ഡോക്ടര്‍ ഡയറക്ടര്‍ കെ ജി ജോര്‍ജ്

Analysis

ബാലന്‍ വേങ്ങര (സാഹിത്യകാരന്‍)

വാര്‍ഡ് സിനിമകളുടെ ഇഴച്ചില്‍ രോഗം ശമിപ്പിച്ച ഡോക്ടര്‍ ഡയരക്ടരായിരുന്നു കെ ജി ജോര്‍ജ്. അത്‌വരെ അകന്നു നിന്ന മലയാള പ്രേക്ഷകരെ അദ്ദേഹം ജീവിതഗന്ധിയായ സിനിമകളിലേക്ക് അടുപ്പിച്ചു. വ്യത്യസ്ഥമായ പ്രമേയങ്ങളെ ആവിഷ്‌കരിക്കുന്നതിലെ മികവായിരുന്നു അദേഹത്തിന്‍റെ പ്രത്യേകത. വികാരപരമായ സീനുകള്‍ കൊണ്ടും റിയലിസ്റ്റിക്കായ ആവിഷ്‌കാരം കൊണ്ടും എഡിറ്റിങ്ങിലെ മികവും മലയാള സിനിമക്ക് പുതുഭാവം സമ്മാനിച്ചു. വിസ്മയിപ്പിക്കുന്ന ഈണങ്ങള്‍ കൊണ്ട് എക്കാലത്തും അദ്ദേഹത്തിന്റെ സിനിമകള്‍ സാധാരണക്കാര്‍ വരെ നേഞ്ചേറ്റി.

മേളയും യവനികയും ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബേക്കുമെല്ലാം ആദ്യമായി കണ്ടത് ഫിലിം ക്ലബുകളില്‍ നിന്നാണ്. ബോഡി ഷെയ്മിങ്ങ് ആദ്യമായി കഥാകേന്ദ്രമായ മേളയും ഭരത്‌ഗോപി തബല വിദ്വാനായി അനശ്വരമാക്കിയ ആദ്യ സൈക്കോത്രില്ലറും സിനിമ ലോകത്തെ ഉള്ളറകളുടെ കഥ ആദ്യമായി പറഞ്ഞ ശോഭയുടെ മരണമെല്ലാം അക്കാലത്താണ് കണ്ടത്. അന്നൊന്നും ഈ സിനിമകള്‍ ഒരുക്കിയത് കെ.ജി ജോര്‍ജാണെന്ന് അറിയില്ലായിരുന്നു. ചെറുപ്പത്തില്‍ വേങ്ങരയിലെ ചെറുപ്പക്കാര്‍ ജന്യ എന്ന ഫിലിം സൊസൈറ്റി തുടങ്ങിയിരുന്നു.

മാസത്തിലൊരിക്കല്‍ അവധി ദിവസം അവര്‍ വേങ്ങര വിനോദില്‍ ഓരോ സിനിമ കൊണ്ടുവന്നു കാണിക്കും. അത് നിലച്ചതോടെ പിന്നെ മലപ്പുറത്തെ രശ്മി ഫിലിം സൊസൈറ്റിയില്‍ മെമ്പര്‍ഷിപ്പെടുത്തു. എന്നാല്‍ അക്കാലത്തെ തട്ടുപൊളിപ്പന്‍ സിനിമകളില്‍ നിന്നും പുതുമയും വ്യത്യസ്ഥതയും ഫീല്‍ ചെയ്തത് കലാവര്‍ത്തിയായ ഒരു ചലച്ചിത്ര സൃഷ്ടാവിന്‍റെതെന്ന് ഇന്ന് ഓര്‍മ്മിക്കുന്നു. ഇക്കാലത്തും പുതുമ നഷ്ടപ്പെടാത്ത ഓരോ ഫ്രെയിമുകള്‍ തീര്‍ത്ത, ലോകത്തിനു മുന്നില്‍ വെക്കാവുന്ന മലയാളത്തിന്‍റെ വിസ്മയ ചലച്ചിത്രകാരനായിരുന്നു കെ.ജി.ജോര്‍ജ്.