിച്ചറിഞ്ഞതാണ് അക്കാലത്തും വലിയ വില ലഭിക്കുമായിരുന്ന ഭൂമി കൈമാറ്റം ചെയ്യാതിരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച മറ്റൊരു ഘടകം. സാധാരണ മനുഷ്യരില്‍ നിന്ന് അകന്ന് നില്‍ക്കുന്ന പതിവ് പണ്ഡിത ശൈലിയില്‍ നിന്ന്മാറി അവരുടെ ജീവിതത്തെ ചേര്‍ത്തുപിടിക്കുകയെന്നതായിരുന്നു അദ്ദേഹം തെരഞ്ഞെടുത്ത വഴി. പ്രധാനമായും ഗോത്രവിഭാഗങ്ങളുടെ ജീവിത വീക്ഷണവും അവരുടെ പരമ്പരാഗത അറിവും പ്രയോജനപ്പെടുത്തുവാന്‍ അദ്ദേഹം മുന്‍കൈയെടുത്തു.
കല്‍പ്പറ്റയിലെ കേന്ദ്രം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള നിരവധി ഓര്‍മ്മകള്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടും ലക്ഷ്യവും മഹത്തരമെന്ന് ബോധ്യമാവുന്നതായിരുന്നു അവയെല്ലാം. വിശദമായ ചര്‍ച്ചക്കൊടുവില്‍ ഒരു ദിവസം അദ്ദേഹം എന്നാട് പറഞ്ഞു. ‘അനില്‍കുമാര്‍, നാളെ ഇത് സംബന്ധിച്ച് ഒരു പ്രൊപ്പോസല്‍ തയ്യാറാക്കി വരു’. നിര്‍ദ്ദേശമനുസരിച്ചൊരു രൂപരേഖ തയ്യാറാക്കിയാണ് അടുത്ത തവണ അദ്ദേഹത്തെ കാണുവാന്‍ പോയത്. കൈകൊണ്ടെഴുതിയ ഒരു രേഖ അദ്ദേഹവും കൊണ്ടുവന്നിരുന്നു. എന്നെ ശരിയ്ക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു അതിലെ ഉള്ളടക്കം.
ഡോ സ്വാമിനാഥന്‍ കല്‍പറ്റയിലെ എം എസ് എസ് ആര്‍ എഫ് ഗവേഷണ നിലയത്തില്‍ പ്രസംഗിക്കുന്നു
അതീവസൂക്ഷ്മവും ഗഹനവുമായ മനനം അദ്ദേഹത്തിന്‍റെ സവിശേഷതയായിരുന്നു എന്ന് ഒരിക്കല്‍ക്കൂടി എനിക്ക് ബോധ്യപ്പെട്ടു. ഒരര്‍ത്ഥത്തില്‍, ഒരു സ്ഥാപനം ആസൂത്രണം ചെയ്യുമ്പോള്‍ ലക്ഷ്യവും ദൗത്യവും എങ്ങിനെ ആവിഷ്‌കരിക്കാമെന്ന് അദ്ദേഹം എന്നെ പഠിപ്പിക്കുകയായിരുന്നു. ‘മറ്റ് ഗവേഷണ കേന്ദ്രങ്ങളുടെ അനുകരണമാവരുത് കല്‍പ്പറ്റയിലേത്. സാമൂഹിക പങ്കാളിത്തമാണ് പ്രധാനം. അതുറുപ്പു വരുത്തുന്നതിലൂടെയെ സകലരും ആഗ്രഹിക്കുന്ന വികസനം വരൂ ‘ അദ്ദേഹം പറഞ്ഞു.
2000 മുതല്‍ കോട്ടക്കല്‍ ആര്യ വൈദ്യശാലയില്‍ പതിവായി അദ്ദേഹം ചികിത്സക്കെത്തി. ‘കോട്ടക്കല്‍ ഡെയ്‌സ് ‘ എന്നാണ് ഞാന്‍ ആ ദിനങ്ങളെ വിശേഷിപ്പിക്കുക. ചികിത്സക്കിടെയുള്ള ദിവസങ്ങളിലൊന്നില്‍ ഒരുച്ചകഴിഞ്ഞ് സംസാരിക്കാനാവസരം എനിക്ക് കിട്ടും. തെറ്റാത്ത പതിവായിരുന്നു ഇതും. ചികിത്സ കഴിഞ്ഞ് ചെന്നെയിലേയ്ക്ക് തിരികെ പോവുന്നതിന്ന് മുന്നോടിയായ കല്‍പ്പറ്റയില്‍ അദ്ദേഹം വരും. സമാനതകളില്ലാത്ത ഈ ശ്രേഷ്ഠതയാണ് എം എസ് സ്വാമിനാഥനെ യഥാര്‍ത്ഥ പ്രതിഭയാക്കി മാറ്റിയത്. അദ്ദേഹം കേവലം ഒരു ശാസ്ത്രജ്ഞന്‍ മാത്രമല്ല. മാനവികവാദിയാണ്, കണ്‍സര്‍വേഷനിസ്റ്റാണ്, സിസ്റ്റം തിങ്കറാണ്. സമൂഹത്തില്‍ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുകയാണ് സ്വാമിനാഥന്‍ തന്റെ ദൗത്യത്തിലൂടെ ചെയ്തത്. അദ്ദേഹം പണിതത് ഒരു ഇക്കോ സിസ്റ്റമാണ്, അതൊരിക്കലും ഈഗോ സിസ്റ്റമായിരുന്നില്ല.